ന്യൂസിലാന്റിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. ഏകദേശം 7 മാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. ഇതിന് മുമ്പ് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇന്ത്യ അവസാന ടെസ്റ്റ് കളിച്ചത്. ഓസ്ട്രേലിയക്കെതിരെ നടന്ന നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ നാലും തോറ്റ് നാണംകെട്ട ഇന്ത്യ സ്വന്തം മണ്ണില്‍ ന്യൂസിലാന്റിനെതിരെ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ലക്ഷ്യമിടുന്നത്. മൂന്ന് ടെസ്റ്റുകളും രണ്ട് ട്വന്റി 20 ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്.
ഇന്ത്യ തങ്ങളുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായ വി.വി.എസ്. ലക്ഷ്മണിന്റെ അഭാവത്തിലാണ് ഇന്ന് ന്യൂസിലാന്റിനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വെരി വെരി സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായ ലക്ഷ്മണ് അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചത്. സ്വന്തം മണ്ണില്‍ അവസാന ടെസ്റ്റ് കളിച്ച് വിരമിക്കാമെന്ന സ്വപ്നമാണ് ലക്ഷ്മണ് വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ സ്വയം വേണ്ടെന്നുവച്ചത്.
ലക്ഷ്മണിന് പകരം തമിഴ്നാടിന്റെ എസ്. ബദരീനാഥാണ് ടീമില്‍ സ്ഥാനം പിടിച്ചത്. നേരത്തെതന്നെ ക്രിക്കറ്റിനോട് ഗുഡ്ബൈ പറഞ്ഞ മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് രാഹുല്‍ ദ്രാവിഡും ലക്ഷ്മണും ഇല്ലാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിതന്നെയാണ്. കാരണം ഇന്ത്യക്ക് അത്രയധികം വിശ്വസിക്കാവുന്ന ടെസ്റ്റ് കളിക്കാരായിരുന്നു ഇരുവരും. ഇവരുടെ അഭാവത്തില്‍ റെയ്നയും ബദരീനാഥും ഉള്‍പ്പെടെയുള്ളവര്‍ ഉജ്ജ്വല പ്രകടനം നടത്തിയാലേ ഇന്ത്യക്ക് രക്ഷയുള്ളൂ. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടക്ക് ദ്രാവിഡോ ലക്ഷ്മണോ ഇല്ലാതെ ഇന്ത്യ ഒരു ടെസ്റ്റുപോലും കളിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല