മുംബൈ: അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവരാജ് സിംഗിനെ ഉള്‍പ്പെടുത്തി. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന ചികിത്സയിലായിരുന്ന യുവി കഴിഞ്ഞ ഒരുമാസമായി ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. രോഗം പൂര്‍ണ്ണമായും മാറിയ ശേഷമാണ് യുവി ടീമിലേക്ക് മടങ്ങിയെത്തുന്നത്. 2011 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു യുവരാജ്. ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദ് സീരീസും യുവിയായിരുന്നു. 2011 നവംബറിലായിരുന്നു യുവി അവസാനം ക്രിക്കറ്റ് കളിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായി അമേരിക്കയിലേക്ക് പോയ യുവി തിരിച്ചുവരുന്നതും കാത്ത് നിരവധി ആരാധകരാണ് പ്രതിക്ഷയോടെ കാത്തിരുന്നത്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വെറ്ററന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിംഗും 15 അംഗ ടീമില്‍ ഇടംനേടി. തമിഴ്നാടിന്റെ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജിയും മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടീമിലെത്തി. ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബൗളിംഗ് ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഞ്ചാമത് സീസണില്‍ മികച്ച പ്രകടനം നടത്തിയ ലെഗ് സ്പിന്നര്‍ പീയുഷ് ചൗളയും ടീമിലുണ്ട്. അഞ്ചു വര്‍ഷം മുന്‍പു ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ജേതാക്കളായിരുന്നു ഇന്ത്യ. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഏഴുവരെയാണു ലോകകപ്പ്.
ന്യൂസിലന്ഡിനെതിരേ ഈമാസം അവസാനം തുടങ്ങുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. ലങ്കന്‍ പര്യടനത്തില്‍ മോശം ഫോമിലായിരുന്ന രോഹിത് ശര്‍മയെ ഒഴിവാക്കി. വെറ്ററന്‍ ബാറ്റ്സ്മാന് വി.വി.എസ്. ലക്ഷ്മണ്, പേസര്‍ ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തി. 23 നു ഹൈദരാബാദിലാണ് ഒന്നാം ടെസ്റ്റ് തുടങ്ങുക. രണ്ടാം ടെസ്റ്റ് 31 ന് ബംഗളുരുവിലും തുടങ്ങും. തുടര്‍ന്നു നടക്കുന്ന രണ്ട് ട്വന്റി20 മത്സരങ്ങളില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമാകും കളിക്കുക.
ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ടീമാണിതെന്നു സെലക്ഷന് കമ്മിറ്റി ചെയര്മാന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. ലങ്കയിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ടീമാണു ട്വന്റി 20 ലോകകപ്പില്‍ കളിക്കുകയെന്നും സെലക്ഷന് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തില്‍ ശ്രീകാന്ത് അവകാശപ്പെട്ടു. യുവരാജ് ശാരീരിക ക്ഷമത തെളിയിച്ചതായി ബോധ്യപ്പെട്ടതിനാലാണു ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. സെലക്ഷന് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ശ്രീകാന്ത് പങ്കെടുക്കുന്ന അവസാന യോഗമായിരുന്നു അത്. കാലാവധി അവസാനിക്കാറായതിനാല്‍ ശ്രീകാന്ത് വൈകാതെ ചെയര്മാന് സ്ഥാനമൊഴിയും.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: എം.എസ്. ധോണി (നായകന്), വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്ന, ആര്. അശ്വിന്, അശോക് ദിന്‍ഡ, മനോജ് തിവാരി, സഹീര്ഖഖാന്, യുവരാജ് സിംഗ്, ഇര്ഫാന് പഠാന്, പിയൂഷ് ചൗള, ഹര്ഭജന് സിംഗ്, എല്‍. ബാലാജി.
ടെസ്റ്റ് ടീം: എം.എസ്. ധോണി (നായകന്), വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വി.വി.എസ്. ലക്ഷ്മണ്, സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, സുരേഷ് റെയ്ന, അജിന്‍ക്യ രഹാനെ, ആര്.അശ്വിന്, സഹീര്‍ ഖാന്, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ, പിയൂഷ് ചൗള, ഇഷാന്ത് ശര്‍മ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല