സര്‍ക്കാര്‍ ആശുപത്രിയില്‍ പിറന്നുവീണ കുഞ്ഞ് ചിരിക്കുകയും തുടര്‍ന്ന് താന്‍ നാലായിരം കുഞ്ഞുങ്ങളെ കൊല്ലുമെന്ന് പ്രവചിക്കുകയും ചെയ്തു എന്ന എസ്എംഎസ് പ്രചരണത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ധര്‍മ്മഗിരി കൃഷ്ണഗിരി ജില്ലകളില്‍ ജനങ്ങള്‍ പരിഭ്രാന്ത്രിയില്‍! കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനായി ഈ ജില്ലകളില്‍ പരിഹാരപൂജകള്‍ നടന്നു വരികയാണ്.
കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കരൈ എന്ന ഇടത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെത്രെ ഈ അത്ഭുതശിശു പിറന്നത്. പിറന്നുവീണയുടന്‍ ശിശു ചുറ്റുമുള്ളവരെ നോക്കി പുഞ്ചിരിച്ചു. തുടര്‍ന്ന് സംസാരിക്കാന്‍ തുടങ്ങി. ‘എനിക്ക് ആയുസ്സ് അധികമില്ല. ഇന്ന് രാവിലെ നാലുമണിക്ക് ഞാന്‍ മരിക്കും. എന്നാല്‍, ആണ്‍കുട്ടികളും പെണ്കുട്ടികളുമടക്കം നാലായിരം കുഞ്ഞുങ്ങളെ കൊന്നതിന് ശേഷമേ ഞാന്‍ മരിക്കൂ’ എന്നാണെത്രെ ചുറ്റും നിന്നവരോട് അത്ഭുതശിശു പറഞ്ഞത്.
ഏതോ വിരുതന്റെ ഭാവനയില്‍ വിരിഞ്ഞ ഇക്കഥ കൃഷ്ണഗിരി, ധര്‍മ്മഗിരി ജില്ലകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കൊടുങ്കാറ്റുപോലെ ഈ എസ്എംഎസ് പ്രചരിക്കാന്‍ തുടങ്ങിയതോടെ, പരിഹാരമാര്‍ഗ്ഗം തേടി മാതാപിതാക്കള്‍ നെട്ടോട്ടമായി. ജില്ലകളിലെ പൂജാരിമാര്‍ക്കും മന്ത്രവാദികള്‍ക്കും കാലം തെളിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ.
ജില്ലകളിലെ, കുഞ്ഞുങ്ങളുള്ള മിക്ക വീടുകളിലും നാളികേരത്തില്‍ മഞ്ഞളും കുങ്കുമവും തേച്ച്, കര്‍പ്പൂരം കത്തിച്ച് കുട്ടിയെ ഉഴിഞ്ഞ് തെരുവില്‍ എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടന്നു. ടിവിയടക്കമുള്ള വിവിധ മാധ്യമങ്ങള്‍ ഈ എസ്എംഎസ് വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നാട്ടുകാര്‍ക്ക് അല്പമെങ്കിലും ആശ്വാസമായത്.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളും എസ്എംഎസും വരുത്തിവയ്ക്കുന്ന വിന ചെറുതല്ല. ആസ്സാം കലാപത്തിന്റെ പ്രതികാരമെന്നോണം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന എസ്എംഎസ് പ്രചരണത്തിന്റെ അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
റംസാന്റെ തലേദിവസം, മൈലാഞ്ചി കയ്യിലണിഞ്ഞ സ്ത്രീകള്‍ക്ക് ഗുരുതരമായ അലര്‍ജി രോഗങ്ങള്‍ ഉണ്ടായി എന്ന രീതിയില്‍ എസ്എംഎസ് പ്രചരണം നടന്നിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി മൈലാഞ്ചിയണിഞ്ഞ സ്ത്രീകള്‍ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ഇതിനിടയിലാണ് ശിശുവിന്റെ സംസാരവും പ്രവചനവും എസ്എംഎസ് ആയി പ്രചരിച്ചത്.
ഐടി യുഗത്തിലാണ് നാം ജീവിക്കുന്നതെങ്കിലും അന്ധവിശ്വാസം നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല എന്നുതന്നെയാണ് ഈ വക അസംബന്ധങ്ങള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല