തിരുവനന്തപുരം:സംശയരോഗിയായ ഭര്‍ത്താവിന്റെ വേഷപ്പകര്‍ച്ചകളിലൂടെ അഭിനയത്തിന്റെ അനന്തസാധ്യതകള്‍ തേടുകയാണ് മലയാളത്തിന്റെ പ്രീയതാരം മോഹന്‍ലാല്‍. മലയാള സിനിമയെ വിശ്വചക്രവാളത്തിലേക്കുയര്‍ത്തിയ ഷാജി എന്‍.കരുണിന്റെ പുതിയ ചിത്രത്തിലാണ് സംശയരോഗിയായി ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഷാജി എന്‍. കരുണും മോഹന്‍ലാലും ഒന്നിക്കുമ്പോള്‍ വാനപ്രസ്ഥത്തിനും മുകളില്‍ ഒരു ചിത്രമായിരിക്കും ഇനി എല്ലാവരും ആഗ്രഹിക്കുക. കുഞ്ഞുക്കുട്ടന്‍ എന്ന കഥകളി നടന്റെ അസ്ഥിത്വ പ്രശ്‌നമായിരുന്നു വാനപ്രസ്ഥത്തിന്റെ ഇതിവൃത്തം. കുഞ്ഞുക്കുട്ടന്‍ എന്ന കഥകളി നടനെ പ്രണയിച്ച തമ്പുരാട്ടിക്ക് അയാളിലൊരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ കുഞ്ഞിനെ കാണാന്‍ പോലും കുഞ്ഞുക്കുട്ടന്‍ എന്ന മനുഷ്യനെ അനുവദിക്കുന്നില്ല. ദാരിദ്ര്യത്തില്‍ കഴിയുന്ന സ്വന്തം കുടുംബത്തിനും തമ്പുരാട്ടിക്കുമിടയില്‍ കിടന്നു നീറുന്ന കുഞ്ഞുക്കുട്ടന്‍ എന്ന കഥകളി നടനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ആ തീരുമാനം തെറ്റായിരുന്നില്ല. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനായിരുന്നു.
ടി. പത്മനാഭന്റെ കടല്‍ ഷാജി എന്‍ കരുണ്‍ സിനിമയാക്കുന്നു എന്നുകേട്ടപ്പോള്‍ അതിലെ നായകവേഷം തനിക്കു വേണമെന്ന് ആവശ്യപ്പെട്ട് ആദ്യമെത്തിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു. സംഗീതം ഇഷ്ടപ്പെട്ട ഭാര്യയെ ഗുരുവിന്റെ പേരു ചേര്‍ത്ത് സംശയിക്കുന്ന ഭര്‍ത്താവ്, അമ്മ മരിച്ചതിനു ശേഷം മകളോട് എല്ലാം തുറന്നു പറയുന്ന അച്ഛന്‍.
ഒരുപാടു സാധ്യതയുള്ളൊരു വേഷമാണ് ലാലിന് ഇതില്‍ ചെയ്യാനുള്ളത്. ഒഡീസി നര്‍ത്തകി കാദംബരിയാണ് ലാലിന്റെ ഭാര്യയായി അഭിനയിക്കുന്നത്. സംഗീതത്തിലൂടെ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നൊരു യുവതിയുടെ എല്ലാ മോഹവും ഇല്ലാതാക്കുന്നത് സംഗീതം ഇഷ്ടപ്പെടാത്ത അവളുടെ ഭര്‍ത്താവായിരുന്നു. ഭാര്യയോടുള്ള സ്‌നേഹം കൊണ്ടായിരുന്നു അയാള്‍ അതിനെ എതിര്‍ത്തത്. അവള്‍ മരിക്കാന്‍ കിടക്കുന്ന നേരത്തായിരുന്നു താന്‍ ചെയ്ത ക്രൂരത അയാള്‍ക്കു മനസ്‌സിലായത്. ശക്തമായ കഥാപാത്രത്തെ ലഭിക്കാതെ അഭിനയം വെറും കാട്ടിക്കൂട്ടലാകുന്ന കാലത്ത് ലാലിന് തന്റെ കഴിവ് ഏറെ പുറത്തെടുക്കാനുള്ള വേഷമായിരിക്കും ഗാഥയിലെ അച്ഛന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല