ലണ്ടന്‍ : കാലിലേക്ക് എല്ലാ കരുത്തും ആവാഹിച്ച് നിലം തൊടാതെ ജമൈക്കന്‍ താരങ്ങള്‍ പറന്നത് വിജയത്തിലേക്ക്. അപൂര്‍വ്വ നിമിഷങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് മെഡല്‍ദാന വേളയില്‍ മൂന്ന് ജമൈക്കന്‍ പതാകകള്‍ ഉയര്‍ന്നു. ചരിത്രത്തിലേക്ക് ഒരു പിടി സുവര്‍ണ്ണ മുഹൂര്‍ത്തങ്ങള്‍ എഴുതിചേര്‍ത്ത്. അവസാനം ബോള്‍ട്ടിന്റെ വക ഒരു ഫോട്ടോ ഫിനിഷും. കായിക ചരിത്രത്തിലെ മനോഹരമായ ചില നിമിഷങ്ങള്‍ കണ്ടിരുന്നവരുടെ മനസ്സില്‍ വിരിയിച്ചത് ആഹ്ലാദത്തിന്റെ പൂത്തിരികള്‍.
ഇന്നലെ നടന്ന 200മീറ്റര്‍ ഫൈനലായിരുന്നു ജമൈക്കന്‍ താരങ്ങളുടെ ആധിപത്യം. വേഗതയുടെ ച്രകവര്‍ത്തി ഉസൈന്‍ ബോള്‍ട്ട് ഒന്നാമത് എത്തിയപ്പോള്‍ ജമൈക്കയുടെ തന്നെ യോഹന്‍ ബ്ലേക്ക് രണ്ടാമതും വാരന്‍ വെയര്‍ മൂന്നാമതും എത്തി. ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ നേടിയ 100 മീറ്റര്‍ , 200 മീറ്റര്‍ സ്വര്‍ണ്ണം നിലനിര്‍ത്തിയെന്നത് കൂടൈതെ 200 മീറ്ററിലെ സ്വര്‍ണ്ണം നിലനിര്‍ത്തുന്ന ആദ്യതാരമെന്ന ബഹുമതിയും ബോള്‍ട്ടിന് സ്വന്തമായി.
100 മീറ്ററിലെ പോലെ 200മീറ്ററിലും ബോള്‍ട്ടിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയത് നാട്ടുകാരനായ യോഹന്‍ ബ്ലേക്ക് തന്നെ. ഒരു അവസരത്തില്‍ ബ്ലേക്ക് ബോള്‍ട്ടിനെ അട്ടിമറിക്കുമോ എന്ന് തോന്നിപ്പിച്ചെങ്കിലും അവസാനത്തെ അന്‍പത് മീറ്ററില്‍ നടത്തിയ കുതിപ്പ് ബോള്‍ട്ടിന്റെ കഴുത്തില്‍ സ്വര്‍ണ്ണപ്പതക്കം അണിയിച്ചു. 19.32 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. ബെയ്ജിങ്ങ് ഒളിമ്പിക്‌സില്‍ കുറി്ച്ച 19.30 ആണ് ബോള്‍ട്ടിന്റെ മികച്ച സമയം. ഈ ഇനത്തിലെ ലോകറെക്കോര്‍ഡ് ആകട്ടെ 19.19 സെക്കന്‍ഡും. ബ്ലേക്ക് ആകട്ടെ 19.44 സെക്കന്‍ഡില്‍ രണ്ടാമനായി ഫിനിഷ് ചെയ്തു. കരിയറിലെ ഏറ്റവും മികച്ച സമയമായ 19.84 സെക്കന്‍ഡോടെയാണ് ജമൈക്കന്‍ താരം തന്നെയായ വാരന്‍ വെയര്‍ വെങ്കല മെഡലിന് അര്‍ഹനായത്.
ഒളിമ്പിക്‌സിന് തൊട്ടുമുന്‍പ് നടന്ന അത്‌ലറ്റിക് മീറ്റുകളില്‍ ബ്ലേക്ക് ബോള്‍ട്ടിനെ രണ്ട് തവണ അട്ടിമറിച്ചിരുന്നു. എന്നാല്‍ ബോള്‍ട്ടിന്റെ മിന്നല്‍ വേഗത്തിന് മുന്നില്‍ രണ്ടാമന്‍ ആകാനായിരുന്നു ബ്ലേക്കിന്റെ യോഗം. ആദ്യത്തെ 100 മീറ്ററനിട് അടുത്ത് വച്ചാണ് ബോള്‍ട്ട് ലീഡ് ചെയ്ത് തുടങ്ങിയത്. പിന്നീട് ഒപ്പത്തിനൊപ്പമെത്തിയ ബ്ലേക്ക് ബോള്‍ട്ടിനെ അട്ടിമറിക്കുമെന്ന് തോന്നിയ ശ്രമത്തിനൊടുവിലാണ് ബോള്‍ട്ട് കുതിപ്പ് തുടങ്ങുന്നത്. ഫൈനല്‍ വര കടക്കുമ്പോള്‍ രണ്ടു പേരും തമ്മില്‍ നിമിഷങ്ങളുടെ വ്യത്യാസം മാത്രം.
മൂവരും ചേര്‍ന്ന വിജയാഘോഷം സ്‌റ്റേഡിയത്തിനൊരു വിരുന്നായിരുന്നു. വിജയാഘോഷത്തിന്റെ ഓരോ നിമിഷവും സ്‌റ്റേഡിയത്തെ ഇളക്കി മറിച്ചു. ഇടയ്ക്ക് സ്വീഡിഷ് ടാബ്ലോയ്ഡായ അഫ്തോണ്‍ബ്ലാദതിന്റെ ഫോട്ടോഗ്രാഫര്‍ ജിമ്മി വ്ക്‌സചറുടെ ക്യാമറ കൈക്കാലാക്കിയ ബോള്‍ട്ട് ബ്ലേക്കിന്റെയും വാറന്‍ വെയറിന്റേയും വിജയാഘോഷങ്ങള്‍ ക്യാമറയ്ക്കുളളിലാക്കി. ചിത്രങ്ങള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും മാധ്യമലോകത്തും വന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ബോള്‍ട്ടിന്റെയും ബ്ലേക്കിന്റെയും പ്രകടനം കാണാന്‍ കാത്തിരുന്ന ജമൈക്കക്കാര്‍ക്ക് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമായിരുന്നു വാരന്‍ വെയറിന്റെ വിജയം. ഇതോടെ ജമൈക്കന്‍ തെരുവുകള്‍ ആഘോഷത്താല്‍ ഇളകി മറിയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല