1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

ഒരിടവേളയ്ക്കുശേഷം നഗരത്തില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു യുവാവിന്റെ ജീവന്‍ എടുത്തിരിക്കുകയാണിപ്പോള്‍. അമ്പിളിയെ വിളിച്ചുവരുത്താനുള്ള ശ്രമത്തിനിടെയാണ് ആ സംഘവുമായി അടുപ്പുമുണ്ടായിരുന്ന സജി(21), സോജുവിന്റെ സംഘത്തിന്റെ അടിയും ഇടിയും കുത്തുമേറ്റു മരിച്ചത്. സജി നഗരാതിര്‍ത്തി കേന്ദ്രീകരിച്ചു ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചൂഴാറ്റുകോട്ട അമ്പിളിയുടെ സംഘത്തിലെ അംഗമായിരുന്നുവെന്നു പൊലീസ് പറയുന്നു. അമ്പിളിയുടെ വലംകയ്യെന്ന് അറിയപ്പെടുന്ന സജീവിനെ തന്ത്രപൂര്‍വം എതിര്‍ ടീമില്‍പ്പെട്ടവര്‍ വകവരുത്തുകയായിരുന്നുവെന്നാണു സൂചന. അമ്മയ്‌ക്കൊരു മകനെന്ന് അറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട സോജുവിന്റെ സംഘമാണു കൊലയ്ക്കു പിന്നിലെന്നാണു പൊലീസിനു ലഭിച്ച വിവരം. സോജുവും അമ്പിളിയും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയിലാണ്. സോജുവിനെ വകവരുത്താന്‍ എതിര്‍സംഘം പലവട്ടം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സോജു ജയിലില്‍ നിന്നു പുറത്തിറങ്ങിയതോടെ അമ്പിളി നഗരംവിട്ടു വിഴിഞ്ഞം, വെങ്ങാനൂര്‍, ചൂഴാറ്റുകോട്ട പ്രദേശങ്ങളിലേക്കു താവളം മാറ്റിയെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ച മുന്‍പു ചൂഴാറ്റുകോട്ടയിലെത്തി എതിര്‍ സംഘാംഗങ്ങള്‍ അമ്പിളിയെ തിരക്കിയിരുന്നു. ഇതിനുശേഷം സംഘം അമ്പിളിക്കു വേണ്ടി വലവിരിച്ച് ഒപ്പമുള്ള വിശ്വസ്തരെ നിരീക്ഷിക്കുകയായിരുന്നു. അമ്പിളിയുടെ ഏറ്റവും അടുത്ത സഹായിയാണ് ഇന്നലെ വെട്ടേറ്റു മരിച്ച സജീവ്.
നഗരാതിര്‍ത്തിയായ ചൂഴാറ്റുകോട്ടയില്‍ നടന്ന ഗുണ്ടകളുടെ കൊലയിലും സോജുവിനും അമ്പിളിക്കും പങ്കുണ്ടായിരുന്നതായി പൊലീസിനറിയാം. സോജുവിന്റെ അളിയനായ മൊട്ട അനിയെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനിയായ എതിര്‍സംഘാംഗം ചൂഴാറ്റുകോട്ട വെള്ളൈക്കോണം സ്വദേശി പാറശാല ബിനുവിനെ കൊലപ്പെടുത്താന്‍ എതിര്‍ സംഘത്തിലെ തന്നെ തങ്കൂട്ടനെയായിരുന്നു സോജു ആശ്രയിച്ചത്. ഇതിനു പ്രതികാരമെന്നോണം ഒരു വര്‍ഷം മുന്‍പു തങ്കൂട്ടനെ കൊലപ്പെടുത്താന്‍ അമ്പിളി സഹായിച്ചതായും പൊലീസ് പറഞ്ഞു. സോജുവും സംഘവും കൊലപ്പെടുത്തിയ ബിനുവിന്റെ സഹോദരന്‍ മുരുകന്റെ നേതൃത്വത്തില്‍ കഴക്കൂട്ടത്തുനിന്നെത്തിയ സംഘമാണു നടുറോഡില്‍ ബോംബെറിഞ്ഞു ഭീതിപരത്തി തങ്കൂട്ടനെ വെട്ടിക്കൊന്നത്. നഗരാതിര്‍ത്തി ഗ്രാമങ്ങളില്‍ സുരക്ഷിത താവളമുള്ള അമ്പിളി പലവട്ടം സോജുവിന്റെ സംഘത്തില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. കരമന,നെടുങ്കാട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോജുവാകട്ടെ അമ്പിളിയുടെ സംഘത്തെ പേടിച്ചാണു കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് അന്തിയൂര്‍ക്കോണത്ത് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സോജു വരുമെന്നറിഞ്ഞു വിവിധ സ്ഥലങ്ങളിലായി അമ്പിളിയുടെ സംഘാംഗങ്ങള്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ അന്നു സോജു വിവാഹവീട്ടിലെത്തി സുരക്ഷിതമായി മടങ്ങി. ഇതറിഞ്ഞതോടെ അമ്പിളിയോടുള്ള പക വര്‍ധിച്ചു. എന്നാല്‍ അമ്പിളിയെ കിട്ടാതെവന്നതോടെ ഏറ്റവും അടുത്ത സഹായിയെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം.
നാട്ടുകാര്‍ക്കും പൊലീസിനും നിത്യ തലവേദനയാണ് സോജു. കൊലക്കേസ് ഉള്‍പ്പെടെ 24 ക്രിമിനല്‍ കേസുകളില്‍ പ്രതി. രണ്ടു തവണ ഗുണ്ടാ നിയമപ്രകാരം ജയിലില്‍. എന്നാല്‍ ഗുണ്ടാ നിയമപ്രകാരം തടങ്കലില്‍ ആകുന്നവരുടെ കേസ് പുനഃപരിശോധിക്കുന്ന ഉന്നതതല റിവ്യൂ കമ്മിറ്റിക്കു പ്രിയങ്കരന്‍! സോജുവിനെ പൊലീസ് വെറുതെ പീഡിപ്പിക്കരുതെന്നു ഹൈക്കോടതിയും അടുത്തിടെ ഉത്തരവിട്ടിരുന്നു. അങ്ങനെ ക്രമസമാധാനം ഉറപ്പാക്കേണ്ട പൊലീസിന്റെ കരങ്ങള്‍ പലതരത്തില്‍ ബന്ധിച്ചിരിക്കെയാണു ഗുണ്ടാപ്പകയുടെ പുതിയ ഇര ഇന്നലെ വീണത്. കഴിഞ്ഞ നവംബറില്‍ അമ്പിളിയെ വധിക്കാന്‍പോകുന്നതിനിടെ സോജു ഉള്‍പ്പെടെ ഏഴംഗ സംഘത്തെ ആയുധങ്ങളുമായി പൊലീസ് പിടികൂടിയിരുന്നു. ഗുണ്ടാ നിയമപ്രകാരം കരുതല്‍ തടങ്കലിലായിരുന്ന സോജു ജയില്‍മോചിതനായി ആറു ദിവസത്തിനു ശേഷമായിരുന്നു ഇത്. ഇയാളുടെ യഥാര്‍ഥ പേര് അജിത്കുമാര്‍ എന്നാണ്. അതിനു ശേഷം സോജുവിനെ കഴിഞ്ഞ മാര്‍ച്ചിലാണു ഫോര്‍ട്ട് എസി: രാധാകൃഷ്ണന്‍ നായര്‍, തമ്പാനൂര്‍ സിഐ: ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഗുണ്ടാ നിയമപ്രകാരം വീണ്ടും അറസ്റ്റ് ചെയ്തത്.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ടു സോജു ഗുണ്ടകളുമായി എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഒരു കിലോമീറ്ററോളം ഓടിച്ചിട്ടാണു പിടിച്ചത്. പക്ഷേ കരുതല്‍ തടങ്കലില്‍ ജയിലിലായ സോജുവിന്റെ അപ്പീല്‍ പരിഗണിച്ച കമ്മിറ്റി, ഒരു മാസം തികയുംമുന്‍പേ ഇയാളെ തുറന്നുവിട്ടു. വീണ്ടും ആയുധങ്ങളുമായി ഇയാളെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അപ്പോഴാണു സോജു ഹൈക്കോടതിയെ സമീപിച്ചത്. സോജുവിനെ അനാവശ്യമായി സ്‌റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നും വെറുതെ പീഡിപ്പിക്കരുതെന്നും കോടതി പൊലീസിനു നിര്‍ദേശം നല്‍കി. അതോടെ ഏതാനും മാസമായി ഇയാള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായി സിറ്റി പൊലീസ്. ജയില്‍മോചിതനായ ശേഷവും ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സോജുവും സംഘവും നാട്ടുകാരെ ഭീഷണിപ്പെടുത്തി 25,000 രൂപയോളം വാങ്ങിയതായി പൊലീസ് പറയുന്നു. ഗുണ്ടകളായ ജെറ്റ് സന്തോഷ്, പാറശാല ബിനു എന്നിവരെ വധിച്ച കേസിലെ മുഖ്യ പ്രതിയാണു സോജു. മരണപ്പെട്ട മറ്റൊരു ഗുണ്ട മൊട്ടമൂട് ഷാജിയുടെ വധത്തെത്തുടര്‍ന്നാണ് അമ്പിളി സോജുവിന്റെ ശത്രുവായത്. ശാസ്തമംഗലത്തു മംഗലം ലെയ്‌നില്‍ ഷാനുദീനെ തട്ടിക്കൊണ്ടുപോയി മാലയും മോതിരവും കാറും തട്ടിയെടുത്ത കേസിലും കാലടി മരുതൂര്‍ക്കടവ് പാലത്തില്‍ കൂട്ടാളികളുമായി ചേര്‍ന്നു കാര്‍ യാത്രക്കാരനെ മര്‍ദിച്ച കേസിലും പ്രതിയാണ്.
അതിനിടെ സജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു സോജു, കൂട്ടാളികളായ രഞ്ജിത്, കുന്നപ്പുഴ സാബു, കണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു. സജിയുടെ കൊലയെക്കുറിച്ചു പൊലീസ് പറയുന്നത്: ടിപ്പര്‍ ലോറി ഡ്രൈവര്‍മാരായ സജി, മണികണ്ഠന്‍ എന്നിവര്‍ ചൊവ്വാഴ്ച രാത്രി തിരുമലയിലെ ബാറില്‍ മദ്യപിക്കാന്‍ എത്തി. തുടര്‍ന്നു മണികണ്ഠനുമായി അടുപ്പമുണ്ടായിരുന്ന സോജുവിന്റെ സംഘത്തിലെ രഞ്ജിത് ഇയാളെ ഫോണില്‍ വിളിച്ചു പുറത്തിറക്കി. പിന്നീട് ഇയാളെ കൊണ്ടുപോയി അമ്പിളിയെ വിളിച്ചു വരുത്താന്‍ ശ്രമിച്ചു. നടക്കാതെ വന്നതോടെ ഇയാളെ മര്‍ദിക്കുകയും കത്തികൊണ്ടു കുത്തുകയും ചെയ്തു.
തുടര്‍ന്നു മണികണ്ഠനെകൊണ്ടു സജിയെ ഫോണില്‍ വിളിച്ചു ബാറില്‍നിന്നിറക്കി. അതിനുശേഷം
മണികണ്ഠനെ കിള്ളിപ്പാലത്തിനു സമീപം കൊണ്ടുവിട്ടു. മുറിവേറ്റ മണികണ്ഠന്‍ സ്വയം ആശുപത്രിയിലെത്തി. പിന്നീടു രണ്ടു ബൈക്കിലായി എത്തിയ ഗുണ്ടാ സംഘം സജിയുടെ ഫോണില്‍നിന്ന് അമ്പിളിയെ വിളിപ്പിക്കാന്‍ ശ്രമിച്ചു. അതും നടക്കാതെ വന്നതോടെ മര്‍ദനവും കത്തിക്കുത്തും തുടങ്ങി. മുന്‍നിര പല്ലുകളെല്ലാം ഇടിച്ചിളക്കിയ സംഘം കത്തികൊണ്ടു മാരകമായി കുത്തി മുറിവേല്‍പ്പിച്ചാണു പുലര്‍ച്ചെ ഒന്നരയോടെ സ്ഥലം വിട്ടത്. പിന്നീടു സജി സ്വന്തം ഫോണില്‍നിന്ന് 108 ആംബുലന്‍സിലേക്കു വിളിച്ചെങ്കിലും അവര്‍ എത്തിയില്ല. പുലര്‍ച്ചെ നാലരയോടെ പത്ര വിതരണക്കാരാണു നെടുങ്കാട് സ്‌കൂളിനു സമീപം ഇയാള്‍ അബോധാവസ്ഥയില്‍ റോഡില്‍ കിടക്കുന്നതു കണ്ടത്. കരമന പൊലീസ് വന്നു നോക്കിയപ്പോള്‍ മദ്യപിച്ചു ബോധം കെട്ടതാണെന്നു കരുതി 108ല്‍ വീണ്ടും വിളിച്ചു. രക്തം വാര്‍ന്നൊലിച്ചു തളം കെട്ടിയ സ്ഥലത്തുനിന്ന് 50 മീറ്ററോളം മാറിയാണ് അപ്പോള്‍ ഇയാള്‍ കിടന്നിരുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ബോധം തെളിഞ്ഞു. അവിടെ ഡ്യൂട്ടി ഡോക്ടറോടാണു തന്നെ രണ്ടു ബൈക്കിലെത്തിയ അഞ്ചംഗ സംഘം കുത്തിയെന്ന് ഇയാള്‍ മൊഴി നല്‍കിയത്. കഴുത്തില്‍ കിടന്ന മൂന്നു പവന്‍ മാലയും അപഹരിച്ചു. രാവിലെ എട്ടോടെ മരിച്ചു. പിന്നീട് ആശുപത്രിയില്‍നിന്ന് അറിയിച്ചപ്പോഴാണ് ഇയാള്‍ കുത്തേറ്റാണു മരിച്ചതെന്നു പൊലീസ് വിവരം അറിയുന്നത്. മണികണ്ഠന്റെ കാര്യവും ജനറല്‍ ആശുപത്രി അധികൃതരാണു പൊലീസിനെ അറിയിച്ചത്. സജിയുടെ തുടയിലും മുതുകത്തുമായി ഒന്‍പതു കുത്തേറ്റിരുന്നു. ശരീരത്തില്‍ പലയിടത്തും മര്‍ദനമേറ്റ പാടുമുണ്ടായിരുന്നു. ഫോര്‍ട്ട് എസി: രാധാകൃഷ്ണന്‍ നായര്‍, തമ്പാനൂര്‍ സിഐ: ഷീന്‍ തറയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി പൊലീസ് ഊര്‍ജിത അന്വേഷണം തുടങ്ങി. പ്രതികളെല്ലാം അവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി. എന്നാല്‍ പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നാണു പൊലീസ് കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.