യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം ഫൈനലില്‍ സെറിന വില്യംസും വിക്ടോറിയ അസരെങ്കയും ഏറ്റുമുട്ടും. ഇറ്റാലിയന്‍ വിസ്മയം സാറാ ഇറാനിയെ 6-1, 6-2 തോല്‍പ്പിച്ചാണ് അമേരിക്കന്‍ താരം ഫൈനലിലെത്തിയത്. 14 ഗ്രാന്‍സ്ലാം കിരീടവും ലണ്ടന്‍ ഒളിംപിക്‌സ് സിംഗിള്‍സ് കിരീടവും നേടിയിട്ടുള്ള സെറിന 64 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സാറയെ കീഴടക്കിയത്.
വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ റഷ്യന്‍ താരം മരിയ ഷറപ്പോവയെ തറപറ്റിച്ചാണ് ബെലാറസില്‍ നിന്നുള്ള ടോപ്‌സീഡ് അവസാന രണ്ടില്‍ ഇടംപിടിച്ചത്. ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കാണ് അസരെങ്ക ജയിച്ചത്. ആദ്യ സെറ്റ് 3-6ന് കൈവിട്ടതിനുശേഷം 6-2, 6-4 എന്ന സ്‌കോറില്‍ ഗംഭീര തിരിച്ചുവരവാണ് അസരെങ്ക നടത്തിയത്. ഞായറാഴ്ചയാണ് ഫൈനല്‍.
ടോപ് സീഡ് താരമാണെങ്കിലും അസരെങ്ക ആദ്യമായിട്ടാണ് യുഎസ് ഓപണ്‍ ഫൈനലില്‍ കടക്കുന്നത്. മരിയ വല്ലാത്തൊരു പോരാളിയാണ്. വ്യക്തമായ താളം കണ്ടെത്താന്‍ സാധിക്കാത്തത് ആദ്യ സെറ്റില്‍ തിരിച്ചടിയായി. എങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചത് അനുഗ്രഹമായി-മത്സരശേഷം ലോക ഒന്നാം നമ്പര്‍ താരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വീണ്ടും ഫൈനലിലെത്താന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഈ വര്‍ഷം കിരീടം നേടണമെന്നതാണ് സ്വപ്നം. പക്ഷേ, വിക്ടോറിയയ്ക്കും ഇതാണു വേണ്ടത്-മത്സരത്തിനുശേഷം സെറിന പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല