1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2012

ലണ്ടന്‍ : ലൈംഗിക ആരോപണ കേസുകളില്‍ വിചാരണയ്ക്കായി വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ സ്വീഡന് കൈമാറാനുളള ബ്രിട്ടീഷ് അധികാരികളുടെ തീരുമാനത്തില്‍ രോഷാകുലരായ ഹാക്കര്‍മാര്‍ യുകെ ഗവണ്‍മെന്റിന്റെ വെബ്ബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റ്, നിയമ മന്ത്രാലയത്തിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ മന്ത്രാലയത്തിന്റേയും വെബ്ബ്‌സെറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കര്‍മാര്‍ ട്വിറ്ററിലൂടെ സൈറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന കോഡുകള്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.

നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ഈ പ്രോഗ്രാമില്‍ ക്ലിക്ക് ചെയ്താല്‍ ഒരു സെക്കന്‍ഡില്‍ 1000ത്തിലധികം സര്‍വ്വീസ് റിക്വസ്റ്റുകളെത്തി സൈറ്റ് തകരാറിലാകും. ഇത്തരത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്ബ്‌സൈറ്റാണ് ആദ്യം തകരാറിലായത്. ഈ സോഫ്റ്റ് വെയര്‍ ആക്രമണം പിന്നീട് ഹാക്കര്‍മാര്‍ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെയോടെ ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരികെ എത്തിയെങ്കിലും നിയമ മന്ത്രാലയത്തിന്റെ സൈറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത് നിയമമന്ത്രാലയത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കാനായി സ്ഥാപിച്ച വെബ്ബ്‌സൈറ്റ് ആണന്നും ഇതില്‍ പ്രധാനപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഇല്ലെന്നും നിയമമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

ചില ആളുകള്‍ക്ക് ഈപ്പോഴും നിയമന്ത്രാലയത്തിന്റെ വെബ്ബ്‌സൈറ്റ് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. പ്രശ്‌നങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുകയാണ. വൈകാതെ സൈറ്റ് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു. ഇന്തോനേഷ്യ, യുഎസ്, ബ്രസീല്‍, ചിലി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ഹാക്കര്‍മാരാണ് സൈറ്റുകള്‍ ഹാക്ക് ചെയ്തിരുക്കുന്നത്. ജൂലിയന്‍ അസാന്‍ജിനെ പിന്തുണയ്്ക്കുന്നവരാണ് ഇത്. രാജ കുടുംബത്തിന്റെ വെബ്ബ് സൈറ്റ് ഹാക്ക് ചെയ്യുന്നതിനുളള കോഡും ഹാക്കര്‍മാര്‍ ട്വിറ്റര്‍ വഴി പ്രസിദ്ധപ്പെടുത്തിയിരുന്നു.

ബ്രിട്ടനും സ്വീഡനും എതിരേ കൂടുതല്‍ സൈബര്‍ അക്രമങ്ങളുണ്ടാകുമെന്ന് അസാന്‍ജിന്റെ അനുയായികള്‍ വ്യക്തമാക്കി. അസാന്‍ജിനെ ബ്രിട്ടന്‍ സ്വീഡന് കൈമാറിയാല്‍ സ്വീഡന്‍ അസാന്‍ജിനെ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. നിലവില്‍ ബ്രിട്ടനിലുളള അസാന്‍ജ് തന്നെ സ്വീഡന് കൈമാറാനുളള തീരുമാനം അറിഞ്ഞ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്. എംബസിയില്‍ നിന്ന് പുറത്തിറങ്ങുന്ന നിമിഷം അസാന്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രട്ടീഷ് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ നിരവധി രഹസ്യരേഖകള്‍ വിക്കിലീക്്‌സ് വഴി പരസ്യപ്പെടുത്തിയതിനെ തുടര്‍ന്ന് അസാന്‍ജിന്റെ ജീവന് ഭീഷണിയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.