ഇന്ത്യയുടെ ലിയാണ്ടര്‍ പേസ്-ചെക്ക് റിപ്പബ്ലിക്കിന്റെ റഡെക് സ്റ്റെപാനക് സഖ്യം യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. അമേരിക്കയില്‍ നിന്നുള്ള ബ്രയാന്‍ സഹോദരന്മാരാണ് എതിരാളികളായെത്തുന്നത്.
അഞ്ചാം സീഡായ ഇന്തോ-ചെക് സഖ്യം സെമിയില്‍ മാര്‍സെല്‍ ഗ്രാനോളേഴ്‌സ്-മാര്‍സ് ലോപസ് കൂട്ടുകെട്ടിനെ തോല്‍പ്പിച്ചാണ് അവസാന രണ്ടില്‍ ഇടം പിടിച്ചത്. സ്‌കോര്‍ 6-6ലെത്തി നില്‍ക്കെ സ്‌പെയിന്‍ താരങ്ങള്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
ബ്രയാന്‍ സഹോദരന്മാര്‍ ഒമ്പതാം സീഡായ പാക്-ഡച്ച് കൂട്ടുകെട്ടായ ഐസാം ഉല്‍ ഹഖ് ഖുറൈശി-ജീന്‍ ജൂലിന്‍ റോജര്‍ കൂട്ടുകെട്ടിനെ 6-3, 6-4 എന്ന സ്‌കോറിലാണ് തോല്‍പ്പിച്ചത്. മാര്‍ക്കിന്റെ പരിക്കാണ് വില്ലനായത്. മികച്ച പ്രകടനമാണ് സ്‌പെയിന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. നിര്‍ഭാഗ്യവശാല്‍ കാണികള്‍ക്കു ഭാഗ്യമുണ്ടായില്ല. ഫൈനലില്‍ മികച്ച മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കാം-പേസ് പറഞ്ഞു.
സിംഗിള്‍സില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പൊട്രോയോട് തോറ്റ അമേരിക്കന്‍ താരം ആന്‍ഡി റോഡിക് സജീവ കളിയില്‍ നിന്നും വിരമിച്ചു. യുഎസ് ഓപണിനുശേഷം വിരമിക്കുമെന്ന് റോഡിക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 6-7, 7-6, 6-2, 6-4 എന്ന സ്‌കോറിനാണ് 20ാം സീഡായ റോഡിക്കിനെ മുന്‍ ചാംപ്യനായ ഡെല്‍പൊട്രൊ തോല്‍പ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല