പാകിസ്താനില്‍ നിന്നുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് അഭയം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യക്ക് തുറന്ന മനസ്സാണുള്ളതെന്ന് വ്യക്തമാകുന്നു. തീര്‍ത്ഥയാത്രയ്‌ക്കെന്ന പേരില്‍ ഇന്ത്യയിലെത്തിയ 250ഓളം പേര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവര്‍ ഇന്ത്യന്‍ പൗരത്വം കൊടുക്കുന്നതില്‍ വിരോധമില്ലെന്ന നിലപാടാണ് യുപിഎ സര്‍ക്കാറിനുള്ളത്.
വാഗ അതിര്‍ത്തിയിലൂടെ ഇതുവരെ മൂന്ന് ബാച്ച് തീര്‍ത്ഥാടകരാണ് ഇന്ത്യയിലെത്തിയിട്ടുള്ളത്. ഇവരില്‍ പലരും സ്വത്തെല്ലാം വിറ്റ് ഇന്ത്യയിലേക്ക് പാലായനം ചെയ്യുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ചില പാകിസ്താന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
പാകിസ്താനില്‍ ഹിന്ദുക്കള്‍ക്കെതിരേ നടക്കുന്ന ക്രൂരതകള്‍ ബിജെപി നേതാവ് രാജ്‌നാഥ് സിങ് കഴിഞ്ഞ പാര്‍ലമെന്റില്‍ ഉയര്‍ത്തിയപ്പോള്‍ ഒട്ടുമിക്ക കക്ഷികളും അഭയം നല്‍കുന്നതില്‍ തെറ്റില്ലെന്ന നിലപാടാണ് കൈകൊണ്ടത്.
മനിഷാ കുമാരിയെന്ന പതിനാലുകാരിയെ തട്ടികൊണ്ടുപോയി മതപരിപവര്‍ത്തനം നടത്തി വിവാഹം കഴിപ്പിച്ച വാര്‍ത്ത ഈയിടെ പുറത്തുവന്നിരുന്നു. പാകിസ്താനിലെ ബലൂചിസ്താന്‍, സിന്ധ് പ്രവിശ്യകളിലാണ് ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്കു നേരെ ആക്രമണങ്ങള്‍ നടക്കുന്നത്.
അതേ സമയം കുടിയേറ്റത്തെ അംഗീകരിക്കുന്ന നിലപാടല്ല ഇന്ത്യക്കുള്ളതല്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ യുപിഎ സര്‍ക്കാര്‍ ഇന്ത്യയിലെത്തിയ ആളുകളുടെ കാര്യത്തില്‍ അനുഭാവപൂര്‍വം പെരുമാറാനുളള സാധ്യത കൂടുതലാണ്. അല്ലാത്ത പക്ഷം, ബിജെപി ഇക്കാര്യമുയര്‍ത്തി പ്രക്ഷോഭമുയര്‍ത്താനുള്ള സാധ്യതയുണ്ട്.
പക്ഷേ, ഇത്തരമൊരു നീക്കം നടത്തുന്നതിനു മുമ്പ് പാകിസ്താനുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തും. പുതിയ കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തില്ലെന്ന് ഉറപ്പുവരുത്താനും നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാനും ഇത് അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല