കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം തുടരുന്നു. മൂന്നു നഴ്സുമാര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ തുടരുകയാണ്. മഴയും വെയിലുമെല്ലാം അവഗണിച്ചാണ് നഴ്സുമാര്‍ ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ തുടരുന്നത്.
അതിനിടെ ആശുപത്രിയിലെ നഴ്സുമാരുടെ സമരം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. രാത്രി രണ്ടുമണി വരെ കാത്തിരുന്നിട്ടും ചര്‍ച്ച നടത്താന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ എത്തിയിരുന്നില്ല. പിന്നീട് ഫോണിലൂടെയാണ് മാനേജ്മെന്റ് തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു. മുഴുവന്‍ ബോണ്ട് സ്റ്റാഫുകളെയും തിരിച്ചെടുക്കാനാവില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. മാനേജ്മെന്റ് നിലപാടില്‍ പ്രതിഷേധിച്ചും നഴ്സ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും വ്യാഴാഴ്ച കോതമംഗലം താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വളങ്ങാട് സ്വദേശി പ്രിയ, കുറുപ്പംപടി സ്വദേശി വിദ്യ, ഉപ്പുകണ്ടം സ്വദേശി അനു എന്നിവരാണ് കെട്ടിടത്തിന് മുകളില്‍ കയറിയത്. വിദ്യാഭ്യാസ വായ്പ എടുത്ത തുക തിരിച്ചടക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് അനുവിന്റെ വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസം നോട്ടീസായിരുന്നു. നിര്‍ധന കുടുംബാംഗമാണ് അനു.
ആത്മഹത്യാഭീഷണി മുഴക്കി ഒരു ദിവസം മുഴുവന്‍ നീണ്ട നഴ്സുമാരുടെ സമരം ആര്‍ഡിഒ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ആദ്യം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് നഴ്സുമാര്‍ വീണ്ടും സമരം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ആശുപത്രിക്കു പുറത്ത് വന്‍ സംഘര്‍ഷമുണ്ടായി. ആശുപത്രിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നാട്ടുകാരെ പൊലീസ് ലാത്തിവീശി ഓടിച്ചു.
ആശുപത്രിയുടെ ഇരുഗേറ്റുകളിലും വന്‍ കല്ലേറുണ്ടായി. ഒട്ടേറെപേര്‍ക്കു സംഘര്‍ഷത്തില്‍ പരുക്കേറ്റു. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടറും പി.രാജീവ് എം.പിയും സ്ഥലത്തെത്തി രാത്രി വൈകി സമരക്കാരുമായി ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ തര്‍ക്കപരിഹാരസമിതി മുഖേനയോ മന്ത്രി നേരിട്ടോ ഇടപെട്ട് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഷേഖ് പരീത് അറിയിച്ചു.
ജീവനക്കാര്‍ക്കെല്ലാം മിനിമം വേതനം നല്‍കുന്നുണ്ടെന്നും ഇപ്പോള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ആശുപത്രി മാനേജ്മെന്റ് പറയുന്നത്. തൊഴില്‍ വകുപ്പ് ഇടപ്പെട്ട് നേരത്തെ പ്രശ്നം പരിഹരിച്ചിരുന്നുവെന്നും പിന്നീട് രണ്ടാമതും സമരം തുടങ്ങുകയായിരുന്നുവെന്നും പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തൊഴില്‍മന്ത്രി ഷിബുബേബി ജോണ്‍ പറഞ്ഞു.
സമരം ഒത്തുത്തീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തൊഴില്‍വകുപ്പ് ഇടപെടേണ്ടെന്ന് യൂണിയന് ഭാരവാഹികള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 115 ദിവസം മുമ്പാണ് മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്സുമാര്‍ സമരം ആരംഭിച്ചത്. സമരംചെയ്യുന്ന നേഴ്സുമാരെ ഭീഷണിപ്പെടുത്താന്‍ ആശുപത്രി സെക്രട്ടറി ശ്രമിയ്ക്കുന്നതായി ഇതിനിടെ പരാതി ഉയര്‍ന്നിരുന്നു. നഴ്സുമാരുടെ കുളിമുറിയില്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ആശുപത്രി സെക്രട്ടറി ഷിബു കുര്യാക്കോസ് ഭീഷണിപ്പെടുത്തിയതായി ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് (ഐഎന്‍എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല