ലണ്ടന്‍ : വന്‍ വിലയുളള ബംഗ്ലാവുകള്‍ വിറ്റ് ഒഴിവാക്കിയ ശേഷം ആ പണം ഉപയോഗിച്ച് നൂറ് കണക്കിന് ചെറിയ വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകളുടെ പദ്ധതി. വീടുകള്‍ക്കായി വെയ്റ്റിങ്ങ് ലിസ്റ്റില്‍ ധാരാളം ആളുകള്‍ ഉള്‍പ്പെട്ടതോടെയാണ് വന്‍കിട വീടുകള്‍ ഒഴിവാക്കി ചെറിയ നിരവധി വീടുകള്‍ വെയ്ക്കാന്‍ കൗണ്‍സിലുകള്‍ തയ്യാറായത്. ഇത് സാമ്പത്തിക മേഖലയ്ക്ക് ഒരു ഉണര്‍വ്വ് സമ്മാനിക്കുമെന്നാണ് കരുതുന്നത്. മില്യണുകള്‍ വില വരുന്ന വീടുകള്‍ വിറ്റഴിക്കാന്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ വ്യക്തമായ പദ്ധതി തയ്യാറാക്കണമെന്നും വിഭവങ്ങളെ ഫലപ്രദമായി ചെലവഴിക്കാന്‍ ശ്രദ്ധ കാണിക്കണമെന്നും ഭവന മന്ത്രി ഗ്രാന്റ് ഷാപ്പ്‌സ് പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ ഇടപെടലുകളാണ് ഇംഗ്ലണ്ടിലെ കൗണ്‍സില്‍ വീടുകളെ കുറിച്ച് പഠനം നടത്താന്‍ തദ്ദേശ അധികാരികളെ പ്രേരിപ്പിച്ചത്. ഇംഗ്ലണ്ടിലെ കൗണ്‍സില്‍ വീടുകളില്‍ താമസിക്കുന്ന അഞ്ചിലൊരു ഭാഗം ആളുകളും അവര്‍ക്ക് ആവശ്യമുളളതിലും വലിപ്പമുളള വീടുകളിലാണ് താമസിക്കുന്നത്. ഇതേ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള വീടുകള്‍ക്ക് ഇത്രയും വിലമതിക്കില്ലെന്നും പഠനത്തില്‍ കണ്ടെത്തി. നിരവധി ആളുകള്‍ വീടുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ ഒരു മില്യണിലധികം വില വരുന്ന കൗണ്‍സില്‍ വീടുകള്‍ ചിലര്‍ക്ക് അനുവദിക്കുന്നത് നിരവധി ആളുകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു.
പോളിസി എക്‌സ്‌ചേഞ്ചിന്റെ കണ്കക് അനിസരിച്ച് സൗത്ത് ഈസ്റ്റില്‍ മാത്രം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുളളതിനേക്കാള്‍ വിലമതിക്കുന്ന 100,000 ലധികം വീടുകള്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുണ്ട്. സ്ഥലത്തിന് വിലക്കൂടുതലുളള മേഖലകളിലെ വീടുകള്‍ വിറ്റഴിച്ചാല്‍ വര്‍ഷം 4.5 ബില്യണ്‍ പൗണ്ട് കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ഇത് ഉപയോഗിച്ച് സ്ഥലത്തിന് വിലക്കുറവുളള മേഖലകളില്‍ നിരവധി വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഇത് മൂലം ബ്രിട്ടന്റെ ഭവനമേഖലയില്‍ ഉണ്ടായിരിക്കുന്ന കുറവ് ഒരു പരിധിവരെ നികത്താനാകുമെന്നാണ് കരുതുന്നത്.
ഈ പദ്ധതി മൂലം പുതുതായി 340,000 നിര്‍മ്മാണ ജോലികള്‍ പുതുതായി ഉണ്ടാകുമെന്നാണ് കരുതുന്നത്. വിലയേറിയ വീടുകള്‍ വില്‍ക്കാന്‍ മന്ത്രിമാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യമുയര്‍ന്നു കഴി്ഞ്ഞു. ഇത് ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്കും ഉണര്‍വ്വ് പകരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സാമൂഹിക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുമെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. ദരിദ്രവിഭാഗങ്ങള്‍ സ്ഥലത്തിന് വിലക്കൂടുതലുളള മേഖലയില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ച് നീക്കപ്പെടുകയും സമ്പന്ന വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലയും ദരിദ്ര വിഭാഗങ്ങള്‍ താമസിക്കുന്ന മേഖലകളും എന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ വേര്‍തിരിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുമെന്നാണ് ഇവരുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല