പെന്‍ഷനര്‍മാര്‍ക്കുളള സൗജന്യ ബസ്സ് പാസ്സില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുളള ഗവണ്‍മെന്റിന്റെ നീക്കം ഏതുവിധേനയും ചെറുക്കുമെന്ന് പെന്‍ഷനര്‍മാരുടെ സംഘടന. പെന്‍ഷനര്‍മാര്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന ഇത്തരം സൗജന്യങ്ങള്‍ നിര്‍ത്തലാക്കാനുളള നീക്കത്തില്‍ നിന്ന് ഗവണ്‍മെന്റ് പിന്‍മാറണമെന്ന് ടോറി എംപിയായ നിക്ക് ബോള്‍സ് ആവശ്യപ്പെട്ടു.
പെന്‍ഷന്‍മാര്‍ക്കുളള സൗജന്യബസ് പാസ്സിന് പരീക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാഷണല്‍ പെന്‍ഷനേഴ്‌സ് കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യം ഒരു വര്‍ഷം പെന്‍ഷനര്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളേക്കാള്‍ എട്ട് ബില്യണ്‍ പൗണ്ട് അധികം പെന്‍ഷനര്‍മാര്‍ രാജ്യത്തിന് സംഭാവന നല്‍കുന്നുണ്ടെന്ന് കണ്‍വന്‍ഷന്‍ ഓര്‍മ്മപ്പെടുത്തി. പെന്‍ഷനര്‍മാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ പടിപടിയായി നിര്‍ത്തലാക്കാനുളള ഇത്തരം നീക്കങ്ങള്‍ക്കെതിരേ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന പെന്‍ഷനര്‍മാര്‍ ഒന്നിച്ച് പോരാടുമെന്ന് പെന്‍ഷനേഴ്‌സ് കണ്‍വെന്‍ഷന്റെ നേതാവ് ഡോട്ട് ഗിബ്ബ്‌സ്ണ്‍ പറഞ്ഞു.
അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഫ്രീ ബസ്സ് പാസ്സ് നല്‍കിയിരുന്നത്. ഇനി മുതല്‍ തിങ്കള്‍ മുതല്‍ വെളളി വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ രാത്രി 11 വരെയെ ബസ്സ് പാസ്സ് ഉപയോഗിച്ച് സൗജന്യമായി യാത്ര ചെയ്യാനാകു. അഴ്ചാവസാനങ്ങളിലും അവധി ദിനങ്ങളിലും ഏത് സമയത്തും സൗജന്യമായി യാത്ര ചെയ്യാവുന്നതാണ്. ഇതില്‍ കൂടുതല്‍ സമയം അനുവദിക്കുന്നത് ഓരോ കൗണ്‍സിലിന്റേയും പരിധിയില്‍ പെടുന്ന കാര്യമാണ്. എന്നാല്‍ സ്്‌റ്റോക്ക് ഓണ്‍ ട്രന്റ് മാത്രമാണ് രാവിലെ 9.30 ന് മുന്‍പും സൗജന്യ യാത്ര അനുവദിക്കുന്നത്. ചെഷയര്‍ അടക്കമുളള കൗണ്‍സിലുകളില്‍ രാവിലെ 9.30 ന് മുന്‍പ് യാത്ര ചെയ്യുന്ന പെന്‍ഷനര്‍മാര്‍ പകുതി പണം നല്‍കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല