കുറ്റകരമായ ഉള്ളടക്കങ്ങള്‍ നിരോധിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ സാമുദായിക സ്പര്‍ധ വളര്‍ത്തുന്നതോ ആയ ഉള്ളടക്കമുള്ള അക്കൗണ്ടുകള്‍ നിരോധിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.
കുറ്റകരമായ ഉള്ളടക്കം അന്വേഷിക്കുന്ന ഏജന്‍സികളുമായി കമ്പനി സഹകരിക്കും. അതേസമയം അസം കലാപത്തെ തുടര്‍ന്ന് സ്പര്‍ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമത്തെ യുഎസ് അപലപിച്ചു.
ഇന്ത്യ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തയ്യാറാവണമെന്ന് യുഎസ് വക്താവ് വിക്ടോറിയ ന്യൂലന്റ് ആവശ്യപ്പെട്ടു. വര്‍ഗ്ഗീയത പരത്തുന്ന സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല