വിദ്യാര്‍ത്ഥി വിസകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് യുകെ യൂണിവേഴ്‌സിറ്റികളുടെ കൂടി ടയര്‍ ഫോര്‍ സ്‌പോണസര്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയതായി യുകെ ബോര്‍ഡര്‍ ഏജന്‍സി. വിദേശ വിദ്യാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനും പഠിപ്പിക്കുന്നതിനുമാണ് യൂണിവേഴ്‌സിറ്റികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ യൂണിവേഴ്‌സിറ്റികള്‍ക്കാണ് വിലക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന വിവരങ്ങള്‍ യുകെബിഎ പുറത്തുവിട്ടിട്ടില്ല. വിസ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌പോണ്‍സര്‍ ലൈസന്‍സ് യുകെബിഎ റദ്ദാക്കിയിരുന്നു. എന്നാല്‍ ഈ രണ്ട് യൂണിവേഴ്‌സിറ്റികളുടേയും ചട്ടലംഘനം ലണ്ടന്‍ മെറ്റ് യൂണിവേഴ്‌സിറ്റിയുടെ അത്ര ഗൗരവമുളളതല്ലെന്നും പ്രശ്‌നം പരിഹരിച്ചാല്‍ ഉടന്‍ ലൈസന്‍സ് പുനസ്ഥാപിക്കാവുന്നതാണന്നും യുകെബിഎ അറിയിച്ചു.
ലണ്ടന്‍മെറ്റ് യൂണിവേഴ്‌സിറ്റിയിലെ 101 സാമ്പിള്‍ കേസുകളില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്കും യുകെയില്‍ തുടരാന്‍ അര്‍ഹത ഇല്ലാത്തവരാണ്. ലണ്ടന്‍ മെറ്റിലെ 600 വിദേശ വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനവും വിസ ചട്ടങ്ങള്‍ ലംഘിച്ച് യുകെയില്‍ കഴിയുന്നവരാണെന്ന് യുകെബിഎ കണ്ടെത്തിയിരുന്നു. ലണ്ടന്‍ മെറ്റ് യൂണിവേഴ്‌സിറ്റിയുടെ കേസ് ഗൗരവത്തോടെയാണ് ഗവണ്‍മെന്റ് കാണുന്നതെന്ന് കുടിയേറ്റ കാര്യമന്ത്രി ഡാമിയന്‍ ഗ്രീന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങള്‍ പോലും ലണ്ടന്‍ മെറ്റ് യൂണിവേഴ്‌സിറ്റി പാലിച്ചിട്ടില്ലെന്ന് ഡാമിയന്‍ ഗ്രീന്‍ കുറ്റപ്പെടുത്തി. വീണ്ടും വിസ നല്‍കാന്‍ ലണ്ടന്‍മെറ്റിന് അനുമതി നല്‍കിയാല്‍ അതൊരു ദുരന്തമാകുമെന്നും ഗ്രിന്‍ പറഞ്ഞു.
വിദേശ വിദ്യാര്‍ത്ഥികളെ സ്വന്തം സ്ഥാപനത്തിലേക്ക് അഡ്മിറ്റ് ചെയ്യുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ വിസയ്ക്ക് യോഗ്യതയുളളവരാണോ എന്ന് പ്രത്യേകം പരിശോധിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ അറ്റന്‍ഡന്‍സ് പരിശോധിക്കാന്‍ സൗകര്യമുണ്ടാക്കണമെന്നും മന്ത്രി എംപിമാരോട് സംസാരിക്കവേ വ്യക്തമാക്കി. ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തങ്ങള്‍ നല്‍കുന്ന വിദ്യഭ്യാസം ഗുണനിലവാരമുളളതായിരിക്കാനും കുടിയേറ്റ നിയമങ്ങള്‍ പാലിക്കുന്നത് തങ്ങളുടെ ചുമതലയായി കാണാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
വിസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ കത്തുകള്‍ അയച്ച് തുടങ്ങി. ഒക്ടോബര്‍ ഒന്നു മുതല്‍ അറുപത് ദിവസത്തിനുളളില്‍ രാജ്യം വിട്ട് പോകുകയോ പഠനത്തിനായി മറ്റൊരു യൂണിവേഴ്‌സിറ്റി കണ്ടെത്തുകയോ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ലണ്ടന്‍ മെറ്റ് യൂണിവേഴ്‌സിറ്റിയിലെ 2700ല്‍ പരം വിദേശ വിദ്യാര്‍ത്ഥികളാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. യുകെബിഎയുടെ നടപടിയ്‌ക്കെതിരേ അടിയന്തിരമായി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ലണ്ടന്‍ മെറ്റ് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല