ലണ്ടന്‍ : പെട്രോള്‍ പമ്പുകളില്‍ ചെന്ന് പണം നല്‍കി ഇന്ധനവും അടിച്ച് മടങ്ങുന്നവരുടെ ശ്രദ്ധക്ക് നിങ്ങള്‍ കൊടുക്കുന്ന പണം എങ്ങനെയൊക്കെ വീതം വെയ്ക്കപ്പെടുന്നുണ്ടെന്ന് അറിയാമോ? ഇല്ലെങ്കില്‍ അറിയണമെന്നാണ് സണ്‍ ദിനപത്രം പറയുന്നത്. ഇന്ധന നികുതി സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനുളള സണ്‍ ദിനപത്രത്തിന്റെ ക്യാമ്പെയ്‌ന് ഇന്നലെ തുടക്കമായി. ഇത് അനുസരിച്ച് സണ്‍ ചുമതലപ്പെടുത്തിയ പെണ്‍കുട്ടികള്‍ രാജ്യത്തെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ നികുതി സംബന്ധിച്ച വിവരങ്ങള്‍ ബോധ്യപ്പെടുത്താനായി ഉണ്ടാകും. രാജ്യത്തെ 5000 പെട്രോള്‍ സ്‌റ്റേഷനുകളിലാണ് സണ്‍ ക്യാമ്പെയ്ന്‍ നടത്തുന്നത്.
ഇന്ധനത്തിനായി നല്‍കുന്ന ഓരോ പൗണ്ടിലും 60 പെന്‍സ് ഗവണ്‍മെന്റിന് നികുതിയായിട്ടാണ് നല്‍കുന്നത്. അതായത് മുപ്പത് പൗണ്ടിന് പെട്രോള്‍ നിറയ്ക്കുന്ന ഒരു വാഹനമുടമ 18 പൗണ്ട് ഗവണ്‍മെന്റിന് നികുതിയായി നല്‍കുകയാണ് ചെയ്യുന്നത്. ബാക്കിയുളള പന്ത്രണ്ട് പൗണ്ടില്‍ ഒരു പൗണ്ട് റീട്ടെയ്‌ലറുടെ കമ്മീഷനും പതിനൊന്ന് പൗണ്ട് ഇന്ധനത്തിന്റെ വിലയുമാണ്.
ഇന്ധന നികുതി കുറയ്ക്കുക വഴി പെട്രോളിന്റെ വിലക്കയറ്റം പിടിച്ച് നിര്‍ത്താനാകുമെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല. ഇത് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് സണ്‍ ദിനപത്രം ക്യാമ്പെയെന്‍ തുടങ്ങിയത്. പെട്രോള്‍ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷനും ക്യാമ്പെയ്‌നോട് സഹകരിക്കുന്നുണ്ട്. അടുത്ത ജനുവരി ഒന്നുമുതല്‍ നികുതിയില്‍ ലിറ്ററിന് നാല് പെന്‍സിന്റെ നികുതി വര്‍ദ്ധനവ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നുണ്ട്. ഈ മാസം മുതല്‍ നികുതി വര്‍ദ്ധനവ് വരുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും പൊതുജനങ്ങളുടെ പ്രതിക്ഷേധം ഭയന്ന് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
വാറ്റ് ഇന്‍ഫേ്‌ളേഷനെ തുടര്‍ന്ന് ഏപ്രിലില്‍ മൂന്ന് പെന്‍സിന്റെ വര്‍ദ്ധനവ് പെട്രോള്‍ വിലയിലുണ്ടായിരുന്നു. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 136. 94 പെന്‍സാണ്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഇന്ധനനികുതി ഈടാക്കുന്ന രാജ്യമാണ് ബ്രിട്ടന്‍. സാമ്പത്തിക മാന്ദ്യം കുടുംബ ബജറ്റുകളെ താളം തെറ്റിക്കുന്ന ഈ സാഹചര്യത്തില്‍ പെട്രോള്‍ വില പിടിച്ച് നിര്‍ത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്ന് ക്യാമ്പെയ്‌ന്റെ ഭാഗമായി സണ്‍ പത്രം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല