വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനുളള ലണ്ടന്‍മെറ്റ് യൂണിവേഴ്സിറ്റിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുളള യുകെ ബോര്‍ഡര്‍ ഏജന്‍സിയുടെ നീക്കത്തിനെതിരേ അടിയന്തിരമായി കോടതിയെ സമീപിക്കാന്‍ യൂണിവേഴ്സിറ്റി അധികൃതര്‍ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്കി. യുകെബിഎയുടെ നീക്കത്തിനെതിരേ അടിയന്തിരമായി നിയമനടപടികള്‍ സ്വീകരിക്കുകയും കുട്ടികള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പഠനത്തിനായി തിരികെ പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ ഉറപ്പ് നല്കി. പഠനത്തിനായി വിദേശവിദ്യാര്‍ത്ഥികളെ സ്പോണ്സര് ചെയ്യുന്നതില്‍ ഏറ്റവും കൂടുതല്‍ വിശ്വാസ്യതയുളള സ്ഥാപനമായിരുന്നു ലണ്ടന്‍ മെറ്റ് യൂണിവേഴ്സിറ്റി. കഴിഞ്ഞയാഴ്ച യുകെബിഎ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിലെ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്കും രാജ്യത്ത് തുടരാന്‍ ആവശ്യമായ അനുമതിയില്ലാത്തവരാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യൂണിവേഴ്സിറ്റിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ യുകെബിഎ തീരുമാനിച്ചത്.
ഡിസംബര്‍ ഒന്നിന് മുന്‍പ് പുതിയൊരു കോഴ്സ് കണ്ടെത്തി ചേര്‍ന്നില്ലെങ്കില്‍ യുകെ വിടാന്‍ തയ്യാറായിക്കൊളളണമെന്നാണ് 2600 ഓളം വരുന്ന വിദേശ വിദ്യാര്‍ത്ഥികളോട് യുകെബിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും മലയാളികള്‍ അടക്കം നിരവധി വിദേശ വിദ്യാര്‍ത്ഥികളാണ് ലണ്ടന്‍മെറ്റ് യൂണിവേഴ്സിറ്റിയില്‍ പഠനത്തിനായി എത്തുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുളള വിദ്യാര്‍ത്ഥികളെ റിക്രൂട്ട്ചെയ്യുന്നതിനുളള ലൈസന്‍സാണ് യൂകെബിഎ റദ്ദ് ചെയ്യുന്നത്. ഇത് മൂലം വര്‍ഷം 30 മില്യണിന്റെ നഷ്ടം യൂണിവേഴ്സിറ്റിക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. കൃത്യമായ രേഖകകള്‍ കൈവശമുളള വിദ്യാര്‍ത്ഥികള്‍ക്ക് അറുപത് ദിവസത്തിനുളളില്‍ പുതിയൊരു കോഴ്സ് കണ്ടെത്തി പഠനത്തിനായി ചേരാവുന്നതാണ്. ഈ വിവരം അറിയിച്ചുകൊണ്ട് യുകെബിഎ വിദ്യാര്‍ത്ഥികള്‍ക്ക് കത്ത് അയക്കുന്നതാണ്. എന്നാല്‍ ഒക്ടോബര്‍ ഒന്ന് വരെ യുകെബിഎ കത്തുകളൊന്നും അയക്കാന്‍ സാധ്യതയില്ലെന്നും കത്ത് അയച്ച് അറുപത് ദിവസത്തിനുളളില്‍ പുതിയ കോഴ്സ് കണ്ടെത്തി പഠനത്തിന് ചേരുകയോ രാജ്യം വിടുകയോ ചെയ്താല്‍ മതിയെന്നാണ് യുകെബിഎ അധികൃതര്‍ നല്കുന്ന വിശദീകരണം.
എട്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുകെബിഎ ലണ്ടന്‍മെറ്റ് യൂണിവേഴ്സിറ്റിയുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തായത്. എന്നാല്‍ വിശദമായ കാരണങ്ങള്‍ രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് യൂണിവേഴ്സിറ്റി അധികൃതര്‍ക്ക് കിട്ടിയത്. റിപ്പോര്‍ട്ട് അനുസരിച്ച് യൂണിവേഴ്സിറ്റിയില്‍ പ്രവേശനം നല്‍കിയിരിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇംഗ്ലീഷില്‍ ശരിയായ പ്രാവീണ്യം ഇല്ലാത്തവരും ഒപ്പം ശരിയായ അക്കാഡമിക് നിലവാരം ഇല്ലാത്തവരുമാണ്. പലര്‍ക്കും രാജ്യത്ത് തങ്ങാനാവശ്യമായ രേഖകള്‍ ഇല്ല. യുകെബിഎ പരിഗണിച്ച 101 കേസുകളില്‍ കഴിഞ്ഞ ഡിസംബറിനും മേയ്ക്കും ഇടയില്‍ പഠനം പൂര്‍ത്തിയാക്കിയ 26 വിദ്യാര്‍ത്ഥികള്‍ രാജ്യം വിട്ട് പോയിട്ടുമില്ലന്ന് കണ്ടെത്തിയിരുന്നു. കുടിയേറ്റ നിയമങ്ങളുടേയും വിദ്യാര്‍ത്ഥി വിസ നിയമത്തിന്റേയും നഗ്നമായ ലംഘനം നടത്തിയ യൂണിവേഴ്സിറ്റിയുടെ ലൈസന്‍സ് റദ്ദാക്കാതെ തരമില്ലന്നാണ് ഇമിഗ്രേഷന്‍ മന്ത്രി ഡാമിയന്‍ ഗ്രീന്റെ അഭിപ്രായം.
എന്നാല്‍ എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ലണ്ടന്‍മെറ്റ് യൂണിവേഴ്സിറ്റി വിദേശവിദ്യാര്‍ത്ഥികളെ റിക്രൂട്ട്ചെയ്യുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അറിയിച്ചു. റിക്രൂട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് നിലവാരവും ഒപ്പം അക്കാദമിക് നിലവാരവും പരിശോധിക്കാറുണ്ടെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. മാല്‍കോം ഗില്ലീസ് പറഞ്ഞു. യുകെബിഎയുടെ ഈ നീക്കത്തെ എന്തുവില കൊടു്ത്തും എതിര്‍ക്കുമെന്നും ഈ തീരുമാനം ലോകമെമ്പാടും പേരുകേട്ട ബ്രിട്ടന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേനല്‍ക്കാല അവധി കഴിഞ്ഞ് എംപിമാര്‍ തിരികെ എത്തിയാലുടന്‍ ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗില്ലീസ് വ്യക്തമാക്കി.
യുകെബിഎയുടെ നീക്കം ലണ്ടന്‍മെറ്റ് യൂണിവേഴ്സിറ്റിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതായി ഇസ്ലിംഗ്ടണ്‍ നോര്‍ത്ത് എംപി ചൂണ്ടിക്കാട്ടി. നിലവില്‍ കോഴ്സിന് ചേര്‍ന്നിരിക്കുന്ന വിദ്യാര്‍ത്ഥികളെ പഠനം പൂര്‍ത്തിയാക്കാന്‍ ഗവണ്മെന്റ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുകെബിഎയുടെ പുതിയ നീക്കം യുകെയിലെ എല്ലാ യൂണിവേഴ്സിറ്റികളേയും ആശങ്കിയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കുടിയേറ്റ നിയമങ്ങള്‍ പരസ്യമായി ലംഘിച്ച ലണ്ടന്‍മെറ്റ് യൂണിവേഴ്സിറ്റിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുക അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ലെന്ന് കുടിയേറ്റ കാര്യമന്ത്രി ഡാമിയന്‍ ഗ്രീന്‍ വ്യക്തമാക്കി. യുകെബിഎയുടെ തീരുമാനം ദോഷകരമായി ബാധിക്കുന്ന യഥാര്‍ത്ഥ വിദ്യാര്‍്ത്ഥികളെ സഹായിക്കാനായി ഹയര്‍ എഡ്യൂക്കേഷന്‍ ഫണ്ടിംഗ് കൗണ്‍സില്‍ ഫോര്‍ ഇംഗ്ലണ്ടിന്റേയും യുകെയിലെ യൂണിവേഴ്സിറ്റികളുടേയും നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് യൂണിവേഴ്സിറ്റി മന്ത്രി ഡേവിഡ് വില്ലെറ്റ്സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല