1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

ലണ്ടന്‍ : ഭാരമേറിയ നാണയക്കെട്ടുകള്‍ എടുത്തുയര്‍ത്തിയതിനെ തുടര്‍ന്ന് നടുവുളുക്കിയ നാറ്റ് വെസ്റ്റ് ബാങ്കിന്റെ മുന്‍ കാഷ്യര്‍ക്ക് 18.500 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. നാറ്റ് വെസ്റ്റ് ബാങ്കില്‍ കാഷ്യറായിരുന്ന മേരി ഡെല്ലറിനാണ് നഷ്ടപരിഹാരം ലഭിക്കുക. കെന്റിലെ ചെറിടോണ്‍ ബ്രാഞ്ചില്‍ വച്ച് നടന്ന സുരക്ഷാ പരിശീലനത്തിലാണ് ബാങ്ക് അധികൃതര്‍ ഒരു പൗണ്ടിന്റെ അഞ്ഞൂറ് നാണയങ്ങള്‍ അടങ്ങിയ രണ്ട് ബാഗുകള്‍ എടുത്ത് പൊക്കാന്‍ ഡെല്ലറിനോട് ആവശ്യപ്പെടുന്നത്. 21 പൗണ്ട് ഭാരമുളള ബാഗ് എടുത്തതും നടുവുളുക്കുകയായിരുന്നു. തുടര്‍ന്ന് ശക്തിയായ വേദനയും അനുഭവപ്പെട്ടു.

കെന്റിലെ ഫോള്‍ക്ക്‌സ്‌റ്റോണ്‍ സ്വദേശിയായ ഡെല്ലറിന് 2010 സെപ്റ്റംബറിലാണ് അപകടം സംഭവിക്കുന്നത്. എന്നാല്‍ വേദനസംഹാരികള്‍ കഴിച്ച് ഒരാഴ്ചയോളം താന്‍ ജോലി തുടര്‍ന്നതായും ഒരാഴ്ചയ്ക്ക് ശേഷം കടുത്ത വേദനയുമായി താന്‍ ഡോക്ടറെ കാണാന്‍ പോവുകയായിരുന്നുവെന്നും ഡെല്ലര്‍ പറഞ്ഞു. വിദഗ്ദ്ധ പരിശോധനയില്‍ നടുവിലെ രണ്ട് ഡിസ്‌കുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചിരിക്കുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അപകടത്തിന് ശേഷം ജോലി ചെയ്യാന്‍ സാധിക്കാതിരുന്ന ഡെല്ലര്‍ക്ക് നഷ്ടപരിഹാരമായി 18,500 പൗണ്ട് നല്‍കാന്‍ കോടതി കഴിഞ്ഞയാഴ്ച വിധിച്ചു.

സുരക്ഷാ പരിശീലനത്തില്‍ എങ്ങനെ പരുക്കേല്‍ക്കാതെ നാണയക്കെട്ടുകള്‍ ഉയര്‍ത്താം എന്നത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും ഇല്ലായിരുന്നുവെന്ന് ഡെല്ലര്‍ വ്യക്തമാക്കി. കടുത്ത വേദനയും ചികിത്സയും തന്നെ മാനസികമായി തളര്‍ത്തിയതായും ഡെല്ലര്‍ പറഞ്ഞു. ഇര്‍വിന്‍ മിറ്റ്്ച്ചലിലെ വര്‍ക്ക് പ്ലേസ് ആക്‌സിഡന്റ് സ്‌പെഷ്യലിസ്റ്റായ സോഫി ഡേവിസിന്റെ സഹായത്തോടെയാണ് മേരി ഡെല്ലര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ജോലി നഷ്ടപ്പെട്ട കാലയളവ് മുതലുളള ശമ്പളവും ചികിത്സാ ചെലവും അടക്കമാണ് നഷ്ടപരിഹാര തുക നിശ്ചയിച്ചത്. എന്നാല്‍ ഇതൊരു വ്യക്തിഗത കേസായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു നാറ്റ് വെസ്റ്റ് ബാങ്ക് വക്താവിന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.