ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ടിവി രാജേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളുന്നതെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഷുക്കൂര്‍ വധക്കേസില്‍ ഏഴുപ്രധാനപ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രനാണ് ജാമ്യഹര്‍ജികള്‍ പരിഗണിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഎസ്എന്‍എല്‍ അക്കൗണ്ട്സ് ഓഫീസര്‍ ആര് എസ് സനല്‍കുമാറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
അറസ്്റ്റിനെ തുടര്‍ന്ന് ഹര്‍ത്താലില്‍ നടന്ന അക്രമ സംഭവങ്ങള്‍ അതിരുകടന്നതായി കോടതി ഇത് വിലയിരുത്തി. നിയമവ്യവസ്ഥയ്ക്ക് എതിരായ വെല്ലുവിളിയാണ്. ഇതിനെ ഒരുതരത്തിലും കോടതിക്ക് അംഗീകരിക്കാന്‍ കഴിയില്ല. വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാന്യം സമൂഹത്തിനുണ്ടായ പൊതുമുതല്‍ നഷ്ടമാണെന്ന് കോടതി കണക്കിലെടുക്കുന്നു. കൊലപാതകക്കേസില്‍ പ്രതിയായ ഒരാള്‍ക്കു വേണ്ടി ഹര്‍ത്താല്‍ നടത്താനുള്ള പാര്‍ട്ടി തീരുമാനത്തെ കോടതി ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചുള്ള ഹര്‍ത്താല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും കോടതി വിലയിരുത്തി.
കേസില്‍ ജയരാജനെ തെറ്റായി പ്രതിചേര്‍ത്തുവെന്ന വാദം അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ കോടതി ദര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന വാദവും തള്ളി.
താലിബാന് മോഡല്‍ കൊലപാതകമാണ് നടന്നതെന്നുള്‍പ്പെടെയുള്ള വാദങ്ങളായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിക്ക് മുന്‍പാകെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് ഉന്നയിച്ചത്. ഇരുവര്‍ക്കുമുള്ള രാഷ്ട്രീയ സ്വാധീനവും പ്രോസിക്യൂഷന് കോടതിയില്‍ ഉന്നയിച്ചിരുന്നു.
203-ാമത്തെയും 204-ാമത്തെയും കേസുകളായിട്ടാണ് രണ്ട് ജാമ്യാപേക്ഷകളും കോടതി പരിഗണിച്ചത്. കേസില്‍ ജയരാജന് അറസ്റ്റിലായതോടെയാണ് ടി.വി. രാജേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
ജയരാജന്റെ ജാമ്യാപേക്ഷ കേസ് വിചാരണ ചെയ്യുന്ന കണ്ണൂര്‍ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ടിവി രാജേഷിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല