മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം 2012 ഒരു നേട്ടങ്ങളുടെ വര്‍ഷമാണ്. അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ തിളങ്ങി. പുതിയ ചിത്രമായ റണ്‍ ബേബി റണ്ണും തരക്കേടില്ലാത്ത അഭിപ്രായവും കളക്ഷനും നേടി കുതിയ്ക്കുന്നു. ഈ വിജയഗാഥ വരുംനാളുകളിലും തുടരാന്‍ കരിയറില്‍ സൂക്ഷിച്ചുള്ള ചുവടുവയ്പ്പുകളാണ് മോഹന്‍ലാല്‍ നടത്തുന്നത്.
മികച്ച സംവിധായകരുടെ ചിത്രങ്ങളുമായി സഹകരിച്ച് വിജയം നേടുകയെന്ന തന്ത്രം ഇനിയും പയറ്റാന്‍ തന്നെയാണ് ലാലിന്റെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ടുകള്‍ സൂചിപ്പിയ്ക്കുന്നു. റണ്‍ ബേബി റണ്‍ ഹിറ്റിലേക്ക് കുതിയ്ക്കുമ്പോള്‍ ജോഷിയുമായി വീണ്ടും കൈകോര്‍ക്കാന്‍ ലാല്‍ തീരുമാനിച്ചതായാണ് പുതിയ വിവരം.
ക്രൈം ത്രില്ലര്‍ സിനിമകളുടെ തലതൊട്ടപ്പനായ എസ്എന്‍ സ്വാമിയുടെ തിരക്കഥയിലാവും ലാലും ജോഷിയും ഇനിയും ഒന്നിയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്പാല്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ലാലിന്റെ സന്തതസഹചാരി ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് ഫിലിംസായിരിക്കും.
താരങ്ങളേയും മറ്റു സാങ്കേതിക പ്രവര്‍ത്തകരേയും ഇനിയും തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ചര്‍ച്ചകള്‍ ശൈശവ ദിശയിലാണ്. അഞ്ച് ചെറുചിത്രങ്ങളുമായെത്തുന്ന ഡി കമ്പനിയില്‍ ലാല്‍ നായകനാവുന്ന ഹ്രസ്വചിത്രമൊരുക്കുന്നതും ജോഷിയാണ്.
മോഹന്‍ലാല്‍ നായകനായ’ഗ്രാന്റ് മാസ്റ്റര്‍, സ്പിരിറ്റ് എന്നീ ചിത്രങ്ങളും മികച്ച അഭിപ്രായവും മോശമല്ലാത്ത കളക്ഷനും നേടിയിരുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന കര്‍മ്മയോദ്ധയില്‍ അഭിനയിച്ചു വരികയാണ് മോഹന്‍ലാല്‍. സിദ്ദിഖിന്റെ ‘ലേഡീസ് ആന്റ് ജെന്റില്മാന്’, ജോണി ആന്റണിയുടെ ‘ആറു മുതല്‍ അറുപതു വരെ’ തുടങ്ങിയവയാണ് മോഹന്‍ലാലിന്റെ മറ്റു പ്രധാന പ്രൊജക്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല