പ്രശസ്ത ബോളിവുഡ് നടന് എകെ ഹംഗാള്‍ (95) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ അദ്ദേഹത്തെ മുംബൈയിലെ പരേഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുളിമുറിയില്‍ വഴുതി വീണ് തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്നായിരുന്നു ഇത്.
പരിക്കേല്‍ക്കുന്നതിന് മുമ്പ് തന്നെ ഹൃദയ സംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം അവശനിലയിലായിരുന്നു. 1917 ഫെബ്രുവരി ഒന്നിനാണ് ഹംഗാള്‍ ജനിച്ചത്. ഹിന്ദി സിനിമയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി 2006ല്‍ രാജ്യം അദ്ദേഹത്തെ പദ്മ ഭൂഷണ് നല്കി ആദരിച്ചിരുന്നു.
ഇരുന്നൂറോളം സിനിമകളില്‍ അഭിനയിച്ച ഹംഗാളിന്റെ ഏറ്റവും ശ്രദ്ധേയങ്ങളായ ചിത്രങ്ങള്‍ ഷോലെ, നമക് ഹാരം, ഷൗക്കിന്‍, അയന എന്നിവയാണ്. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം അവസാനമായി സിനിമയില്‍ അഭിനയിച്ചത്.
സിനിമാ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ചരിത്രവും അദ്ദേഹത്തിന് ഉണ്ട്. ഫോട്ടോഗ്രാഫറും, ക്യാമറാമാനുമായ വിജയ് ഹംഗാള്‍ ഏക മകന് ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല