ലണ്ടന്‍ : ഹിന്ദിയും ഇംഗ്ലീഷും ഒരമ്മയുടെ മക്കളാണോ? ആണന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ രണ്ട് ഭാഷകളും തുര്‍ക്കിയില്‍ നിലനിന്നിരുന്ന ഒരു പൊതു ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. എണ്ണായിരം മുതല്‍ ഒന്‍പതിനായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുര്‍ക്കിയില്‍ നിന്നാണ് ഹിന്ദിയും ഇംഗ്ലീഷും അടക്കമുളള ഇന്തോ യൂറോപ്യന്‍ ഭാഷകള്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുളളതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
പടിഞ്ഞാറന്‍ ഏഷ്യയുടെ ഭാഗമായിരുന്ന ആനാടോലിയ എന്ന പ്രദേശമാണ് എല്ലാ ഇന്തോ- യൂറോപ്യന്‍ ഭാഷകളുടേയും ഉത്ഭവസ്ഥലമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇന്നത്തെ തുര്‍ക്കിയുടെ ഭാഗമായിരുന്നു പണ്ടത്തെ അനാടോലിയ. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, പോളിഷ്, പേര്‍ഷ്യന്‍, ഹിന്ദി, പുരാതന ഗ്രീക്ക് ഭാഷ എന്നിവയാണ് ഇന്തോ -യൂറോപ്യന്‍ ഭാഷകളുടെ ഗണത്തില്‍ പെടുന്നത്. ഇതെല്ലാം ഒരു പൊതുവായ ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ് വന്നതാണന്നാണ് കരുതുന്നത്. മിഡില്‍ ഈസ്റ്റില്‍ നിന്ന് കൃഷിയോടൊപ്പമാണ് ഈ ഭാഷകളും പടര്‍ന്നതെന്നാണ് കരുതുന്നത്.
പരിണാമ സിദ്ധാന്തത്തില്‍ നിന്ന് കടമെടുത്ത രീതി ഉപയോഗിച്ചാണ് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റെംകോ ബൗക്കാര്‍ട്ടും സംഘവും ഭാഷകളുടെ ഉത്ഭവം കണ്ടെത്തിയത്. വിവിധ ജീവികളുടെ ഡിഎന്‍എ പരിശോധിച്ച് സാമ്യം കണ്ടെത്തുന്നത് പോലെ ഒരേ കാര്യങ്ങളുടെ വിവിധ ഭാഷകളില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ സാമ്യം പരിശോധിച്ചാണ് ഭാഷകളുടെ ഉറവിടം കണ്ടെത്തിയത്. ഉദാഹരണത്തിന് അമ്മ എന്ന വാക്കിന് ഇംഗ്ലീഷില്‍ മദര്‍, ജര്‍മ്മനില്‍ മട്ടര്‍, സ്പാനിഷില്‍ മാദ്രി, ഹിന്ദിയില്‍ മാ എന്നിങ്ങനെയാണ് ഉപയോഗിക്കുന്നത്. അതായത് ഇത് സാഹചര്യത്താല്‍ സംഭവിച്ചതല്ല. പകരം ഒരു പൊതുവായ വാക്കില്‍ നിന്ന് വിവിധ സംസ്‌കാരങ്ങളിലേക്ക് പരിണമിച്ച് എത്തിയതാണ്. നിലവിലെ തുര്‍ക്കിയാണ് ഈ ഭാഷകളുടെ എല്ലാം ജന്മസ്ഥലമെന്നതിന് നിരവധി കാരണങ്ങളാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. പഠനഫലം ജേര്‍ണല്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല