അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ എലൈറ്റ് പാനലില്‍ അംഗമായ പാക് അമ്പയര്‍ ആസാദ് റൗഫിനെതിരേ ഇന്ത്യന്‍ മോഡലിന്റെ ലൈംഗീക ആരോപണം. മുംബൈയിലെ മോഡലായ ലീന കപൂറാണ് ആസാദിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വിവാഹവാഗ്ദാനം നല്കി ലൈംഗികമായി ഉപയോഗിച്ചതായാണ് പരാതി. ശ്രീലങ്കയില്‍ വെച്ചാണ് റൗഫിനെ പരിചയപ്പെട്ടതെന്നും മൂന്ന് ദിവസത്തോളം ലങ്കയില്‍ ഒരുമിച്ചുണ്ടായിരുന്നതായും ലിന പറയുന്നു. ഇതിനുശേഷം ഇന്ത്യയിലെത്തിയ തനിക്ക് സുഖമില്ലാതെ വന്നപ്പോള്‍ റൗഫ് കാണാനെത്തുകയും വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു.
ഒരു ഫ്ളാറ്റ് എടുത്തു നല്‍കാമെന്നും ഇയാള്‍ പറഞ്ഞിരുന്നതായി മോഡല്‍ വെളിപ്പെടുത്തുന്നു. തനിക്ക് മറ്റൊരു ഭാര്യയും രണ്ട് മക്കളുമുണ്ടെന്നും എന്നാല്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നതിനെ തന്റെ മതം അംഗീകരിക്കുന്നുണ്ടെന്നും വീട്ടുകാരുടെ സമ്മതവും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നതെന്നും ലീന പരാതിയില്‍ ആരോപിയ്ക്കുന്നുണ്ട്.
ഐപിഎല്‍ ടൂര്ണമെന്റിനുള്പ്പെടെ ഇന്ത്യയിലെത്തിയപ്പോള്‍ ഇരുവരും ഒരുമിച്ച് ചെലവഴിച്ചിരുന്നു. എന്നാല്‍ പിന്നീട് പല തവണ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അടുത്തു തന്നെയുണ്ടാകുമെന്ന മറുപടി നല്കി റൗഫ് ഒഴിഞ്ഞുമാറുകയായിരുന്നു. ക്രമേണ ഫോണ്‍ വിളിച്ചാലും എടുക്കാത്ത സ്ഥിതിയായി. ഒടുവില്‍ തിരികെ വിളിച്ച് ഇനി ശല്യം ചെയ്യരുതെന്നും തന്നെ അറിയില്ലെന്നും പറയുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല