1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 2, 2012

സോണി ജോസഫ്‌

വര്‍ണ്ണങ്ങളും മേളങ്ങളും മഴയായി പെയ്തിറങ്ങിയ നോര്‍വിച്ച് മലയാളീ അസോസിയേഷന്‍റെ (നാം ) ഓണാഘോഷങ്ങള്‍ ഇന്നലെ അരങ്ങേറി.മാവേലി മന്നന്റെ കേരള സന്ദര്‍ശനത്തെ വരവേല്‍ക്കാന്‍ നോര്‍വിച്ചിലെ കേരള മക്കള്‍ ഒത്തുകൂടിയപ്പോള്‍ ,ഏറ്റവും വലിയ ഓണസന്ദേശം ആയ ഒരുമ യുടെ ആയിരം അലയൊലികള്‍ മുഴങ്ങി.പട്ടു പാവടയണിഞ്ഞ, നക്ഷത്രങ്ങളെ പോലെ തിളക്കമുള്ള കുട്ടികളും ,വര്‍ണ്ണ മഴയായി പെയ്തിറങ്ങുന്ന പലതരം സാരികളിഞ്ഞ സ്ത്രീജനങ്ങളും ,കേരളീയ പൌരുഷത്തിനു പകിട്ടെകുന്ന മുണ്ടും ജുബ്ബയും ധരിച്ച യുവാക്കളും ഒക്കെ കൂടി ഈ ഓണം സവിശേഷമാക്കി.

രാവിലെ കൃത്യം 10 മണിക്ക് തന്നെ പരിപാടികള്‍ ആരംഭിച്ചു.ആഘോഷങ്ങള്‍ നടന്ന ഹെവിറ്റ് സ്കൂള്‍ ഹാള്‍ m അപ്പോഴേക്കും ആളുകളെ കൊണ്ട് നിറഞ്ഞു തുടങ്ങിയിരുന്നു.തങ്ങളെ വിസ്മയിപിക്കുവാന്‍ എത്തുന്ന മാവേലി മന്നനെ കാത്തിരുന്ന കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉത്സാഹ തിമിര്‍പ്പിലാക്കികൊണ്ട് ടോം സാബു വിന്റെ മാവേലി തമ്പുരാന്‍ വരവായതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി.ഹിന്ദ്‌ രത്ന അവാര്‍ഡ്‌ ജേതാവും europe global മലയാളീസിന്റെ പ്രസിഡന്റും ആയ ശ്രീ പോള്‍ ഗോപുരത്തിങ്കല്‍ ഓണാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.വിവിധ കായിക മത്സരങ്ങളില്‍ വിജയികലയവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.ഇത്തവണ gcse പരീക്ഷയില്‍ മികച്ച വിജയം നേടിയ alan antony ,ക്യാഷ് പ്രൈസും ട്രോഫിയും മുഖ്യാതിഥിയില്‍ നിന്നും ഏറ്റു വാങ്ങി.

മറുനാടന്‍ മലയാളികളുടെ ഇടയില്‍ വളരെ പെട്ടന്ന് അന്യം നിന്ന് പോകുന്നു എന്ന് പലരും വിലപിക്കുന്ന ആവേശകരമായ വടം വലി മത്സരം ,തുടര്‍ന്ന് നടന്നപോള്‍ കുട്ടികളും ,യുവജനങ്ങളും ,മധ്യ വയസ്കരും കയ്യും മെയ്യും മറന്നു വലിച്ചു.പുരുഷ വിഭാഗത്തില്‍ അജു & ടീം ,വനിതകളുടെ വിഭാഗത്തില്‍ ഷേര്‍ളി സേവ്യര്‍ &ടീം എന്നിവര്‍ വിജയിച്ചു.മലയാളത്തിന്റെ എല്ലാ രുചി വൈവിധ്യവും നിറഞ്ഞു നിന്ന സമ്പൂര്‍ണ്ണമായ ഓണ സദ്യയില്‍ 350 ഓളം മലയാള മക്കള്‍ ,നാവില്‍ മായാതെ കിടക്കുന്ന ഓണ സമൃദ്ധിയുടെ രുചി ഭേദങ്ങള്‍ ഒരിക്കല്‍ കൂടി നുകര്‍ന്നു.

ഈയവസരത്തിന് മാറ്റ് കൂട്ടാന്‍ ഈസ്റ്റ്‌ അന്ഗ്ലിയിലെ സിറോ മലബാര്‍ ചപ്ലിനായ ഫ.ജോര്‍ജ് മാത്യു വണ്ടാളക്കുന്നേലും ,വെസ്റ്റ് ഏര്‍ലം പള്ളി വികാരി ഫാ.ലോറി ലൌക്കിയും ഉണ്ടായിരുന്നു.പുതുമയും പൈതൃകവും ഒരുപോലെ നിറഞ്ഞു നിന്ന വിവിധയിനം കല പരിപാടികളുടെ ഒരു പൂവിളി യായിരുന്നു പിന്നെടങ്ങോട്ടു കണ്ടത്.പൂവേ പൊലി ….പൂവേ പൊലി പാടുകളും ,തുമ്പികളെ പോലെ വേദി യിലാകെ പാറിപ്പറന്നു നൃത്തമാടിയ കുട്ടികളും ,വില്ലടിച്ചാം പാട്ട് പോലെ ,നമ്മുടെയൊക്കെ മനസിലെവിടെയോ മറഞ്ഞു കിടന്നിരുന്ന ,കലാ രൂപങ്ങള്‍ക്ക്‌ പുതുമയേറിയ പരിഭാഷ്യം നല്‍കി സദസ്സിനെയകെ ഇളക്കി മറിച്ച ശ്രി ഐസക് മാത്യു നീണ്ടൂരിനെ പോലെയുള്ള കലാപ്രതിഭകളും ,ഇനിയുള്ള ഇന്നാട്ടിലെ വാശിയേറിയ കലാ മേളകള്‍ക്കായി നോര്‍വിച്ചിന്റെ അഭിമാന തിലകം പേരാനായി ഒരുങ്ങുന്ന ജറോം ജിബോയിയും ഒക്കെ കൂടി അവതരിപ്പിച്ച ഇനങ്ങള്‍ അങ്ങനെ എളുപ്പത്തില്‍ മനസ്സില്‍ നിന്നെടുത്തു മറവിയിലേക്ക് മാറ്റുവാന്‍ പറ്റുകയില്ല.

ആഘോഷത്തിന്റെ സൌന്ദ്യര്യം ആസ്വദിച്ച് കൊണ്ടും ഗൃഹാതുരതയുടെ തുടിപ്പുകള്‍ മനസ്സിലേറ്റി കൊണ്ടും ഇത്തവണ NAM ഓണാഘോഷങ്ങള്‍ സമാപിക്കുമ്പോള്‍ എല്ലാവര്ക്കും സന്തോഷവും ഐശ്വര്യ പൂര്‍ണവുമായ നല്ല നാളെകള്‍ നാം ഭാരവാഹികള്‍ ആശംസിച്ചു.മനതാരിലെങ്ങും തിരുവോണവും അകതാരിലെങ്ങും നന്മയുമായി എല്ലാവരും വൈകിട്ട് 10 മണിയോടെ പിരിഞ്ഞു…..ഓര്‍മ്മയില്‍ നിലാവ് വീഴ്ത്തുന്ന ഓണസ്മരണകളുമായി …..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.