ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പാചരണത്തിനു ഭക്തിയുടെ നിറവില്‍ തുടക്കം. ആഘോഷപൂര്‍വമായിരുന്നു കൊടിമരം ഉയര്‍ത്തല്‍. പള്ളി ട്രസ്റ്റി വെള്ളൂര്‍ പൈലിത്താനം ജേക്കബ് തോമസിന്റെ പുരയിടത്തില്‍ നിന്നു ഘോഷയാത്രയായി കൊടിമരം പള്ളിയിലെത്തിച്ചു. ലക്ഷണമൊത്ത കവുങ്ങാണ് കൊടിമരം ഉയര്‍ത്തലിനു തിരഞ്ഞെടുത്തത്. കുരിശുംതൊട്ടികള്‍ ചുറ്റി കരോട്ടെപള്ളിയില്‍ എത്തിയ ശേഷം കൊടിമരഘോഷയാത്ര ദേവാലയത്തിലെത്തി. ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ കൊടിമരം താളത്തിനൊത്ത് ഉയര്‍ത്തിയെറിഞ്ഞും പിടിച്ചുമായിരുന്നു ഘോഷയാത്ര. മാവിലയും ആലിലയും പൂക്കുലകളും കൊടിതോരണങ്ങളും കെട്ടിയശേഷം ഇടവകാംഗങ്ങള്‍ ചേര്‍ന്നു പെരുനാളിനെ വരവേറ്റു കൊടിമരം ഉയര്‍ത്തി. വികാരി റവ.ഇ.ടി.കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത് കാര്‍മികത്വം വഹിച്ചു.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റവ.ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്കോപ്പ, സഹവികാരിമാരായ റവ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ കിഴക്കേടത്ത്, റവ. കുര്യാക്കോസ് എബ്രഹാം കോര്‍ എപ്പിസ്കോപ്പ കറുകയില്‍, ഫാ.കുര്യാക്കോസ് കാലായില്‍, ഫാ.മാത്യൂസ് വടക്കേടത്ത്, ഫാ.ജെ.മാത്യൂസ് മണവത്ത്, ഫാ.എം.എം.തോമസ് മറ്റത്തില്‍, ട്രസ്റ്റിമാരായ ജേക്കബ് തോമസ് പൈലിത്താനം, മാത്യു എബ്രഹാം ചിരവത്തറ, ഗീവര്‍ഗീസ് കുര്യാക്കോസ് ആനിവേലില്‍, സെക്രട്ടറി കെ.ഐ.വര്‍ഗീസ് കിഴക്കേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
അനുഗ്രഹ സുഗന്ധം ചൊരിയുന്ന പള്ളിയിലെ കല്‍ക്കുരിശിനെ വണങ്ങാന്‍ പെരുനാളിന്റെ ആദ്യദിനം മുതല്‍ വന്‍ തീര്‍ഥാടക തിരക്ക്. കല്‍ക്കുരിശില്‍ നിന്നും സുഗന്ധതൈലം ഒഴുകിത്തുടങ്ങിയത് സൂനോറോ പെരുനാളായി ആചരിച്ച കഴിഞ്ഞ ഫെബ്രൂവരി 26നാണ്. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓര്മപ്പെരുനാള് ദിനമായ ജൂണ്‍ 29നും ഉപവാസദിനം ആചരിച്ച ജൂലൈ നാലിനു മധ്യാഹ്നപ്രാര്‍ഥനാസമയത്തും കല്‍ക്കുരിശില്‍ നിന്നു സുഗന്ധ എണ്ണ ഒഴുകിയതായി വിശ്വാസികള്‍ പറയുന്നു. കല്‍ക്കുരിശിനു ചുവട്ടില്‍ തിരി കത്തിച്ചു പ്രാര്‍ഥിക്കുന്നത് പള്ളിയിലെ പ്രധാന വഴിപാടാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല