ബോളിവുഡ് നടി തബു വീണ്ടും മലയാളത്തിലേയ്ക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. എം പത്മകുമാറിന്റെ ‘ഒറീസ’ എന്ന ചിത്രത്തിലേയ്ക്കാണ് തബുവിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. ഒറീസയിലെ ഒരു ഗ്രാമത്തിലെ സ്കൂള്‍ അധ്യാപികയുടെ വേഷമാണ് നടി ചിത്രത്തില്‍ കൈകാര്യം ചെയ്യുക.
ഒറീസയിലെ ഗ്രാമീണ സുന്ദരിയായ പെണ്‍കുട്ടിയും മലയാളി പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പ്രണയം പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദനാണ് നായകന്. പ്രത്യേക സാഹചര്യത്തില്‍ തന്റെ സെക്യൂരിറ്റി ഗാര്‍ഡായി നിയമിതനാവുന്ന മലയാളി പൊലീസ് ഉദ്യോഗസ്ഥനോട് പെണ്‍കുട്ടിയ്ക്ക് പ്രണയം തോന്നുന്നു.
ഗ്രാമത്തില്‍ നടക്കുന്ന അക്രമത്തിനും അനീതിയ്ക്കുമെതിരെ പോരാടുന്നവളാണ് പെണ്‍കുട്ടി. ഇതിന് അവള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത് സ്കൂള്‍ ടീച്ചറാണ്. പൊലീസ് ഗാര്‍ഡായി ഉണ്ണി മുകുന്ദനും ടീച്ചറായി തബുവും വേഷമിടുന്ന ചിത്രത്തില്‍ നായികയാക്കാന്‍ പറ്റിയ ഒരു ഒറീസ പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് സംവിധായകന്.
സന്തോഷ് ശിവന് സംവിധാനം ചെയ്ത ഉറുമിയിലാണ് ഇതിന് മുന്‍പ് തബു അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ മാത്രമേ നടി പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ. കാലാപാനി, കവര്‍സ്റ്റോറി എന്നീ മലയാള ചിത്രങ്ങളിലും നടി വേഷമിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല