ഫ്രാന്‍സില്‍ അവധിക്കാലം അഘോഷിക്കാന്‍ പോയ ബ്രട്ടീഷ് കുടുംബത്തെ കാറിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇറാഖ് വംശജനായ എയര്‍ ക്രാഫ്ര്റ്റ് എഞ്ചിനിയര്‍ സാദ് അല്‍ ഹില്ലി, അദ്ദേഹത്തിന്റെ ദന്തിസ്റ്റായ ഭാര്യ ഇക്ബാല്‍, അവരുടെ മാതാവ് എന്നിവരാണ് വെടിയേറ്റ് മരിച്ചത്. സാദിന്റേയും ഇക്ബാലിന്റേയും മക്കളായ സെയ്‌നാബും സൈനയും പരുക്കുകളോടെ ആശുപത്രിയിലാണ്. ഇതില്‍ സെയ്‌നാബിന്റെ നില ഗുരുതരമാണന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒരു കാടിന് നടുവിലുളള റിമോട്ട് ഏരിയയിലാണ് അപകടം നടന്നത്. വാടക കൊലയാളിയാണ് കൊല നടത്തിയതെന്ന് സംശയിക്കുന്നു. കാറിന്റെ ജനാലയിലൂടെ ഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. മരിച്ച മൂന്നുപേരുടേയും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. തോളില്‍ വെടിയേറ്റതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ അക്രമി സെയ്‌നാബിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സെയ്‌നാബ് ഒരു ഫ്രഞ്ച് ഹോസ്പിറ്റലില്‍ കോമയിലാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇവരുടെ രണ്ടാമത്തെ മകളായ സൈന അക്രമിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു.
അക്രമം നടന്നയുടന്‍ തന്നെ ബിഎംഡ്ബ്‌ള്യു കാറിന്റെ സീറ്റിനടയില്‍ ഒളിച്ചതാണ് സൈനയ്ക്ക് രക്ഷയായത്. വെടിയേറ്റ് വീണ ഇക്ബാലിന് അടിയിലായത് കാരണം അക്രമിക്ക് സൈനയെ കണ്ടെത്താനാകാഞ്ഞതും രക്ഷയായി. അക്രമം നടന്ന് എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് കാടിന് നടുവില്‍ നിന്ന് പോലീസ് വാഹനം കണ്ടെത്തുന്നത്. ലേക്ക് ആനെസിയിലേക്ക് അവധിക്കാല ആഘോഷത്തിനായി പുറപ്പെട്ടതായിരുന്നു അപകടത്തില്‍ പെട്ട് കുടുംബം. കൊലയാളിയുടെ പ്രേരണയിലാകാം ഇവര്‍ കാടിന് നടുവിലുളള ഈ പ്രദേശത്തേക്ക് വന്നതെന്ന് പോലീസ് പറഞ്ഞു. പോലീസ് കണ്ടെത്തുമ്പോഴും കാറിന്റെ എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന നിലയിലായിരുന്നു. കാറിന്റെ ഒരു ടയര്‍ പഞ്ചറായിരുന്നു.
കാറിന് സമീപത്തായി മറ്റൊരു കാര്‍ വന്നതിന്റെ അടയാളങ്ങളുണ്ടായിരുന്നു. രണ്ടാമത്തെ വാഹനം പാഞ്ഞ് വന്ന് സഡന്‍ ബ്രേക്കിട്ടതിന്റെ അടയാളങ്ങളാണ് റോഡില്‍ കണ്ടത്. അക്രമിയുടെ വാഹനമായിരിക്കാം ഇതെന്ന് പോലീസ് പറഞ്ഞു. മരിച്ച മൂന്ന് പേരുടേയും നെറ്റിയുടെ നടുവിലായാണ് വെടിയേറ്റിരിക്കുന്നത്. മൊത്തം പതിനഞ്ച് റൗണ്ട് വെടിവെച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ അക്രമി ഷാര്‍പ്പ് ഷൂട്ടറാണന്നും പോലീസ് പറഞ്ഞു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കൊല്ലപ്പെട്ട സാദ് അല്‍ ഹി്ല്ലി കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് കുടിയേറിയത്. സാറ്റലൈറ്റ് ടെക്‌നോളജി വിദഗദ്ധനായ സാദ് സദ്ദാംഹുസൈന്റെ കിരാത ഭരണത്തെ തുടര്‍ന്നാണ് ഇറാഖില്‍ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയത്. ബാഗ്ദാദില്‍ നിന്നുളള ആരെങ്കിലുമാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. 2003 ലെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന സാദിന്റെ മേല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍മാരുടെ നിരീക്ഷണം ഉണ്ടായിരുന്നതായി സാദിന്റെ അയല്‍ക്കാര്‍ വെളിപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല