മലര്‍വാടികൂട്ടം മലയാളസിനിമയ്ക്കു സമ്മാനിച്ച മാളവികയെ പറയുമ്പോള്‍ സീനിയര്‍ മാളവിക എന്നു പറയേണ്ടിവരും. കൊച്ചു മാളവിക നല്ല തിരക്കുള്ള താരമായി വളര്‍ന്നു വരികയാണ്. ഒരു കണ്ഫ്യൂഷന് ഒഴിവാക്കാമല്ലോ.
മലര്‍വാടിക്കുശേഷം മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും മാളവികയ്ക്കു ലഭിച്ചിട്ടില്ല. എന്നാല്‍ ഭാഗ്യം മാളവികയുടെ കൂടെ തന്നെയുണ്ട് എന്നാണ് കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. തമിഴിലും തെലുങ്കിലും നായികയായി അഭിനയിച്ചു കഴിഞ്ഞു മാളവിക. രണ്ടിലും നാടന്‍ പെണ്‍കുട്ടിയുടെ വേഷവും.
കന്നഡയില്‍ നിന്നും പുതിയ ഓഫര്‍ വന്നിരിക്കുന്നത് മലയാളത്തിലെ ഹിറ്റ് ചിത്രമായ തിളക്കത്തിന്റെ റീമേക്കില്‍ കാവ്യാ മാധവന് അഭിനയിച്ച നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലേക്കാണ്. ദിലീപിന്റെ അമ്മിക്കുട്ടിയുടെ വേഷം. നായകന് കന്നഡയിലെ ഹാസ്യതാരം കോമള്‍ ആണ്.
തെന്നിന്ത്യന്‍ സിനിമകളില്‍ അവസരങ്ങള്‍ വന്നു തുടങ്ങിയതോടെ മാളവിക തികച്ചും പ്രൊഫഷണലാവാനും തീരുമാനിച്ചു. ഡയറ്റിംഗും ജിമ്മില്‍ പോക്കും നൃത്തവും എന്തിനേറെ കുതിര സവാരി വരെ പഠിച്ചിരിക്കുന്നു. സാധാരണ ഗതിയില്‍ മലയാളത്തില്‍ ഒന്നുരണ്ടുഹിറ്റുകള് വരുന്നതോടെയാണ് അയല്പക്കങ്ങളില് നിന്നും വിളി വരുന്നത്. മാളവികയുടെ കാര്യത്തില്‍ ഒരു മലര്‍വാടി ആര്‍ട്സ് ക്ളബ്ബിനപ്പുറം ഒന്നും ക്ലച്ചു പിടിച്ചില്ല. തമിഴില്‍ ചെയ്ത അഴകുമകന്‍ ചിത്രീകരണംപൂര്ത്തിയായതേയുള്ളൂ. തെലുങ്കിലെ ദാരി എന്ന ചിത്രമാവട്ടെ ആദ്യ ഷെഡ്യൂള്‍ പിന്നിട്ടതേയുളളൂ. ഇതിനിടയില്‍ കന്നഡത്തില്‍ ഹിറ്റ് പ്രതീക്ഷിക്കാവുന്ന അവസരം ഒത്തു വന്നത് വലിയ ഭാഗ്യം തന്നെയാണ്.
തെലുങ്കിലെ ദാരിയില്‍ ഗൗരി എന്ന കഥാപാത്രം സ്മാര്‍ട്ടായ നാടന്‍ പെണ്‍കുട്ടിയാണ്. ഈ കഥാപാത്രത്തിനു വേണ്ടിയാണ് മാളവിക കുതിരപുറത്തുകയറിയത്. മലയാളത്തില്‍ വിനീതിനൊപ്പംഅഭിനയിച്ച ആട്ടകഥ റിലീസിംഗിനൊരുങ്ങുന്നു. തമിഴ് പോലെയായിരുന്നില്ല തെലുങ്ക് ഭാഷയുടെ സമീപനമെന്നു പറയുന്ന മാളവികയ്ക്ക് കന്നഡയും നല്ല ഭാഷപാഠങ്ങള് സമ്മാനിക്കാന്‍ സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല