കൊച്ചി: ലോകമെമ്പാടുമുള്ള ആയിരങ്ങള്‍ക്ക് സുവിശേഷസൗഖ്യം പകര്‍ന്ന സുവിശേഷകന് ഡോ. പി.പി. ജോബ് (67) ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ ഡോ. മേരി ജോബ്. മക്കളായ മൈക്കിള്‍ 1999ല്‍ ഡെറാഡൂണിലും ജോണ്‍ 2007ല്‍ ദുബായിലും വാഹനാപകടത്തില്‍ മരിച്ചിരുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ മകന് മൈക്കിളിന്റെ ഓര്‍മയ്ക്ക് കോയമ്പത്തൂരില്‍ സൂലൂരിനടുത്ത് റാവത്തൂര്‍ കൊമ്പത്തോട്ടത്ത് സ്ഥാപിച്ച ‘മൈക്കിള്‍ ജോബ് സെന്ററില്‍ കഴിയുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 71 പെണ്‍കുഞ്ഞുങ്ങളെ ജോബ് നിയമപരമായി ദത്തെടുത്തിരുന്നു.
കുന്നംകുളത്ത് വെറ്ററിനറി ആശുപത്രി ജീവനക്കാരനായിരുന്ന പേരമംഗലം പരേതനായ പൊറിഞ്ചുവിന്റെ നാല് ആണ്മക്കളില് മൂന്നാമനാണ് ജോബ്. അച്ഛന് ലഭിക്കുന്ന തുച്ഛമായ ശമ്പളം കൊണ്ടുമാത്രം കുടുംബം പുലരേണ്ടിയിരുന്നതിനാല് ഒഴിവുസമയങ്ങളില്‍ കപ്പലണ്ടി വിറ്റും മറ്റ് തൊഴിലുകള്‍ ചെയ്തുമായിരുന്നു പഠനം. പത്താം ക്ലാസ് പാസായിക്കഴിഞ്ഞ് മഹാരാഷ്ട്രയില്‍ യൂണിയന് ബിബ്ലിക്കല്‍ സെമിനാരിയില്‍ ബൈബിള്‍ പഠനത്തിനു ചേരാന്‍ കഴിഞ്ഞത് ജീവിതത്തില്‍ വഴിത്തിരിവായി.
തിയോളജിയിലും, ഫിലോസഫിയിലും ഡോക്ടറേറ്റുകള്‍ നേടി. 32 വര്‍ഷമായി ലോകപ്രശസ്ത സുവിശേഷക സംഘമായ ‘വുംബ്രാണ്ട് മിഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഗൈനക്കോളജിസ്റ്റായ ഭാര്യ മേരി ന്യൂഡല്‍ഹി ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടറാണ്. അവര്‍ ചേരിനിവാസികള്‍ക്കായുള്ള വുംബ്രാണ്ട് മിഷന്റെ ക്ഷേമപദ്ധതികള്‍ക്കു നേതൃത്വവും നല്കുന്നു. 129 രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട് ഡോ. ജോബ്. വിത്ത് എ ഡൈനമിക് മാന്‍ ഓഫ് ഗോഡ്, ഫിഫ്ത്ത് ഗോസ്പല്‍, വൈ ഗോഡ് വൈ എന്നിവയാണ് അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല