1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2012

ലണ്ടന്‍ : വിര്‍ജിന്‍ ഗ്രൂപ്പ് റെയില്‍വേ ബിസിനസ് ഉപേക്ഷിക്കുന്നതായി സൂചന. ലണ്ടനേയും ഗ്ലാസ്‌ഗോയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന യുകെയിലെ പ്രധാന റെയില്‍പാതയായ വെസ്റ്റ്‌കോസ്റ്റ് മെയിന്‍ലൈനിലൂടെ ട്രയിന്‍ സര്‍വ്വീസ് നടത്താനുളള വിര്‍ജിന്‍ റെയില്‍ ഗ്രൂപ്പിന്റെ പ്രൊപ്പോസല്‍ ഗവണ്‍മെന്റ് തളളിയതിനെ തുടര്‍ന്നാണ് റെയില്‍വേ ബിസിനസ് വിടാന്‍ വിര്‍ജിന്‍ തീരുമാനിച്ചത്. ഈ റൂട്ടില്‍ കൂടി ട്രയിന്‍സര്‍വ്വീസ് നടത്താനുളള പുതുക്കിയ കരാര്‍ സ്‌കോട്ടിഷ് ഗതാഗത കമ്പനിയായ ഫസ്റ്റ്ഗ്രൂപ്പിനാണ് നല്‍കിയിരിക്കുന്നത്. 13 വര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ ആദ്യത്തെ ട്രയിന്‍ സര്‍വ്വീസ് തുടങ്ങുന്നത്. ഇംഗ്ലണ്ടില്‍ നിന്ന് സ്‌കോട്ടലാന്‍ഡിലേക്കായിരുന്നു ഇവരുടെ സര്‍വ്വീസ്.

1997 മുതല്‍ ലണ്ടന്‍ – ഗ്ലാസ്‌ഗോ റൂട്ടില്‍ ട്രയിന്‍സര്‍വ്വീസ് നടത്തിയിരുന്നത് വിര്‍ജിന്‍ റെയില്‍ ആയിരുന്നു. ഉയര്‍ന്ന വേഗതയുളള പെന്‍ഡോലിനോ ട്രയിനുകളാണ് വിര്‍ജിന്‍ കമ്പനി ഇവിടെ സര്‍വ്വീസ് നടത്താന്‍ ഉപയോഗിച്ചിരുന്നത്. വിര്‍ജിന്‍ കമ്പനിയുടെ ഒരേഒരു റെയില്‍ഫ്രാഞ്ചൈസിയും ഇത് മാത്രമായിരുന്നു. കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ വിര്‍ജിന്‍ ഗ്രൂപ്പിനും 49 ശതമാനം പ്രമുഖ ഗതാഗത കമ്പനിയായ സ്റ്റേജ് കോച്ചിനും ആയിരുന്നു.

ഗവണ്‍മെന്റിന്റെ നടപടി തികച്ചും മനുഷ്വത്വ രഹിതമായിപ്പോയെന്ന് വിര്‍ജിന്‍ ഗ്രൂപ്പിന്റെ മേധാവി സര്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ കുറ്റപ്പെടുത്തി. നിലവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഈ റൂട്ടില്‍ വീണ്ടും കരാര്‍ ക്ഷണിച്ചത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം തന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി റെയില്‍സര്‍വ്വീസില്‍ ജോലി എടുത്തുകൊണ്ടിരിക്കുന്ന സ്റ്റാഫിനേയും മറ്റും ജോലിയില്‍ നിന്ന് പിരിച്ചുവിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെസ്റ്റ്‌കോസ്റ്റ് മെയിന്‍ലൈന്‍ കൈമാറാനുളള ഗവണ്‍മെന്റ് തീരുമാനം യുകെ സംബന്ധിച്ചിടത്തോളം ഒരു മുതല്‍കൂട്ട് എന്ന നിലയില്‍ നിന്ന് ബാധ്യതയായി മാറാന്‍ പോവുകയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌കോട്ട്‌ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ഗ്രൂപ്പ് നിലവില്‍ ബ്രിട്ടനിലും നോര്‍ത്ത് അമേരിക്കയിലും ട്രയിന്‍, ബസ് സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. നിലവില്‍ 124,000 സ്റ്റാഫുകളുളള ഇവരുടെ ഫസ്റ്റ് ക്യാപിറ്റല്‍ കണക്ട് റെയില്‍ സര്‍വ്വീസ് സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യത്തെ റെയില്‍സര്‍വ്വീസാണ്. യുകെയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കുന്ന വെസ്റ്റ് കോസ്റ്റ് മെയിന്‍ലൈനിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫസ്റ്റ്ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ടിം ഓ ടൂള്‍ പറഞ്ഞു. പുതിയൊരു കമ്പനിയ്ക്ക് കുറച്ചുകൂടി മികച്ച ആനുകൂല്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് കരാറിനെ കുറിച്ച് പ്രതികരിക്കവേ സഖ്യകക്ഷി ഗവണ്‍മെന്റ് വ്യക്തമാക്കി. യാത്രക്കാര്‍ക്കുളള സൗകര്യങ്ങളും മറ്റു വര്‍ദ്ധിപ്പിക്കുകയും ഈ റൂട്ടില്‍ കൂടി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുകയും ചെയ്യുമെന്ന് റെയില്‍വേ മന്ത്രി തേരേസാ വില്ലേഴ്‌സ് ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍ കൂടിയ തുകയ്ക്ക് കരാര്‍ എടുത്തിരിക്കുന്ന ഫസ്റ്റ്ഗ്രൂപ്പിന് മികച്ച വാഗ്ദാനങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും പതിനാല് വര്‍ഷത്തേക്ക് കൂടിയ നിരക്ക് വര്‍ദ്ധനവ് നല്‍കേണ്ടി വരുന്നതും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന രാജ്യത്തെ കുടൂതല്‍ അപകടത്തിലേക്ക് തളളിവിടുമെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി. ഗവണ്‍മെന്റ് പറയുന്നത് പോലെ ഇവര്‍ ഇളവുകള്‍ നല്‍കിയാല്‍ കമ്പനി നഷ്ടത്തിലേക്ക് പോകുമെന്നും യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.