കൊച്ചി: പതിനായിരക്കണക്കിനു മലയാളികള്‍ ജോലിചെയ്യുന്ന യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള വിമാനയാത്രാനിരക്കില്‍ വ്യോമയാനകമ്പനികള്‍ ഒരുവര്‍ഷത്തിനിടെ 90 ശതമാനത്തിന്റെ വര്‍ധനയാണ് സൃഷ്ടിച്ചത്. 2011ല്‍ കൊച്ചിയില്‍നിന്ന് യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കുമുള്ള വിമാന നിരക്ക് ഏകദേശം 50,000 രൂപയോളമായിരുന്നു. ഈ വര്‍ഷം അത് 80,000 രൂപയോളമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരൊറ്റവര്ഷംകൊണ്ടാണ് 30000 രൂപയുടെ വര്ധനവന്നത്. ഈ സമയത്തിനുള്ളില്‍ വ്യോമയാനമേഖലയില്‍ വന്ന ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വര്‍ധനയ്ക്ക് ഒരുതരത്തിലുള്ള ന്യായീകരണവുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നു.
പ്രവാസിമലയാളികളുടെ മറ്റൊരു പ്രധാനകേന്ദ്രമായ ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റുകളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. റംസാന്-ഓണം അവധിക്കുശേഷം ഗള്‍ഫിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസികളെ പിഴിയുന്ന പതിവ് ഇത്തവണയും മാറ്റമില്ലാതെ തുടരുകയാണ്. എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികളാണ് ഇതിന്റെ മുന്‍നിരയില്‍. കൊച്ചി-ദുബായ് സര്‍വീസിന് എയര്‍ ഇന്ത്യ 50,900 രൂപയാണ് ഈടാക്കുന്നത്. ജിദ്ദയിലേക്കും റിയാദിലേക്കും 50,800 രൂപ. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കൊച്ചിദുബായ് സര്‍വീസിന് 30,000 രൂപയാണ് നിരക്ക്. മറ്റു കമ്പനികളും നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍വരെ ടിക്കറ്റ് കിട്ടാനില്ലാത്തതും പ്രവാസികളെ ദുരിതത്തിലാക്കി.
നിലവില്‍ കൊച്ചിയില്‍നിന്ന് നേരിട്ട് ഗള്‍ഫിലേക്ക് വിമാനടിക്കറ്റ് കിട്ടാനില്ല. കൊച്ചിയില്‍നിന്ന് ഡല്‍ഹി, മുംബൈ എന്നിവിടങ്ങള്‍വഴിയാണ് ടിക്കറ്റ് ലഭിക്കുന്നത്. ജെറ്റ് എയര്‍വെയ്സാണ് ഇത്തരം സര്‍വീസ് കൂടുതല്‍ നടത്തുന്നത്. ഇതിന് 42,000 രൂപവരെ ഈടാക്കുന്നുണ്ട്. പൈലറ്റുമാരുടെ സമരത്തിനുശേഷം എയര്‍ ഇന്ത്യ സര്‍വീസ് വെട്ടിക്കുറച്ചിരുന്നു. ഇതും നിരക്കുവര്‍ധനയ്ക്ക് കാരണമായി. സെപ്തംബറില്‍ ഹജ്ജ് സീസണ് ആരംഭിക്കുന്നതോടെ ഇനിയും നിരക്ക് ഉയരും. നിരക്കുവര്‍ധന പരമാവധി മുതലെടുക്കാനാണ് കമ്പനികളുടെ ശ്രമമെന്ന് അയാട്ട ഏജന്റ്സ് അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ബിജി ഈപ്പന് ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല