എമേര്‍ജിംഗ് കേരള സമ്മേളനത്തിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ നേതൃത്വത്തില്‍ 25 അംഗ സംഘം എത്തും. ഹൈക്കമ്മീഷണര്‍ ജെയിംസ് ബെവന്റെ നേതൃത്വത്തിലാണ് 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബ്രിട്ടീഷ് ടീം പങ്കെടുക്കുക. കേരളത്തിലെത്തുന്ന ബ്രിട്ടന്റെ ഏറ്റവും വലിയ വ്യവസായ സംഘമാണിതെന്നു ജെയിംസ് ബെവന്‍ വ്യക്തമാക്കി. 12നു സമ്മേളനത്തിലെ സെഷനില്‍ ജെയിംസ് ബെവന്‍ യുകെയെ പ്രതിനിധീകരിച്ചു സംസാരിക്കും.
ബ്രി ട്ടനും ഇന്ത്യയുമായി നിലനില്‍ക്കുന്ന ശക്തവും വിപുലവും ആഴത്തിലുള്ളതുമായ ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വലിയ പ്രാതിനിധ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം 26 ശതമാനം വളര്‍ച്ചയുണ്ടായി. ഇന്ത്യയിലേക്ക് ബ്രിട്ടനില്‍നിന്നുള്ള കയറ്റുമതി 29 ശതമാനമായി വര്‍ധിച്ചു. ഇന്ത്യ ബ്രിട്ടനിലെ അഞ്ചാമത്തെ ഏറ്റവും വലിയ നിക്ഷേപകരാണ്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിക്ഷേപകനാണു ബ്രിട്ടന്‍. എമേര്‍ജിംഗ് കേരള പോലുള്ള ഒരു സമ്മേളനം സംഘടിപ്പിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമ്മീഷണര്‍ പ്രത്യേകം അഭിനന്ദിച്ചു. പരിപാടി വലിയ വിജയമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബാല്‍ഫോര്‍ ബീറ്റി, ഹപ്പോള്‍ഡ് കണ്‍സള്‍ട്ടിംഗ്, എന്‍എച്ച്എസ് ഗ്ളോബല്‍, എആര്‍എം, വാര്‍ഡ്രെപെര്‍മിസ്, സില്‍വര്‍ സ്ട്രീക്ക് കണ്‍സള്‍ട്ടന്റ്സ്, സിറ്റി ആന്‍ഡ് ഗില്‍ഡ്സ്, ദ് കവറേജിംഗ് വേള്‍ഡ്, ബിഎംടി ഗ്രൂപ്പ്, സെര്‍കോ, മോട്ട് മക്നോള്‍ഡ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ബ്രിട്ടീഷ് സംഘത്തില്‍ ഉള്‍പ്പെടുന്നു.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൌകര്യം, സാങ്കേതിക രംഗം തുടങ്ങി വിവിധ മേഖലകളിലെ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ മൈക്ക് നിതാറിയാന്‍കിസ് പറഞ്ഞു. കേരളവുമായുള്ള തങ്ങളുടെ വ്യാപാര ബന്ധം ഏറെ ദീര്‍ഘിച്ചതാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി നിരവധി വ്യാപാര-വാണിജ്യ ചടങ്ങുകള്‍ നടത്തിയിരുന്നു. ഇന്‍ഫോപാര്‍ക്കും സ്റാര്‍ട്ട് അപ് വില്ലേജും കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സും ക്രെഡായിയും സംഘടിപ്പിച്ച പരിപാടികളില്‍ ബ്രിട്ടീഷ് സംഘങ്ങള്‍ പങ്കെടുത്തിരുന്നു. എമേര്‍ജിംഗ് കേരള സമ്മേളനം നടക്കുന്ന ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഒമ്പതാം നമ്പര്‍ പവലിയനിലാണ് യുകെ സ്റാള്‍.
കൊച്ചിയിലുള്ള ഇന്ത്യന്‍ കമ്പനികള്‍ പവലിയന്‍ സന്ദര്‍ശിക്കണമെന്നും 12ലെ യുകെ സെഷനിലേക്ക് അവരെ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല