ലണ്ടന്‍ : ജിസിഎസ്ഇ പരീക്ഷയില്‍ പതിമൂന്ന് എ സ്റ്റാര്‍ ഗ്രേഡുകളുമായി ഒരു മലയാളി പെണ്‍കൊടിയുടെ വിജയഗാഥ. ലിവര്‍പൂളിലെ ഫസാര്‍ക്കലിയില്‍ താമസിക്കുന്ന റിന്‍ജു ആന്‍ ഫിലിപ്പാണ് ജിസിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടി മലയാളികളുടെ അഭിമാനമായിരിക്കുന്നത്. ഐസിടിയിലും ബിസിനസ്സ് സ്റ്റഡീസിലും ഡിസ്റ്റിങ്ഷനോടെയാണ് റിന്‍ജു പാസ്സായിരിക്കുന്നത്. പരീക്ഷയില്‍ പങ്കെടുക്കുന്ന ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഗ്രേഡാണ് ഇത്.
ഫിലിപ്പ്. കെ. മാമ്മാന്റേയും മരിയ ജോര്‍ജ്ജിന്റേയും മകളായ റിന്‍ജു സെന്റ് ജോണ്‍ ബോസ്കോ ആര്‍ട്സ് കോളേജില്‍ നിന്നാണ് റിന്‍ജു ജിസിഎസ്ഇ പാസ്സായിരിക്കുന്നത്. ജിസിഎസ്ഇയ്ക്ക് ഇംഗ്ലീഷ്, കണക്ക്, കോര്‍ സയന്‍സ്, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, സ്പാനിഷ്, ജിയോഗ്രഫി, ഐസിടി, ബിസിനസ് സ്റ്റഡീസ്, റിലീജിയസ് സ്റ്റഡീസ് എന്നീ വിഷയങ്ങളാണ് പഠിച്ചത്. ജിസിഎസ്ഇയിലെ ഉന്നത വിജയത്തെ തുടര്‍ന്ന് ബ്ലൂകോട്ട് ഗ്രാമര്‍ സ്കൂളില്‍ റിന്‍ജൂ സിക്സ്ത് ഫോം പഠനം ആരംഭിച്ച് കഴിഞ്ഞു. കണക്ക്, ബയോളജി, ഫിസിക്സ്, എക്കണോമിക്സ് എന്നിവയാണ് റിന്‍ജൂ തിരഞ്ഞെടുത്തിരിക്കുന്ന പഠന വിഷയങ്ങള്‍..
പത്തനംതിട്ടയിലെ കടമ്മനിട്ട സ്വദേശിയാണ് റിന്‍ജുവിന്റെ പിതാവ് ഫിലിപ്പ്. കെ. മാമ്മന്‍. മാതാവ് മരിയ പത്തനാപുരം സ്വദേശിയും. എയ്ന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് നഴ്സാണ് മരിയ. ഒരേ ഒരു സഹോദരനായ റെന്നീ ഫിലിപ്പ് മൂന്നാം വര്‍ഷ എയ്റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്.
പഠനത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഈ കൊച്ചുമിടുക്കി മുന്നിലാണ്. എയ്ന്‍ട്രീ ഹോസ്പിറ്റലിലും ഏജ് യുകെ എന്ന സന്നദ്ധ സംഘടനയിലും റിന്‍ജു ജോലി ചെയ്യുന്നുണ്ട്. വൈകല്യമുളള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ദീപം ബാലികാ ഭവന് എന്ന കെയര്‍ഹോമിലെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന ജോലിയും റിന്‍ജൂ സന്തോഷത്തോടെ ചെയ്തുവരുന്നു. എ ലെവല്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിസിന് പഠനത്തിന് പോകാനാണ് റിന്ജുവിന് താല്‍പ്പര്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല