ലണ്ടന്‍ : ഏറെ കൊട്ടിഘോഷിക്കപ്പെട്ട് പുറത്തിറക്കിയ ഫേസ്ബുക്ക് ഓഹരികളുടെ വില താഴേക്ക്തന്നെ. അടുത്തെങ്ങും ഓഹരി പച്ചപിടിക്കുന്ന ലക്ഷണമില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. കഴിഞ്ഞ മേയില്‍ പുറത്തിറക്കിയ ഫേസ് ബുക്ക് ഓഹരികളുടെ വില മൂന്ന് മാസത്തിനിടയില്‍ പകുതിയായി കുറഞ്ഞു. അതായാത് മേയില്‍ ഫേസ്ബുക്കിന്റെ ഓഹരി വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഇപ്പോള്‍ പകുതിയിലേറെ നഷ്ടം. കഴിഞ്ഞ മേയില്‍ 38 ഡോളര്‍ പ്രാരംഭവിലയുമായാണ് ഫേസ് ബുക്ക് ഓഹരി വിപണിയില്‍ പ്രവേശിക്കുന്നത്. 421 മില്യണ്‍ ഷെയറുകളാണ് അന്നൊരു ദിവസം കൊണ്ട് വിറ്റഴിക്കപ്പെട്ടത്. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം ഫേസ്ബുക്കിന്റെ ഓഹരി വില പത്തൊന്‍പത് ഡോളറായി ഇടിഞ്ഞു.
പിന്നീട് 20.01 ഡോളറില്‍ ക്ലോസ് ചെയ്‌തെങ്കിലും വില ഉയരാന്‍ സാധ്യതയില്ലെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. വലിയ നഷ്ടം ഒഴിവാക്കാനായി പല നിക്ഷേപകരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ പീറ്റര്‍ തേലിനേപോലുളള നിക്ഷേപകര്‍ വ്യാഴാഴ്ചയും വെളളിയാഴ്ചയുമായി തങ്ങളുടെ പക്കലുളള ഫേസ്ബുക്ക് ഓഹരികള്‍ വിറ്റഴിച്ചു. 2004 ലാണ് തേല്‍ ആദ്യമായി ഫേസ്ബുക്കില്‍ നിക്ഷേപിക്കുന്നത്. ഇദ്ദേഹം തന്റെ പക്കലുളള എണ്‍പത് ശതമാനം ഓഹരികളും വിറ്റഴിച്ച് കഴിഞ്ഞതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ വ്യക്തമാക്കി.
തേലിന്റെ പക്കലുളള 20.6 മില്യണ്‍ ഓഹരികളുടെ ശരാശരി വില 19.73 ആണ്. അതിനാല്‍ തന്നെ ഓഹരി വിറ്റവകയില്‍ ചെറിയൊരു ലാഭമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ കമ്പനി തിരികെ കയറിവരും എന്നതിന്റെ ആത്മവിശ്വാസമൊന്നും പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. മേയ് 18ന് പൊതുവിപണിയില്‍ ഫേസ്ബുക്ക് ഓഹരികള്‍ എത്തിയപ്പോള്‍ തന്നെ 16 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഫേസ്ബുക്കിന് കഴിഞ്ഞിരുന്നു. ഉയര്‍ന്ന പ്രാരംഭവിലയാണ് ഫേസ്ബുക്കിന് വില്ലനായതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
തുടര്‍ന്ന് അത്ര മെച്ചമല്ലാത്ത പാദവര്‍ഷ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കമ്പനിയുടെ ഓഹരിവില 20 ഡോളറില്‍ താഴേക്ക് പോയത്. വളര്‍ച്ചാ സാധ്യതയുളള കമ്പനിയാണങ്കിലും കൃത്യമായ ബിസിനസ് പ്ലാന്‍ ഇല്ലാത്തതും മോശം കോര്‍പ്പറേറ്റ് ഭരണവും നിക്ഷേപകരില്‍ മോശം ഇമേജ് സൃഷ്ടിച്ചിരിക്കുന്നതായും നിരീക്ഷകര്‍ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല