തൃശൂര്‍:കേരളത്തിലെ സ്കൂള്‍ കാമ്പസുകളില്‍ വില്ലന്മാരുടെ തേര്‍വാഴ്ച തുടരുന്നു. ആലപ്പുഴയില്‍ സഹപാഠിയെ കല്ലിനിടിച്ചുകൊന്ന കുട്ടിക്കുറ്റവാളിയുടെ കഥ കേരളം മറന്നിട്ടില്ല. അതിനുശേഷം എത്രയെത്ര അക്രമങ്ങളാണ് പേനയും പെന്ലിസും പിടിക്കേണ്ട കൈകള്‍ നടത്തിയിരിക്കുന്നത്. അതില്‍ ഒടുവിലത്തേതാണ് തൃശൂര്‍ കാഞ്ഞാണിയില്‍ നടന്നത്. ഇവിടെ ഇംഗ്ലിഷ് മീഡിയം ഹൈസ്കൂളില്‍ പത്താം ക്ലാസുകാരി വിദ്യാര്‍ഥിനിയെ കുടകൊണ്ടടിച്ചു പല്ല് കൊഴിച്ച കേസില്‍ സഹപാഠിയെ അന്തിക്കാട് എസ്ഐ പ്രേമാനന്ദകൃഷ്ണന് അറസ്റ്റ് ചെയ്തത് കഴിഞ്ഞദിവസമാണ്. കാഞ്ഞാണി സ്വദേശിയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്കു മാറ്റി. ചൊവ്വാഴ്ച വൈകിട്ട് ക്ലാസ്മുറിയിലാണു ആക്രമണം അരങ്ങേറിയത്. സഹപാഠി പലവട്ടം കടലാസ് എറിഞ്ഞു ശല്യം ചെയ്തതിനെ തുടര്‍ന്നു വിദ്യാര്‍ഥിനി തിരിച്ച് എറിഞ്ഞതാണു പ്രകോപനത്തിനിടയാക്കിയത്. കയ്യിലുണ്ടായിരുന്ന കുടകൊണ്ട് വിദ്യാര്‍ഥിനിയെ മുഖത്തടിക്കുകയും പല്ല് കൊഴിക്കുകയും ചെയ്തു. പരുക്കേറ്റ വിദ്യാര്‍ഥിനിയുടെ മുഖത്ത് അഞ്ചോളം തുന്നലുണ്ട്. വിദ്യാര്‍ഥിനിയെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വിദ്യാര്‍ഥി നിരന്തരം മറ്റു വിദ്യാര്‍ഥികളെ ഉപദ്രവിക്കുക പതിവാണത്രെ.
കഴിഞ്ഞ മേയ് ഏഴിനാണ് കേരളത്തെ നടക്കിയ ആലപ്പുഴയിലെ സ്കൂള്‍വളപ്പിലെ കൊലപാതകം അരങ്ങേറിയത്. ആലപ്പുഴ മുട്ടാര്‍ സെന്റ് ജോര്‍ജ്ജ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി ലിജിന്‍ വര്‍ഗീസിനെ സഹപാഠി കൊലപ്പെടുത്തുകയായിരുന്നു. അതേസമയം സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തൃപ്തികരമല്ലെന്ന പരാതിയിലാണ് ബന്ധുക്കള്‍. കേസന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് ആവശ്യപ്പെട്ടുകഴിഞ്ഞു. ബുധനാഴ്ച തിരുവല്ല ഗസ്റ്റ്ഹൗസില്‍ വച്ചാണ് ലിജിന്റെ അച്ഛനമ്മമാരായ ചാത്തങ്കരില് നമ്മനാശേരില് മന്നത്ത് പൊന്നച്ചന്, ജാന്‍സി എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്. സഹപാഠി തനിച്ചല്ല കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ പരാതി. െ്രെകം ഡിറ്റാച്ച്മെന്റ്സംഘമാണ് കേസ് അന്വേഷിച്ചത്. ഇവരുടെ കണ്ടെത്തലില്‍ തൃപ്തി ഇല്ലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല