ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ചിത്രം മോണാലിസ ജന്മദേശമായ ഇറ്റലിക്ക് മടക്കി തരണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പെയ്ന്‍. നിലവില്‍ പാരീസിലെ ലോവ്ര്‍ മ്യൂസിയത്തിലാണ് മോണോലിസ സൂക്ഷിച്ചിട്ടുളളത്. ഇത് ഡാവിഞ്ചിയുടെ ജന്മനഗരമായ ഫ്‌ളോറന്‍സിലേക്ക് മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ക്യാമ്പെയ്ന്‍ തുടങ്ങിയിട്ടുളളത്. ഇതിനായി ഒന്നരലക്ഷം പേര്‍ ഒപ്പിട്ട ഭീമന്‍ നിവേദനം ലോവ്ര്‍ മ്യൂസിയത്തിന് ഉടന്‍ സമര്‍പ്പിക്കും. ഇറ്റലിയിലെ ഉഫിസി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ചിത്രം 20 നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പാരീസിലെ ലോവ്ര്‍ മ്യൂസിയത്തിലേക്ക് മാറ്റിയത്. ഇറ്റലിയിലെ നാഷണല്‍ കമ്മിറ്റി ഫോര്‍ ഹിസ്‌റ്റോറിക്കല്‍, കള്‍ച്ചറല്‍, എണ്‍വയോണ്‍മെന്റല്‍ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിലാണ് പരാതി തയ്യാറാക്കുന്നത്.
പെയ്ന്റിംഗ് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിലെ സാംസ്‌കാരിക മന്ത്രിക്ക് ഔദ്യോഗികമായി അപേക്ഷ നല്‍കുമെന്ന് കമ്മിറ്റിയുടെ പ്രസിഡന്റ് സില്‍വാനോ വിന്‍സെന്റി പറഞ്ഞു. പെയിന്റിംഗ് തിരികെ നല്‍കുന്നതിന് പ്രതീകാത്മകവും ധാര്‍മ്മികവുമായ ബാധ്യത ഫ്രാന്‍സിനുണ്ടന്നും അത് ചരിത്രത്തില്‍ എക്കാലവും വിലപിടിച്ച നിമിഷങ്ങളായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കമ്മിറ്റിയുടെ ആവശ്യം ലോവ്ര്‍ മ്യൂസിയം നിരസിച്ചതായാണ് അറിയുന്നത്. ഇറ്റലിയില്‍ ലാ ജിയോകോണ്‍ഡ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാസ്റ്റര്‍പീസിന് വേണ്ടി ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ശരിയല്ലെന്നാണ് ലോവ്ര്‍ മ്യൂസിയം അധികൃതരുടെ വാദം.
1503ല്‍ ഇറ്റലിയില്‍ വച്ചാണ് ലിയനാര്‍ഡോ മോണോലിസ വരയ്ക്കാന്‍ ആരംഭിച്ചതെന്നാണ് കരുതുന്നത്. ഇറ്റലിയിലെ സമ്പന്നനായ സില്‍ക്ക് വ്യാപാരിയുടെ ഭാര്യ ആയിരുന്ന ലിസ ഡെല്‍ ജിയോകോണ്‍ഡോയുടെ ചിത്രമാണ് ഇതെന്നാണ് ഇറ്റലിക്കാരുടെ വാദം. എന്നാല്‍ 1516ല്‍ ലിയനാര്‍ഡോ പാരീസിലേക്ക് താമസം മാറ്റുമ്പോള്‍ ചിത്രവും ഒപ്പം കൊണ്ടുപോവുകയായിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ഫ്രഞ്ച് രാജകുടുംബം വാങ്ങിയ ഈ ചിത്രം പിന്നീട് ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ലോവ്ര്‍ മ്യൂസിയത്തിലേക്ക് മാറ്റുകയായിരുന്നു.
നവോത്ഥാന കാലഘട്ടത്തില്‍ ഉണ്ടായ മികച്ച രചനകളിലൊന്നായാണ് മോണോലിസ കണക്കാക്കുന്നത്. 1911ല്‍ പാരീസിലെ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയ മോണോലിസ പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ലോവ്ര്‍ മ്യൂസിയത്തിലെ ഉദ്യോഗസ്ഥനും ഇറ്റാലിയന്‍ ദേശസ്‌നേഹിയുമായ വിന്‍സെനോ പെരുഗ്വേയുടെ ഫ്‌ളോറന്‍സിലെ വീട്ടില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഉഫിസിയിലെ മ്യൂസിയത്തില്‍ കുറച്ച് കാലം പ്രദര്‍ശിപ്പിച്ച ശേഷം ചിത്രം വീണ്ടും ലോവ്ര്‍ മ്യൂസിയത്തിലേക്ക് തിരികെ നല്‍കുകയായിരുന്നു.നിലവില്‍ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലാണ് ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല