ബിന്‍സു ജോണ്‍ – പി. ആര്.ഒ – എസ്.എം.എ.
സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്റെ എട്ടാമത്തെ ഓണാഘോഷം വര്ണപ്പകിട്ടാര്ന്ന കലാപരിപാടികളോടും സ്വാദിഷ്ടവും വിഭവ സമൃദ്ധവുമായ ഓണസദ്യയോടും കൂടി ആഘോഷിച്ചു. രാവിലെ പതിനൊന്നു മണിയോടു കൂടി ആരംഭിച്ച ആഘോഷപരിപാടികള്‍ സമാപിച്ചത് രാത്രി എട്ടുമണിയോടെയാണ്. ചെണ്ടമേളത്തിന്റെയും താലപ്പൊലികളുടെയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചതോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ബഹുമാന്യനായ കൌണ്‍സിലര്‍ ഗരേത് സുള്ളിവന് നിലവിളക്ക് കൊളുത്തി പൊതുസമ്മേളനവും ഓണഘോഷങ്ങളും ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡണ്ട് ടോമി ജോസഫ് അദ്ധ്യക്ഷനായ സമ്മേളനത്തില്‍ സെക്രട്ടറി ബിജു വിതയത്തില്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ബിന്‍സു ജോണ്‍, വെയില്‍സ് റീജിയണല്‍ പ്രസിഡന്റ് പീറ്റര്‍ റെജി, സെക്രട്ടറി ബിനോ ആന്റണി എന്നിവര്‍ ഓണാശംസകള്‍ അര്‍പ്പിച്ചു. സ്വാന്‍സി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശാസ്ത്രീയ നൃത്ത പരിശീലനത്തില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മോമെന്റോയും വിശിഷ്ടാതിഥി വിതരണം ചെയ്തു. അസോസിയേഷന് വൈസ് പ്രസിഡന്റ് ബൈജു ജേക്കബ് കൃതജ്ഞത പ്രകാശിപ്പിച്ചതോടെ പൊതുസമ്മേളനത്തിനു പരിസമാപ്തിയായി.
പൊതുസമ്മേളനത്തെ തുടര്‍ന്നു നടന്ന കലാപരിപാടികള്‍ കാണികള്‍ക്ക് ഓണസദ്യയേക്കാള്‍ മികച്ച ആസ്വാദ്യതയുടെ അനുഭവമായിരുന്നു. തിരുവാതിര, ഗ്രൂപ്പ് ഡാന്‍സുകള്‍, സിംഗിള്‍ ഡാന്‍സുകള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, കോമഡി പ്രോഗ്രാമുകള്‍ തുടങ്ങിയവയുമായി അസോസിയേഷന് അംഗങ്ങള്‍ കാണികളെ ആനന്ദിപ്പിച്ചു.
ഇരുപത്തിനാലു കൂട്ടം വിഭവങ്ങളും പായസവുമുള്പ്പെടെയുള്ള ഓണസദ്യയായിരുന്നു മറ്റൊരു സവിശേഷത. ഓണസദ്യയെ തുടര്‍ന്നു പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വടം വലി മത്സരവും ഉണ്ടായിരുന്നു. അത്യന്തം ആവേശോജ്ജ്വലമായ മത്സരമായിരുന്നു എല്ലാ വിഭാഗത്തിലും നടന്നത്. അകാലത്തില്‍ പൊലിഞ്ഞുപോയ സ്വാന്‍സി മലയാളി അസോസിയേഷന് അംഗം ലിന്‍സി ഇമ്മാനുവേലിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ലിന്‍സി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും കരസ്ഥമാക്കാനുള്ള ഭാഗ്യം ഫ്രാന്‍സിസ് പോളിന്റെ നേതൃത്വത്തിലിറങ്ങിയ കരുത്തന്മാര്ക്കായിരുന്നു.
ആഘോഷങ്ങള്‍ക്കിടയില്‍ സംഗീത ആല്‍ബത്തിന്റെ കാസറ്റ് വില്പനയിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം നടത്തിയ കുട്ടികള്‍ മറ്റൊരു മാതൃകയും സൃഷ്ടിച്ചു. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ഒരുമിച്ചു ചേര്‍ന്ന് അവതരിപ്പിച്ച, പതിനഞ്ചു മിനിട്ടോളം നീണ്ടു നിന്ന ഫ്യൂഷന്‍ ഡാന്‍സ് മറ്റൊരു നവ്യാനുഭവമായിരുന്നു. ആഘോഷങ്ങളുടെയും കലാപരിപാടികളുടെയും കൂടുതല്‍ ഫോട്ടോകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://picasaweb.google.com/109019060562351615729/SMAOnam2012?authuser=0&feat=directlink
ഓണാഘോഷത്തിന്റെ വീഡിയോ അസോസിയേഷന് വെബ് സൈറ്റില്‍ ഉടന്‍ തന്നെ അപ്ലോഡ് ചെയ്യുന്നതാണ്. സൈറ്റിന്റെ അഡ്രസ് : www.swanseamalayaleeassociation.com
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല