കോട്ടയം:വരാനിരിക്കുന്നത് വ്രതശുദ്ധിയുടെ എട്ടുദിനങ്ങള്‍…. ദൈവമാതാവായ കന്യക മര്‍ത്തമറിയത്തിന്റെ ജനനപെരുന്നാളില്‍ പങ്കെടുക്കാന്‍ സ്വദേശത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന വിശ്വാസിസഹസ്രങ്ങളെ വരവേല്‍ക്കാന്‍ മണര്‍കാട് ഒരുങ്ങിക്കഴിഞ്ഞു. ഉപവാസവും പ്രാര്‍ഥനയും ഒപ്പം ഉത്സവനിറവുമുള്ളതാണ് ഇനിയുള്ള എട്ടു ദിനങ്ങള്‍. മരിയന്‍ തീര്‍ഥാടനകേന്ദ്രമായ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലാണ് എട്ടുനോമ്പാചരണത്തിന്റെ ആരംഭസ്ഥാനമായി കരുതുന്നത്. കന്യകമറിയത്തിന്റെ ഇടക്കെട്ടും (സൂനോറൊ) ഈ പള്ളിയില്‍ പാത്രിയര്‍ക്കീസ് ബാവയാല്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പെരുന്നാളില്‍ പങ്കെടുക്കാന്‍ പാത്രിയര്‍ക്കിസ് ബാവയുടെ പ്രത്യേക പ്രതിനിധി മത്ഥിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത സപ്തംബര്‍ ആറാം തിയ്യതി എത്തും.
ശനിയാഴ്ച വൈകീട്ട് നാലിനാണ് എട്ടുനോമ്പിന് തുടക്കംകുറിച്ച് കൊടിമരം ഉയര്‍ത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ വിശുദ്ധ കുര്‍ബാനയ്ക്ക് വിവിധ മെത്രാപ്പോലീത്തമാര്‍ പ്രധാന കാര്‍മികത്വംവഹിക്കും. അഞ്ചാം തിയ്യതി നടക്കുന്ന പൊതുസമ്മേളനം ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ് തുടങ്ങിയവരും പങ്കെടുക്കും. ഭക്തിനിര്‍ഭരവും ആഘോഷസമന്വിതവുമായ ‘റാസ’ 6ാം തിയ്യതി 12ന് തുടങ്ങും. കനക്യമറിയം ഉണ്ണിയേശുവിനെ വഹിച്ചുനില്‍ക്കുന്ന തിരുസ്വരൂപം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്ന ‘നട’ തുറക്കല്‍ ഏഴാം തിയ്യതി മധ്യാഹ്നപ്രാര്‍ഥനയോടെ നടക്കും. ശ്രേഷ്ഠ കാതോലിക്കാ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ചടങ്ങുകള്‍ക്ക് പ്രധാന കാര്‍മികത്വംവഹിക്കും. എട്ടാം തിയ്യതി മൂന്നിന് നടക്കുന്ന നേര്‍ച്ചവിളമ്പോടെ പെരുന്നാള്‍ സമാപിക്കും. 1301 പറ അരിയുടെ പാച്ചോറാണ് നേര്‍ച്ചവിളമ്പിനായി തയ്യാറാക്കേണ്ടത്.
പെരുന്നാളിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പള്ളിയും പരിസരങ്ങളും ദീപാലംകൃതമായി. വഴികള്‍ തോരണംകൊണ്ട് അലങ്കരിച്ചു. തീര്‍ഥാടകര്‍ക്കായി കെ.എസ്.ആര്‍.ടി.സി.,സ്വകാര്യ ബസ്സുകള്‍ പ്രത്യേക സര്‍വീസുകള്‍ നടത്തും. നോമ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കുള്ള സൗജന്യഭക്ഷണത്തിന്റെ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ശനിയാഴ്ച രാവിലെ 9ന് നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയ്ക്ക് കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വംവഹിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല