നടന് ജഗതി ശ്രീകുമാര്‍ തിരിച്ചു വരവിന്റെ പാതയിലെന്ന് സുഹൃത്തുക്കള്‍. ഒരാഴ്ച മുമ്പ് വെല്ലൂരിലെത്തി ജഗതിയെ സന്ദര്‍ശിച്ച സംഗീത സംവിധായകന് വിദ്യാധരന്, സിനിമാ സംവിധായകന് ബാബു നാരായണന്, ചന്ദ്രന്, സി.എസ്. അജയകുമാര്‍, തുടങ്ങിയവരാണ് നടന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി വെളിപ്പെടുത്തിയത്. എന്നാല്‍ ജഗതിയുടെ ആരോഗ്യനിലയെ പറ്റി അടിസ്ഥാനരഹിതമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് മനുഷ്യത്വത്തിന് നിരക്കാത്തതാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോള്‍ ജഗതി ഫിസിയോ തെറാപ്പി മുറിയിലായിരുന്നു. ക്ഷീണിതനാണെങ്കിലും മുഖത്ത് നല്ല പ്രസരിപ്പുണ്ട്. തങ്ങളെ തിരിച്ചറിയുകയും ചിരിക്കുകയും ചെയ്തു. ഇരിക്കാന്‍ ആഗ്യം കാണിച്ചു. ശബ്ദം പുറത്തു വരുന്നില്ലെങ്കിലും നടന് ചിരിക്കാന്‍ സാധിക്കുന്നുണ്ട്. ഭക്ഷണം കഴിക്കാനും പ്രയാസമില്ല. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ള വ്യായാമങ്ങളെല്ലാം ജഗതിയെ കൊണ്ട് ചെയ്യിക്കുന്നുണ്ട്. നാല്‍പ്പത്തഞ്ച് മിനിറ്റ് വരെയാണ് വ്യായാമം.
ജഗതിയുടെ ആരോഗ്യനിലയിലുണ്ടായിരിക്കുന്ന പുരോഗതി ആശാവഹമാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നടന് വേണ്ടി വടക്കുംനാഥ ക്ഷേത്രത്തില്‍ അഭിഷേകം ചെയ്ത നെയ്യും പ്രസാദവുമായാണ് ഇവര്‍ നടനെ കാണാനെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല