സോണി ജോസഫ്
ലണ്ടന്‍ : രണ്ടാഴ്ച നീണ്ടു നിന്ന ദുരിത കാലത്തിന് ശേഷം റിക്സ് ജോസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി തെളിഞ്ഞു. രണ്ടാഴ്ച മുന്‍പ് യുകെബിഎ അറസ്റ്റ് ചെയ്ത് ഹീത്രൂവിലെ ഡിറ്റെന്‍ഷന്‍ സെന്ററില്‍ തടവിലാക്കിയ മൂവാറ്റുപുഴ സ്വദേശി റിക്സ് ജോസിനെ നിരപരാധിയെന്ന് കണ്ട് യൂകെബിഎ അധികൃതര്‍ വെറുതേവിട്ടു. വിസ കാലാവധി തീരുന്നതിന് മുന്‍പേ അറസ്റ്റിലായ റിക്സിന്റെ കദന കഥ എന്‍ ആര് ഐ മലയാളി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വേംബ്ലി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എആന്‍ഡ് എസ് ട്രയിനിംഗ് കോളേജില്‍ ബിസിനസ് മാനേജ്മെന്റ് പഠനത്തിനായാണ് റിക്സ് യുകെയിലെത്തുന്നത്. എന്നാല്‍ മുന്നറിയിപ്പ് ഇല്ലാതെ കോളേജ് പൂട്ടിയതിനെ തുടര്‍ന്ന് റിക്സ് അടക്കമുളള നിരവധി വിദ്യാര്‍ത്ഥികള്‍ പെരുവഴിയിലായിരുന്നു. മാര്‍ക്ക് റോയല്‍ എന്ന പേരില്‍ പഴയ കോളേജ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് റിക്സ് അടക്കമുളള വിദ്യാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ കോളേജ് അധികൃതര്‍ യുകെബിഎയ്ക്ക് കൈമാറിയത്. പത്ത് ദിവസത്തിനുളളില്‍ റിക്സിനെ നാട് കടത്താനായിരുന്നു യുകെബിഎയുടെ തീരുമാനം.
റിക്സിന്റെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് എല്ലാ സഹായവുമായി മുന്നോട്ട് വന്നത് കേംബ്രിഡ്ജ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിഐഎസ്എഫ് ജിബി എന്ന സംഘടനയായിരുന്നു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രശസ്ത നിയമസഹായ ഏജന്‍സിയെ റിക്സിന്റെ കേസ് നടത്താന്‍ ഏല്‍പ്പിക്കുകയും ചെയ്തു. കേസ് നടത്തിപ്പിനായി യുകെയിലെ നിരവധി മലയാളികള്‍ കൈയ്യയച്ച് സഹായം നല്‍കിയിരുന്നു. ചുരുങ്ങിയ സമയത്തിനുളളില്‍ റിക്സ് നിയമവിധേയമായിട്ടാണ് യുകെയില്‍ താമസിക്കുന്നത് എന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ യുകെബിഎയ്ക്ക് സമര്പ്പിക്കാനായതാണ് പെട്ടന്ന് റിക്സിന്റെ മോചനത്തിന് വഴിതെളിച്ചത്. തെറ്റ് തിരിച്ചറിഞ്ഞതോടെ യുകെബിഎയുടെ ഭാഗത്ത് നിന്ന് അനുഭാവ പൂര്‍ണ്ണമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ഡിഐഎസ്എഫ് ജിബിയുടെ നേതാക്കള്‍ പറഞ്ഞു.
വിദേശത്ത് നിന്നും പഠനത്തിനായി എത്തുന്ന നിരവധി വിദ്യാര്‍ത്ഥികളാണ് തട്ടിപ്പ് സ്ഥാപനങ്ങളുടെ പിടിയിലകപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ യുകെബിഎയുടെ ശ്രദ്ധയില്‍ പെടുത്താന്‍ കൂടി റക്സിന്റെ കേസ് സഹായമായതായി ഡിഐഎസ്എഫ് ജിബിയുടെ പ്രസിഡന്റ് ബൈജു വര്‍ക്കി തിട്ടാല അറിയിച്ചു. യുകെയിലെ വിദ്യാഭ്യാസ തട്ടിപ്പ് സ്ഥാപനങ്ങളുടെ മേല്‍ ഇനിമുതല്‍ യുകെബിഎയുടെ ഒരു കണ്ണുണ്ടായിരിക്കും. യുകെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളടക്കമുളള നിരവധി വിദേശ വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് സഹായം നല്കുന്ന സംഘടനയാണ് ഡിഐഎസ്എഫ് ജിബി. ഡെര്‍ബിയിലെ ടിഡിപി കോളേജ് പൂട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തിലും കേംബ്രിഡ്ജില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്നത്തിലും സജീവമായി ഇടപെട്ട് വിജയം നേടികൊടുത്ത സംഘടനയാണ് ഡിഐഎസ്എഫ് ജിബി. റിക്സിന്റെ വിജയത്തിനായി എല്ലാ വിധ സഹായവും നല്കിയ സുമനസ്സുകള്‍ക്ക് നന്ദി പറയുന്നതായി ഡിഐഎസ്എഫ് ജിബിയുടെ ഭാരവാഹികളായ ബൈജു വര്‍ക്കി തിട്ടാലയില്‍, അനില്‍ ബൂരി, സതീഷ് ശങ്കര ഗൗണ്ടര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഡിറ്റെന്‍ഷന്‍ സെന്ററില്‍ നിന്ന് മോചിതനായ റക്സ് തിരികെ ഹേവാര്‍ഡ് ഹീത്ത്സിലെ തന്റെ താമസ സ്ഥലത്ത് എത്തിച്ചേര്‍ന്നു. തന്റെ മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവരോടും റിക്സ് നന്ദി പ്രകാശിപ്പിച്ചു. ഒപ്പം തന്റെ കാമ്പസിലും ഡിഐഎസ്എഫിന്റെ ഒരു യൂണിറ്റ് സ്ഥാപിക്കുമെന്ന് ഡിഐഎസ്എഫിന്റെ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. അടുത്ത ദിവസങ്ങളിലായി യുകെയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ യുകെബിഎ കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല