കണ്ണൂര്‍ : പുല്ലൂരാംപാറയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിനും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ക്കും കാരണം മേഘസ്‌ഫോടനമാണെന്ന് ഭൗമശാസ്ത്രജ്ഞര്‍. മൂന്നുവശവും മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് പുല്ലൂരാംപാറ. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കനത്ത മഴപെയ്തതും ഉരുണ്ടുകൂടിയ മേഘത്തിന് പുറത്തുകടക്കാന്‍ കഴിയാതെ വന്നതുമാണ് മേഘസ്‌ഫോടനത്തിന് ഇടയാക്കിയത്. ഇതേതുടര്‍ന്ന് മേഘം മണ്ണിലേക്ക് ഇറങ്ങിയിരിക്കാമെന്നും ഇത് ഉരുള്‍പൊട്ടലിന് ഇടയാക്കിയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പ്രതിനിധികള്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിച്ചേക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സീനിയര്‍ ജിയോളജിസ്റ്റ് ഡോ.സജിന്‍കുമാറിന്റെ നേതൃത്വത്തില്‍ രാവിലെ ദുരന്ത സ്ഥലത്ത് പരിശോധന നടത്തിയശേഷമാണ് സംഘം ഈ വിലയിരുത്തല്‍ നടത്തിയത്.
ദുരന്തത്തെ കുറിച്ച തദ്ദേശവാസികള്‍ നല്‍കിയ വിവരത്തിന്റേയും ഉരുള്‍ പൊട്ടലിന്റെ ആഘാതത്തെകുറിച്ചും ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിലുമാണ് അപൂര്‍വ്വ പ്രതിഭാസമായ മേഘസ്‌ഫോടനമാണ് ഇവിടെ നടന്നതെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. ഉരുണ്ടുകൂടുന്ന കാര്‍മേഘത്തിന് മലയിടുക്കുകളില്‍ നിന്ന് പുറത്ത് കടക്കാന്‍ കഴിയാത്തതാണ് ദുരന്തത്തിന് കാരണമാകുന്നത്. ഇത്തരം പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാലുകയും ഉരുള്‍പൊട്ടുകയും ചെയ്യും. ഉരുള്‍പൊട്ടലിന്റ സമ്മര്‍ദ്ദത്തില്‍ ഭൂമിക്കടിയിലെ വെളളം ഒരു പ്രദേശത്തേക്ക് ഒഴുകിയെത്തി മലവെളള പാച്ചിലും ഉണ്ടാകും.
സംഭവദിവസം ആനക്കാംപൊയില്‍ ചെറുശ്ശേരി മലവാരത്ത് 9.1 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് കണക്കാക്കുന്നത്. പാറക്കെട്ടുകള്‍ നിറഞ്ഞ ഇവിടെ കനത്ത മഴ പെയ്താല്‍ ഉരുള്‍ പൊട്ടാനുളള സാധ്യത ഏറെയാണ്. മൂന്നുഭാഗവും മലകളാല്‍ ചുറ്റപ്പെട്ട ഇവിടെ സംഭവദിവസം ആറ് തവണ ഉരുള്‍പൊട്ടിയിരുന്നു. ശരാശരി 2.5 സെന്റീമീറ്റര്‍ മഴ ഇവിടെ ലഭിച്ചാല്‍ ഉരുള്‍പൊട്ടലുണ്ടാകാം. അതനുസരിച്ച് നോ്ക്കുമ്പോള്‍ ചെറുശ്ശേരി മലവാരത്തുണ്ടായ ഉരുള്‍ പൊട്ടല്‍ അതീവ തീവ്രതയുളളതാണ്. വന്‍ തോതില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ട് കൂടിയിരുന്നതായും ഉരുള്‍ പൊട്ടുന്നതിന് മുന്‍പ് വെടിപൊട്ടുന്നത് പോലുളള ശബ്ദവും സള്‍ഫറിന്റെ ഗന്ധവും ഉണ്ടായതായും സമീപവാസികള്‍ പറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളിലാണ് സാധാരണയായി മേഘസ്‌ഫോടനം ഉണ്ടാവാറുളളത്.
മഴ തുടങ്ങി മിനിട്ടുകള്‍ക്കകം വെളളപ്പൊക്കവും ഉരുള്‍പൊട്ടലും സംഭവിക്കുന്ന പ്രതിഭാസമാണ് ഇത്. ഏതാണ്ട് 15 കിലോമീറ്റര്‍ ഉയരത്തിലാണ് ഇത്തരം മേഘങ്ങള്‍ ഉണ്ടാവുക. സാധാരണയായി ഹിമാലയന്‍ പര്‍വ്വത നിരകളിലും ഉത്തരാഖണ്ഡിലുമാണ് ഇ്ത്തരം മേഘസ്‌ഫോടനങ്ങള്‍ കണ്ടുവരുന്നത്. ഈയിടെ ഉത്താരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ മേഘസ്‌ഫോടനമുണ്ടായി അനവധി ആളുകള്‍ മരിക്കുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. ഗംഗാതീരത്ത് 232 സെന്റീമീറ്റര്‍ മഴ പെയ്ത് 24 മണിക്കൂര്‍ നീണ്ടു നിന്ന മേഘസ്‌ഫോടനമാണ് ഇന്ത്യയില്‍ ഏറ്റവും വലുത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയാണ് ഉരുള്‍പൊട്ടലിനെകുറിച്ച പഠിക്കുന്ന നോഡല്‍ ഏജന്‍സി. ആന്്ക്കാംപൊയിലും പു്ല്ലൂരാന്‍പാറയിലും മഴ തുടരുന്നതിനാല്‍ വീണ്ടും ഉരുള്‍പൊട്ടാനുളള സാധ്യതയുണ്ടെന്നും അതിനാല്‍ ഒഴിപ്പിച്ച കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പില്‍ തന്നെ നിലനിര്‍ത്താനും ഡോ. സജിന്‍കുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ എട്ടുപേരാണ് മരിച്ചത്. ഇരിട്ടിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു കുട്ടിയും മരിച്ചിരുന്നു. 150 കോടി രൂപയോളം നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. ഉരുള്‍പ്പെട്ടലില്‍ ഒഴുകിയെത്തിയ പാറകളും ഫലവൃക്ഷങ്ങളും വീണ പാടെ തകര്‍ന്ന പുല്ലൂരാംപാറ – ആനക്കാംപൊയില്‍ റോഡില്‍ ബുധനാഴ്ച രാവിലെയോടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ഉരുള്‍പൊട്ടലില്‍ 14 വീടുകള്‍ പൂര്‍ണമായും 38 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളിലെ 86 അംഗങ്ങള്‍ മഞ്ഞുവയല്‍ വിമല യു.പി സ്‌കൂളിലും 38 കുടുംബങ്ങളിലെ 130 പേര്‍ ആനക്കാംപൊയില്‍ സെന്റ് മേരീസ് പാരിഷ്ഹാളിലും ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലുമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല