മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായ വിലാസ്‌റാവു ദേശ്മുഖ് അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വൃക്കകളും തകരാറിലായിരുന്നു.
കരള്‍ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രയില്‍ എത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് മുഖേനയാണ് അറുപത്തേഴുകാരനായ അദ്ദേഹത്തെ ചെന്നൈയില്‍ എത്തിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദ്ദേഹം ചികിത്സ തേടുന്നുണ്ടായിരുന്നു. മുന്‍പ് വിദേശത്ത് പോയി പരിശോധന നടത്തിയിരുന്നെങ്കിലും ആരോഗ്യനില മോശമായ സാഹചര്യത്തില്‍ ദൂരയാത്ര സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ വിലാസ് റാവു
കേന്ദ്രത്തില്‍ ശാസ്ത്രാങ്കേതികവകുപ്പിന്റെ ചുമതല വഹിച്ചു വരികയായിരുന്നു. രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 9 മുതല്‍ സ്വദേശമായ ബാഭല്‍ഗാവില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകുന്നേരം മൂന്നു മണിക്ക് സംസ്‌ക്കരിക്കും. വൈശാലി ദേശ്മുഖാണ് ഭാര്യ. മക്കള്‍: അമിത് ദേശ് മുഖ്, റിതേഷ് ദേശ്മുഖ്, ധീരജ് ദേശ്മുഖ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല