മുപ്പതാമത് ലോക കായിക മാമാങ്കത്തിന് ലണ്ടനില്‍ തിരിയണഞ്ഞു; നാലു വര്‍ഷങ്ങള്‍ക്കു ശേഷം റിയോ ഡി ജനീറോയില്‍ കൂടുതല്‍ ഉജ്ജ്വലമായി തെളിയാനായി. ബ്രിട്ടന്റെ ആതിഥേയത്വത്തിന്റെ മധുരം നുണഞ്ഞ് ലോകം പരസ്‌പരം മത്സരിച്ചാഘോഷിച്ച 17 നാളുകള്‍ അവസാനിച്ചപ്പോള്‍ ലണ്ടന്‍ ഒളിംപിക്‌സ് 2012ന് പ്രത്യേകതകള്‍ ഏറെ.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന് ന്യായമായും കാരണം തന്നുകൊണ്ടാണ് ലണ്ടനില്‍ നിന്നും ഇന്ത്യന്‍ ഒളിംപിക്‌സ് സംഘം തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി ആറു മെഡലുകള്‍ നേടിയിരിക്കുകയാണ് ഇത്തവണത്തെ ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നും.
വേഗതകൊണ്ട് ദൂരത്തെയും, ഉയരംകൊണ്ട് ആകാശത്തെയും കീഴടക്കാന്‍ മത്സരിച്ചവരില്‍ ലോകത്തിനു മുന്നില്‍ വിസ്‌മയവും ചരിത്രവും സൃഷ്ടിച്ച് ഇതിഹാസമായ കായികതാരങ്ങളെ സൃഷ്ടിച്ചാണ് പതിവുപോലെ ഇത്തവണയും ഒളിംപിക്‌സിന് തിരശ്ശീല വീണത്.
ജമൈക്കന്‍ തീക്കാറ്റായി ട്രാക്കിലൂടെ മിന്നിമാഞ്ഞ് ഫിനിഷിങ് പോയിന്റിലെത്തിയ ഉസൈന്‍ ബോള്‍ട്ട് വേഗരാജാവ് എന്ന വിശേഷണം സ്വന്തമാക്കി ട്രാക്കിലെ ഇതിഹാസമായി. ബീജിങ് ഒളിംപിക്‌സില്‍ നേടിയ സ്വര്‍ണ മെഡലുകള്‍ റെക്കോര്‍ഡോടെ നിലനിര്‍ത്തി ഹാട്രിക് സ്വര്‍ണ മെഡല്‍ വേട്ടയില്‍ ഡബിള്‍ അടിച്ചു.
ഒളിംപിക്‌സ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന കായികതാരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി അമേരിക്കയുടെ
നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെലിപ്‌സ് ചരിത്രത്തിന്റെ ഭാഗമായി.തിങ്കളാഴ്‌ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30ന് ആരംഭിച്ച ലണ്ടന്‍ ഒളിംപിക്‌സ് 2012ന്റെ സമാപന ചടങ്ങുകള്‍ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു. മുപ്പത്തൊന്നാമത് ഒളിംപിക്‌സിന്റെ അവകാശമുറപ്പിച്ച ബ്രസീലിന്റെ കലാകാരന്‍മാര്‍ പരിപാടികളും സമാപന ചടങ്ങില്‍ ഉണ്ടായിരുന്നു. 204 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദീപം അണഞ്ഞതോടെ ലണ്ടന്‍ ഒളിംപിക്‌സ് 2012ന് ഔദ്യോഗിക സമാപനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല