1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2012

ലണ്ടന്‍ : സാനിറ്റേഷന്‍ സൗകര്യമില്ലാത്ത ലോകത്തെ കോടികണക്കിന് വരുന്ന ജനങ്ങള്‍ക്ക് വേണ്ടി വെളളം വേണ്ടാത്ത ടോയ്‌ലറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് ശാസ്ത്രജ്ഞന്‍മാരോട് ആവശ്യപ്പെട്ടു. ഇതിനായി 3.4 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ താന്‍ തയ്യാറാണന്നും അദ്ദേഹം വെളിപ്പെടുത്തി. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയോട് ആണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്. സൂര്യപ്രകാശം കൊണ്ട് പ്രവര്‍ത്തിക്കുന്ന സിസ്റ്റ്ത്തില്‍ വെളളം റീസൈക്കിള്‍ ചെയ്യാനും മനുഷ്യമാലിന്യത്തെ വിഘടിപ്പിച്ച് ശേഖരിച്ച് വയ്ക്കാവുന്ന ഊര്‍ജ്ജമാക്കി മാറ്റുകയും വേണം.

മോശമായ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ കാരണം അഞ്ചുവയസ്സില്‍ താഴെയുളള 1.5 മില്യണ്‍ കുട്ടികള്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ടെന്നാണ് കണക്ക്. ആഫ്രിക്കയിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത്. എന്നാല്‍ നിലവിലെ ടോയ്‌ലറ്റ് സൗകര്യങ്ങള്‍ സ്ഥാപിക്കുന്നത് ഇത്തരം മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് ബില്‍ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി. പ്രത്യേകിച്ചും വെളളത്തിന്റെ ഉപയോഗം കൂടിയ സാഹചര്യത്തില്‍. ഫ്‌ളഷ് ചെയ്യുന്ന ടോയ്‌ലറ്റുകള്‍ സമ്പന്നതയുടെ പ്രതീകമാണ്. ജനസംഖ്യയുടെ നാല്പത് ശതമാനം വരുന്ന ദരിദ്രവിഭാഗത്തിന് ഇത് സ്ഥാപിക്കാനോ ഉപയോഗിക്കാനോ ഉളള ശേഷിയില്ല. അതിനാലാണ് ചെലവുകുറഞ്ഞ ഇത്തരമൊരു സംരംഭത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കി.

ലോകത്തെ എട്ടു യൂണിവേഴ്‌സിറ്റികള്‍ക്കാണ് അദ്ദേഹം ടോയ്‌ലറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുളള ഗ്രാന്‍്‌റ് നല്‍കുന്നത്. ഒരു സെപ്റ്റിക് സിസ്റ്റമോ, വൈദ്യുതിയോ, വെളളമോ വേണ്ടാത്ത തരം ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുന്നതിനാണ് അദ്ദേഹം നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന ഗ്രാന്റ് നല്‍കുന്നത്. ഒപ്പം ഇവ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കാന്‍ പാടില്ല. ദിവസം അഞ്ച് സെന്റിന്റെ പ്രവര്‍ത്തന ചെലവ് മാത്രമേ ഈ ടോയ്‌ലറ്റുകള്‍ക്ക് ഉണ്ടാകാന്‍ പാടുളളൂ തുടങ്ങിയ നിബന്ധനകളും ഉണ്ട്.

യൂണിവേഴ്‌സിറ്റികള്‍ നിര്‍മ്മിച്ച ടോയ്‌ലറ്റുകളുടെ പ്രാഥമിക മാതൃക ഈ ആഴ്ച തന്നെ സംഘടനയുടെ സീറ്റിലിലുളള ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഈ ആഴ്ച സ്ഥാനം പിടിക്കും. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടേത് മനുഷ്യമാലിന്യത്തെ ഒരു ഇലക്ട്രോകെമിക്കല്‍ റിയാക്ടര്‍ ഉപയോഗിച്ച് ഹൈഡ്രന്‍ജന്‍ ഗ്യാസാക്കി മാറ്റുകയാണ് ചെ്യ്യുന്നത്. ഇതില്‍ നിന്ന് ഉണ്ടാകുന്ന ഹൈഡ്രജന്‍ ഗ്യാസ് ബാറ്ററികളില്‍ ശേഖരിച്ച ശേഷം അവ രാത്രിയിലേക്കും സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കാത്ത മഴക്കാലത്തേക്കും ഉപയോഗിക്കാനുളള ഊര്‍ജ്ജമായി ശേഖരിച്ച് വയ്ക്കാം.

മനുഷ്യമാലിന്യത്തെ ബയോളജിക്കല്‍ ചാര്‍ക്കോളും മിനറലുകളും ശുദ്ധമായ വെളളവുമാക്കി മാറ്റുന്ന പദ്ധതിയാണ് ലോഗ്ബര്‍ഗ്ഗ് യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജിന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനും ഒരു ടോയ്‌ലറ്റ് മാതൃക അവതരിപ്പിക്കുന്നുണ്ട്. ലാട്രിനുകളില്‍ വളര്‍ത്തുന്ന പ്രത്യേകതരം ലാര്‍വ്വകള്‍ മനുഷ്യമാലിന്യത്തെ ജന്തുക്കള്‍ക്കുളള ഭക്ഷണമായി രൂപാന്തരപ്പെടുത്തുകയാണ് ചെയ്യുന്നത്. നിലവില്‍ സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണില്‍ ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിലും സമാനമായ പദ്ധതി ആവിഷ്‌കരിക്കാനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ലണ്ടന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

ബില്‍ഗേറ്റ്‌സ് നടത്തുന്ന സന്നദ്ധ സംഘടന ലോകത്തെ ഏറ്റവും വലിയ സ്വകാര്യ സന്നദ്ധ സംഘടനയാണ്. 33 ബില്യണ്‍ ഡോളറില്‍ കൂടുതലാണ് സംഘടനയുടെ ആസ്തി. ഒരു വര്‍ഷം ഏകദേശം 80 മില്യണ്‍ ഡോളറിലധികം സാനിറ്റേഷന്‍, വെളളം, തുടങ്ങിയ കാര്യങ്ങള്‍ക്കായി സംഘടന ചെലവഴിക്കാറുണ്ട്. ബില്‍ ഗേറ്റ്‌സിനൊപ്പം ഭാര്യയും പിതാവുമാണ് സംഘടനയുടെ തലപ്പത്തുളളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.