വടക്കു കിഴക്കന്‍ വംശജരുടെ കൂട്ടപലായനത്തിന് കാരണം പാകിസ്താനില്‍ നിന്ന് രൂപം നല്കിയ വ്യാജ സന്ദേശങ്ങളാണെന്ന ആരോപണത്തിന് തെളിവ് വേണമെന്ന് പാകിസ്താന്. തെളിവ് നല്കിയാല് സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോട് പറഞ്ഞു. ഞായറാഴ്ച ഫോണില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
പാകിസ്താനില്‍ നിന്നുള്ളവര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്ന് മാലികിനോട് ആവശ്യപ്പെട്ടതായും ഷിന്‍ഡെ പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ ആരോപണത്തിന് ഔദ്യോഗികമായ തെളിവ് ലഭിച്ചിട്ടില്ലെന്നും തെളിവ് നല്കിയാല് തീര്‍ച്ചയായും നടപടിയെടുക്കുമെന്നും ഷിന്ഡെയയെ അറിയിച്ചതായി മാലിക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അസമിലെ പ്രശ്നങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് പാകിസ്താന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
അസം കലാപത്തിനു ശേഷം രാജ്യമെമ്പാടുമുള്ള വടക്കു-കിഴക്കന്‍ ജനതയ്ക്കു നേരെ അക്രമമുണ്ടാകുമെന്ന് മൊബൈല്‍-സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍ വഴി സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. പ്രചരണത്തില്‍ ഭയന്ന ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് കൂട്ടപലായനം ചെയ്യാനും തുടങ്ങി.
കഴിഞ്ഞദിവസമാണ് ഈ സന്ദേശങ്ങള്‍ക്കു പിന്നില്‍ പാകിസ്താനാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആര് കെ സിങ്ങ് ആരോപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല