1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ ഷൂട്ടിംഗ്‌ താരം വിജയ്കുമാര്‍, ഗുസ്തി താരം യോഗേശ്വര്‍ ദത്ത്‌ എന്നിവര്‍ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ്ഗാന്ധി ഖേല്‍രത്ന അവാര്‍ഡിനര്‍ഹരായി. മലയാളി സ്ക്വാഷ്‌ താരം ദീപിക പള്ളിക്കല്‍ ഉള്‍പ്പെടെ 25 താരങ്ങളെ അര്‍ജുന അവാര്‍ഡിനും തെരഞ്ഞെടുത്തിട്ടുണ്ട്‌.

കേരളത്തില്‍ നിന്ന്‌ എട്ട്‌ താരങ്ങളെ അര്‍ജുന അവാര്‍ഡിനായി പരിഗണിച്ചിരുന്നെങ്കിലും ദീപിക പള്ളിക്കലാണ്‌ അവാര്‍ഡ്‌ പട്ടികയില്‍ ഇടംപിടിച്ച ഏക മലയാളി താരം. സ്ക്വാഷില്‍ അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രകടനം നടത്തിയതിനുള്ള അംഗീകാരമായാണ്‌ ദീപികക്ക്‌ അര്‍ജുന അവാര്‍ഡ്‌ ലഭിച്ചത്‌. ലണ്ടന്‍ ഒളിമ്പിക്സില്‍ ഷൂട്ടിംഗില്‍ വെള്ളിമെഡല്‍ ജേതാവാണ്‌ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള സൈനികനായ വിജയ്കുമാര്‍. ഒളിമ്പിക്സ്‌ ഗുസ്തിയില്‍ വെങ്കലമെഡല്‍ ജേതാവാണ്‌ ഹരിയാന സ്വദേശിയായ യോഗേശ്വര്‍ ദത്ത്‌. ഇരുവരുടെയും പേരുകള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരം അവസാന നിമിഷമാണ്‌ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്‌. ഖേല്‍ രത്നയ്ക്ക്‌ ക്രിക്കറ്റ്‌ താരം രാഹുല്‍ ദ്രാവിഡിനെയും പരിഗണിച്ചിരുന്നു. സിഡ്നി ഒളിമ്പിക്സ്‌ വെള്ളിമെഡല്‍ ജേതാവ്‌ രാജ്യവര്‍ധന്‍ സിംഗ്‌ റാത്തോഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 15 അംഗ സമിതിയുടെ യോഗമാണ്‌ കായികപുരസ്കാരത്തിന്‌ അര്‍ഹരായവരെ തെരഞ്ഞെടുത്തത്‌. ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട്‌ നടക്കും.

ക്രിക്കറ്റ്‌ താരം യുവരാജ്സിങ്‌, അത്ലറ്റുകളായ സുധാസിങ്‌, കവിതാ റാവത്ത്‌, ബോക്സിംഗ്‌ താരം വികാസ്‌ കൃഷ്ണന്‍, ബാഡ്മിന്റണ്‍ താരങ്ങളായ അശ്വിനി പൊന്നപ്പ, പി. കശ്യപ്‌, അമ്പെയ്ത്ത്‌ താരങ്ങളായ ദീപിക കുമാരി, ബൊംബലാദേവി, ഷൂട്ടര്‍മാരായ ജോയ്ദീപ്‌ കര്‍മാര്‍കര്‍, അന്നുരാജ്‌ സിംഗ്‌, ഓംകാര്‍ സിംഗ്‌, വെയ്റ്റ്‌ ലിഫ്റ്റര്‍ സോണിയാ ചാനു, ഹോക്കി താരം സര്‍ദാര്‍ സിങ്‌, ഗുസ്തിതാരം ഗീത ഫൊഗാട്ട്‌, നര്‍സിങ്‌ യാദവ്‌ തുടങ്ങിവരാണ്‌ അര്‍ജുന പുരസ്കാരത്തിന്‌ അര്‍ഹരായത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.