1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

ലണ്ടന്‍ : മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന നാഷണല്‍ റിട്ടേണ്‍സ് സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന കത്തുകളും പാഴ്‌സലുകളും റോയല്‍ മെയില്‍ വിറ്റ് കാശാക്കുന്നു. ലക്ഷക്കണക്കിന് വില വരുന്ന കത്തുകളും പാഴ്‌സലുകളുമാണ് മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നാഷണല്‍ റിട്ടേണ്‍സ് സെന്ററില്‍ സൂക്ഷിച്ചിട്ടുളളത്. രാജ്യത്താകമാനം ദിവസേന 60,000 സാധനങ്ങള്‍ മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ നാഷണല്‍ റിട്ടേണ്‍സ് സെന്ററിലേക്ക് തിരിച്ചെത്തുന്നുണ്ട്. റോയല്‍ മെയിലിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ഡെലിവറി ചെയ്യാന്‍ സാധിക്കാത്ത സാധനങ്ങള്‍ സൂക്ഷിക്കാനായി നാഷണല്‍ റിട്ടേണ്‍സ് സെന്റര്‍ എന്ന സ്ഥാപനം തുടങ്ങിയത്.

റോയല്‍ മെയില്‍ വഴി അയക്കുന്ന സാധനങ്ങള്‍ ഡെലിവറി ചെയ്യാനാകാതെ വരുമ്പോള്‍ നാഷണല്‍ റിട്ടേണ്‍സ് സെന്ററി്ല്‍ നാല് മാസം വരെ സൂക്ഷിക്കും. എന്നിട്ടും മേല്‍വിലാസക്കാരന്‍ അന്വേഷിച്ച് എത്താതാകുമ്പോള്‍ സറേ ആസ്ഥാനമായുളള ലേല സ്ഥാപനം വഴി ഈ സാധനങ്ങള്‍ ലേലം ചെയ്ത് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇതിലെ എല്ലാ ലാഭവും റോയല്‍ മെയിലിനാണ് ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 21 മില്യണ്‍ കത്തുകളും ബര്‍ത്ത് ഡേ സമ്മാനങ്ങള്‍, ക്രിസ്തുമസ് പ്രസന്റ്‌സ്, ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ആര്‍ട്ട് വര്‍ക്കുകള്‍ തുടങ്ങിയ ലക്ഷക്കണക്കിന് വില വരുന്ന പാഴ്‌സല്‍ സാധനങ്ങളുമാണ് വിറ്റഴിച്ചത്്.

മൊത്തം 900,000 പൗണ്ടാണ് ലേലത്തില്‍ കൂടി ലഭിച്ചത്. അതായത് തൊട്ടുമുന്നിലെ വര്‍ഷത്തേതിനേക്കാള്‍ 25 ശതമാനം അധികം.സ്റ്റാമ്പുകളുടെ വില ഉയര്‍ത്തിയതിന് പിന്നാലെ ഫസ്റ്റ് ക്ലാസ് ലെറ്ററുകള്‍ എത്തിക്കുന്നതില്‍ കാലതാമസവും വരുത്തുന്നതായി റോയല്‍ മെയിലിനെതിരേ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഏപ്രില്‍ അവസാനത്തോടെ ഫസ്റ്റ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 46 മുതല്‍ 60 പെന്‍സിന്റെ വരെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സെക്കന്‍ഡ് ക്ലാസ് സ്റ്റാമ്പുകളുടെ വിലയില്‍ 36 മുതല്‍ 50 പെന്‍സിന്റെ വരെ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്. വിലയില്‍ വര്‍ദ്ധനവ് വരുത്തിയിട്ടും കത്തുകളും പാഴ്‌സലുകളും കൃത്യസമയത്ത് എത്തിക്കുന്നതില്‍ റോയല്‍ മെയില്‍ വീഴ്ച വരുത്തുന്നതായും ഇത് റോയല്‍മെയലിന്റെ വിശ്വാസ്യതയെ ബാധിച്ചതായും കണക്കുകള്‍ വ്യക്്തമാക്കുന്നു.

കഴിഞ്ഞ ഏപ്രിലിനും ജൂണിനും ഇടയ്ക്ക് 92.9 ശതമാനം കത്തുകള്‍ മാത്രമാണ് പോസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം മേല്‍വിലാസക്കാരന് ലഭിച്ചിട്ടുളളത്. 93 ശതമാനം കത്തുകളും ഇത്തരത്തിലെത്തിക്കുമെന്നായിരുന്നു റോയല്‍ മെയില്‍ മേധാവിയുടെ ഉറപ്പ്. ദിവസേന 4.5 മില്യണ്‍ ഫസ്റ്റ് ക്ലാസ് മെയിലുകളാണ് റോയല്‍ മെയില്‍ കൈകാര്യം ചെയ്യുന്നത്. അതായത് ദിവസേന 300,000 ലധികം കത്തുകളും പാഴ്‌സലുകളും മേല്‍വിലാസക്കാരന്റെ പക്കലെത്തുന്നത് നിശ്ചയിച്ചതിലും താമസിച്ചാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ഏകദേശം 440,000 പരാതികളാണ് റോയല്‍ മെയിലിന്റെ സേവനത്തെ കുറിച്ച ലഭിച്ചിട്ടുളളത്. തൊട്ടുമുന്നിലെ വര്‍ഷം ഇത് 423,000 ആയിരുന്നു. വീട്ടില്‍ പട്ടിയുണ്ടെന്ന കാരണത്താലോ എത്തിപ്പെടാന്‍ സാധിക്കാത്ത പ്രദേശമാണന്നതിനാലോ ആണ് പല സാധനങ്ങളും ഡെലിവറി ചെയ്യാതെ നാഷണല്‍ റിട്ടേണ്‍ സെന്ററിലേക്ക് അയക്കുന്നത്.

സണ്‍ഡേ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ 2005 മുതല്‍ ഡെലിവറി ചെയ്യാത്ത സാധനങ്ങള്‍ ലേലം ചെയ്ത വകയില്‍ 5.1 മില്യണ്‍ പൗണ്ട് റോയല്‍ മെയിലിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ എന്തൊക്കെ സാധനങ്ങള്‍ ലേലം ചെയ്തു എന്ന ലിസ്്റ്റ് സൂക്ഷിക്കാത്തതിനാല്‍ എന്തൊക്കെ സാധനങ്ങള്‍ വിറ്റു എന്നറിയാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്ന് റോയല്‍ മെയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. റോയല്‍ മെയിലുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച് ലേലത്തില്‍ വില്‍ക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് രഹസ്യമായി സൂക്ഷിക്കണമെന്ന് ലേലം നടത്തുന്ന വെല്ലേഴ്‌സ് ഓക്ഷന്‍ ഹൗസിന്റെ വക്താവ് അറിയിച്ചു. എന്നാലും ഭൂരിഭാഗം വരുന്ന സാധനങ്ങളും 20 പൗണ്ടില്‍ താഴെ വിലവരുന്നവയാണ്. റോയല്‍ മെയിലിലെ 140 ജോലിക്കാരാണ് നാഷണല്‍ റിട്ടേണ്‍സ് സെന്ററില്‍ ജോലി ചെയ്യുന്നത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന ലാഭം ഒരു സ്‌പെഷ്യലിസ്റ്റ് സെന്ററിന്റെ നടത്തിപ്പിനായാണ് ഉപയോഗിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.