കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയുടെ അഞ്ചാംനിലയില്‍ ആത്മഹത്യാഭീഷണി ഉയര്‍ത്തി രണ്ടുദിവസമായി നേഴ്‌സുമാര്‍ നടത്തിയ സമരം വിജയകരമായി ഒത്തുതീര്‍ന്നു. പ്രദേശവാസികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സമരം വ്യാഴാഴ്ച ലേബര്‍ കമീഷണറുടെ നേതൃത്വത്തില്‍ ആറുമണിക്കൂറോളം നീണ്ട ഒത്തുതീര്‍പ്പുചര്‍ച്ചയെ തുടര്‍ന്നാണ് അവസാനിച്ചത്.
ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരം 120 നേഴ്‌സുമാരെയും ജോലിക്കെടുക്കും. മിനിമം വേതനവും സമരദിനങ്ങളിലെ ശമ്പളവും നല്‍കും. സേവനവേതന വ്യവസ്ഥ സംബന്ധിച്ച് 19ന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ നിശ്ചയിച്ച വേതന വ്യവസ്ഥകള്‍ ആശുപത്രി അധികൃതര്‍ ഉറപ്പാക്കാണം, ഇരുവിഭാഗങ്ങളും നല്‍കിയ പരാതികള്‍ നിരുപാധികം പിന്‍വലിയ്ക്കണമെന്ന കാര്യത്തിലും തീരുമാനമായി.
രാത്രി എട്ടോടെ കോതമംഗലത്ത് എത്തിയ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തതോടെയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് കളമൊരുങ്ങിയത്. വിവിധ സംഘടനാ നേതാക്കളും മനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ഏഴു മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചക്കൊടുവിലാണ് വിഎസ് എത്തിയത്.
ബുധനാഴ്ച രാവിലെ ഏഴോടെയാണ് മൂന്ന് നേഴ്‌സുമാര്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ കയറിയിരുന്നത്. ഇവര്‍ക്ക് പിന്തുണയുമായി ജനങ്ങള്‍ എത്തിയതോടെ കോതമംഗലവും പരിസരപ്രദേശവും ജനസമുദ്രമായി. ജനം ഹര്‍ത്താലും പ്രഖ്യാപിച്ചു. തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി.
രാത്രി രണ്ടു മണി വരെ കലക്ടറടക്കമുള്ളവര്‍ കാത്തിരുന്നിട്ടും മാനേജ്‌മെന്റ് പ്രതിനിധികള്‍ ചര്‍ച്ചയ്ക്ക് തയാറാവഞ്ഞത് നാട്ടുകാരെ പ്രകോപിപ്പിച്ചിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് പലതവണ ലാത്തി വീശി.
ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇവിടെ നേഴ്‌സുമാര്‍ 116 ദിവസമായി സമരത്തിലായിരുന്നു. അയിരൂര്‍പാടം സ്വദേശിനി വിദ്യ, കുറുപ്പംപടി സ്വദേശിനി അനു, കവളങ്ങാട് സ്വദേശിനി പ്രിയ എന്നിവരാണ് സ്വാതന്ത്ര്യദിനത്തില്‍ ആത്മഹത്യാഭീഷണിയുമായി ആശുപത്രിയുടെ അഞ്ചാംനിലയിലെ ടെറസില്‍ കയറിയത്. വെള്ളമോ ഭക്ഷണമോ കഴിക്കാതെ കനത്ത മഴയും വെയിലും കൊണ്ട ഇവര്‍ അവശനിലയിലായിരുന്നു. ഇടയ്ക്ക് ഡിഎംഒയുടെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ ശ്രമം നടന്നെങ്കിലും അവര്‍ സമ്മതിച്ചില്ല.
എല്ലാ നേഴ്‌സുമാരെയും സ്ഥിരപ്പെടുത്തുക, മിനിമം വേതനം നല്‍കുക, മൂന്നു ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്റെ (ഐഎന്‍എ) ആഭിമുഖ്യത്തില്‍ സമരം നടത്തുകയായിരുന്നു.
തൊഴില്‍വകുപ്പ് അധികൃതരുടെയും മൂവാറ്റുപുഴ ആര്‍ഡിഒയുടെയും നേതൃത്വത്തില്‍ നിരവധി തവണ ഒത്തുതീര്‍പ്പുചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റിന്റെ പിടിവാശിമൂലം ഒത്തുതീര്‍പ്പുണ്ടായില്ല. ഇതോടെ മറ്റുവഴികളില്ലാതെയാണ് നേഴ്‌സുമാര്‍ ആത്മഹത്യാഭീഷണി മുഴക്കിയത്.സമരം തീര്‍ന്നയുടന്‍ ആത്മഹത്യാഭീഷണി മുഴക്കി അഞ്ചാംനിലയില്‍ നിലയുറപ്പിച്ചിരുന്ന മൂന്ന് നഴ്‌സുമാരെ ബന്ധുക്കളും നാട്ടുകാരും മറ്റ് നഴ്‌സുമാരും പ്രകടനമായി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല