ഷിനു പുന്നൂസ്
ബര്‍മിംഗ് ഹാം സെന്റ് സൈമണ്‍സ് ഇടവകയുടെ നേതൃത്വത്തില്‍ കൊവന്‍ട്രിയിലെ മോര്‍ ക്ലിമ്മീസ് നഗറില്‍ നടത്തപ്പെടുന്ന യൂറോപ്പിലെ ക്‌നാനായ സമുദായ വിശ്വാസികളുടെ കൂട്ടായ്മയായ യൂറോപ്യന്‍ ക്‌നാനായ സംഗമം നാലാമത് ആഘോഷങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ വിശ്വാസി സമൂഹത്തിന് ആവേശവും അഭിമാനവും പകര്‍ന്നുകൊണ്ട് ലോകത്തെമ്പാടുമുള്ള ക്‌നാനായ യാക്കോബായ അതിഭദ്രാസനത്തിന്റെ വലിയ ഇടയനും ആര്‍ച്ച് ബിഷപ്പുമായ മോര്‍ കുരിയാക്കോസ് സേവേറിയോസ് വലിയ മെത്രാപൊലീത്ത ഏഴുന്നള്ളിവന്ന് അനുഗ്രഹിക്കും.
പുണ്യശ്ലോകനായ മോര്‍ ക്ലിമ്മീസ് തിരുമേനിയുടെ പിന്‍ഗാമിയായി 2004 ജനുവരി 15ന് മെത്രാഭിഷേകം ചെയ്യപ്പെട്ട അഭിവന്ദ്യതിരുമേനി പുരാതനമായ ഇടവഴിക്കല്‍ കുടുംബവും മലങ്കരസഭയിലെ പ്രസിദ്ധ ചരിത്രകാരനായ ഇടവഴിക്കല്‍ ഇഎം ഫിലിപ്പ് തുടങ്ങിയവരുടെ പിന്‍മുറക്കാരനുമാണ്യ വിനയവും, താഴ്മയും, പ്രാര്‍ത്ഥനാ നല്‍വരവും, കൈമുതലായുള്ള തിരുമേനി പ്രാര്‍ത്ഥനയില്‍ അടിസ്ഥാനപ്പെടുത്തി ശാന്തമായി സഭാനൗകയെ നയിച്ചുകൊണ്ടിരിക്കുന്നു. അഭിവന്ദ്യ തിരുമേനി മെത്രാപൊലീത്ത ആയതിനുശേഷം യൂറോപ്പില്‍ പ്രത്യേകിച്ചും യുകെയില്‍ ക്‌നാനായ ഇടവകകള്‍ രൂപീകരിക്കുന്നതിന് വൈദീകര്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുകയും തന്റെ പ്രഥമ ഇടയസന്ദര്‍ശനത്തിലും പിന്നീടും വിവിധ സ്ഥലങ്ങളില്‍ ഇടവകകള്‍പ്രഖ്യാപിക്കുകയും ചെയ്തു.
2010 ലും 2011 ലും നടന്ന ക്നാനായ സംഗമങ്ങളില്‍ പങ്കെടുത്ത അഭിവന്ദ്യ തിരുമേനിയുടെ സാന്നിധ്യം സഭാമക്കള്‍ക്ക് വലിയ ഊര്‍ജം പകര്‍ന്നിരുന്നു.2012 ല്‍ നാലാമത് സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിയെ സ്വീകരിക്കാന്‍
വിശ്വാസികള്‍ ആവേശത്തോടെ കാത്തിരിക്കുന്നു.സെപ്റ്റംബര്‍ 14ന് എത്തിച്ചേരുന്ന തിരുമേനിയെ വൈദികരുടെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതും 15 – ന് രാവിലെ സംഗമവേദിയില്‍ എത്തിച്ചേരുന്ന അഭിവന്ദ്യ തിരുമേനിക്ക് യൂറോപ്യന്‍ മക്കളുടെ ഉജ്വല സ്വീകരണം നല്‍കുന്നതും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് തിരുമേനി കാര്‍മികത്വം വഹിക്കുന്നതുമാണ്.കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പ്രദക്ഷിണത്തില്‍ വിശ്വാസികളെ ആശീര്‍വദിച്ച് അനുഗ്രഹിക്കുന്ന തിരുമേനി തുടര്‍ന്ന് നടക്കുന്ന സംഗമം ഉദ്ഘാടനം ചെയ്യുകയും പ്രഭാഷണം നടത്തുകയും ചെയ്യും.
പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല