1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

കുടിയേറ്റം കുറയ്ക്കാനുളള ഗവണ്‍മെന്റിന്റെ നീക്കം രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ ദോഷകരമായി ബാധിക്കുമെന്ന് ബ്രട്ടീഷ് എംപി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പങ്ക് വളരെ വലുതാണന്നും കുടിയേറ്റം നിയന്ത്രിക്കുന്നത് മൂലം വിദേശ രാജ്യങ്ങളില്‍ നിന്ന് പഠനത്തിനായി ബ്രിട്ടനിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വരുമെന്നും അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നുമാണ് ബ്രട്ടീഷ് എംപിയായ അഡ്രിയാന്‍ ബെയ്‌ലിയുടെ മുന്നറിയിപ്പ്.

വിദ്യാര്‍ത്ഥികളെ കൂടി കുടിയേറ്റക്കാരുടെ കണക്കില്‍ ഉള്‍പ്പെടുത്തികൊണ്ട് തയ്യാറാക്കുന്ന ലിസ്റ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തില്‍ പെരുപ്പിച്ച് കാട്ടുന്ന കുടിയേറ്റ നിരക്ക് രാജ്യത്തിന്റെ കയറ്റുമതി മേഖലയേയും സാധാരണക്കാരന്റെ ബിസിനസ്സിനേയും ഒരു പോലെ ദോഷകരമായി ബാധിക്കും. ഇതു വഴി രാജ്യത്തിന്റെ വളര്‍ച്ച് മുരടിക്കുമെന്നും ഇന്നവേഷന്‍ ആന്‍ഡ് സ്‌കില്‍സ് കമ്മിറ്റിയുടെ മേധാവി കൂടിയായ അഡ്രിയാന്‍ പരുന്നു.

വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരുടെ കണക്കില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ നിര്‍ദ്ദേശമുണ്ട്. ഇതിന് വിരുദ്ധമായി പഠനത്തിനായി ബ്രിട്ടനിലെത്തിയ വിദ്യാര്‍ത്ഥികളുടെ കണക്കുകൂടി കുടിയേറ്റക്കാരുടെ കണക്കില്‍ ഉള്‍പ്പെടുത്തി പെരുപ്പിച്ച് കാട്ടുകയാണ് ഗവണ്‍മെന്റ് ചെയ്യുന്നത്. അത്തരത്തിലൊരു നീക്കം ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണന്നും അഡ്രിയാന്‍ ചൂണ്ടിക്കാട്ടി. കുടിയേറ്റക്കാരുടെ കണക്കില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ എണ്ണം ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുമ്പോഴാണ് രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ എണ്ണത്തേക്കാള്‍ വരുന്നവരുടെ എണ്ണം കൂടുന്നതായി കാണുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

നിലവില്‍ 216,000 ആണ് രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം. 2015ഓടെ ഇത് 100,000ആയി കുറയ്ക്കാനാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റേയും ആഭ്യന്തര സെക്രട്ടറി തെരേസാ മേയുടേയും തീരുമാനം. ഗവണ്‍മെന്റിന്റെ നയവും രാജ്യത്തിന്റെ ആവശ്യവും തമ്മിലുളള ഒരു വൈരുദ്ധ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് കമ്മിറ്റി ചെയര്‍മാനായ അഡ്രിയാന്‍ ബെയ്‌ലി പറയുന്നത്. കുടിയേറ്റത്തെ നിയന്ത്രിക്കാനുളള ഗവണ്‍മെന്റിന്റെ നയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ബ്രിട്ടന്റെ വിദ്യാഭ്യാസ മേഖല വലുതാക്കാനുളള നീക്കത്തെ കാര്യമായി ബാധിക്കും. വിദേശ വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 70 ചാനസലര്‍മാരും ഗവര്‍ണര്‍മാരും യൂണിവേഴ്‌സിറ്റി പ്രസിഡന്റുമാരും ഒപ്പിട്ട ഒരു നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച് കഴിഞ്ഞു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി രാജ്യത്തിന് ലക്ഷക്കണക്കിന് പൗണ്ടിന്റെ നഷ്ടമാണ് ഉണ്ടാവുകയെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

നിയന്ത്രണം വരുത്തുന്നത് വഴി വിദേശ വിദ്യാര്‍ത്ഥികള്‍ മറ്റ് രാജ്യങ്ങള്‍ അന്വേഷിച്ച് പോകുന്നതിന് കാരണമാകും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ പത്തിലൊരാള്‍ ബ്രിട്ടനാണ് തെരഞ്ഞെടുക്കുന്നത്. വര്‍ഷം തോറും എട്ട് ബില്യണ്‍ പൗണ്ടാണ് ഇതില്‍ നിന്നുളള വരുമാനം. രണ്ടായിരത്തി ഇരുപത്തിഅഞ്ചോടെ ഇത് ഇരട്ടിയാകുമെന്നാണ് വിദഗ്ദ്ധരുടെ പ്രവചനം. കുടിയേറ്റത്തെ കുറിച്ചുളള ഗവണ്‍മെന്റ് സമവാക്യങ്ങള്‍ തിരുത്തി എഴുതാന്‍ തയ്യാറാകണമെന്നും കൂടുതല്‍ വിദേശവിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഗവണ്‍മെന്റ് തലത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് യൂണിവേഴ്‌സിറ്റി അധികൃതരുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.